പരിഷത്ത് ഗവേഷണരംഗത്ത്
ഗ്രാമീണ അക്കാദമി
ഗ്രാമശാസ്ത്രസമിതി പ്രവർത്തനത്തിലൂടെയാണ് പരിഷത്തിൽ ഗവേഷണം ഒരു അജണ്ടയായിത്തീരുന്നത്. ഉൽപ്പാദനരംഗത്താണ്, മനുഷ്യനും പ്രകൃതിക്കും തമ്മിലുള്ള ഇടതലത്തിലാണ് ശാസ്ത്രം ജീവത്തായിരിക്കുന്നത്; കൃഷിയിലും വ്യവസായത്തിലും.
കേരളത്തിലെ കാർഷികമേഖലയിൽ ഒരു ഹെക്ടറിൽ ഒരു വർഷം, ഇവിടത്തെ മണ്ണും കാലാവസ്ഥയും വച്ചു നോക്കുമ്പോൾ, സാധ്യമായ ഉൽപ്പാദനത്തിന്റെ മൂന്നിലൊന്നുപോലും നാം ഉൽപ്പാദിപ്പിക്കുന്നില്ല എന്ന് പരിഷത്ത് തിരിച്ചറിഞ്ഞു. ഏറ്റവും പ്രധാനപ്പെട്ട വിളയായ തെങ്ങിന്റെ (മൊത്തം കൃഷി ഭൂമിയുടെ 40 ശതമാനം വരും ഇത്) ഉൽപ്പാദനക്ഷമത തമിഴ്‌നാട്ടിലേതിന്റെ പകുതി മാത്രമാണ്. ഈ അവസ്ഥക്ക് പല കാരണങ്ങളുമുണ്ട്.
(i) ഭൂപരിഷ്കരണവും തുടർന്നുള്ള ഭാഗം വെക്കലുകളും കാരണം കൃഷി ഭൂമിയുടെ - പാടത്തിന്റെയും പറമ്പിന്റെയും- ഉടമസ്ഥതാവകാശം അത്യന്തം തുണ്ടവൽക്കരിക്കപ്പെട്ടിരിക്കുന്നു. 80 ശതമാനത്തോളം കൃഷിഭൂമിയും കാർഷികേതര വൃത്തികൊണ്ട് ജീവിതം കഴിക്കുന്നവരുടെ കയ്യിലാണ്. അവർക്ക് കൃഷിയിൽ താൽപ്പര്യമില്ല.
(ii) കൃഷിപ്പണിക്ക് ആളെക്കിട്ടാനുമില്ല. ചെറുപ്പക്കാരായ കർഷകത്തൊഴിലാളികളെ കാണാൻ വിഷമം. നാം നൽകുന്ന വിദ്യാഭ്യാസം അവരെ മണ്ണിൽനിന്ന് അകറ്റുന്നു; കായികാധ്വാനത്തിൽ നിന്ന് അകറ്റുന്നു.
(iii) കൂടുതൽ അധ്വാനം ചെലുത്തി ഉൽപ്പാദനം വർധിപ്പിക്കുന്നത് ലാഭകരമല്ല. കൂലിച്ചെലവ് കണ്ടമാനം കൂടുന്നു; ഉൽപ്പന്നവിലയിൽ സ്ഥിരതയില്ല താനും. കൃഷി, കൂടുതൽ കൂടുതൽ ചൂതുകളിയുടെ സ്വഭാവം കൈവരിക്കുകയാണ്.127