യൊരു ചട്ടക്കൂട് സ്വീകരിച്ചത്. ഇന്ന് മനുഷ്യസമൂഹത്തിന്റെ ഇടയിൽ നിലനിൽക്കുന്ന, ഉൽപ്പാദനപ്രവർത്തനങ്ങളിൽ കാണുന്ന ശാസ്ത്ര-സാങ്കേതിക വിജ്ഞാനത്തെ ജീവത്തായ വിജ്ഞാനം എന്നും പുസ്തകങ്ങളുടെ ഏടുകളിൽ കാണുന്നതിനെ മൃതമായ -സ്വയം വളരാത്ത- വിജ്ഞാനമെന്നും രണ്ടായി തരം തിരിക്കാമെന്നും അതിൽ തന്നെ, മുഖ്യമായത് ആദ്യത്തെ തരത്തിൽപ്പെട്ട ജീവത്തായ വിജ്ഞാനമാണെന്നും അതിലൂടെയല്ലാതെ മൃതവിജ്ഞാനത്തിന് ജീവൻ കൈവരിക്കാൻ കഴിയുകയില്ലെന്നും ഉള്ള തിരിച്ചറിവാണ് ഇതിലേക്ക് പരിഷത്തിനെ നയിച്ചത്. അതുകൊണ്ട് ജനങ്ങളുടെയിടയിൽ ശാസ്ത്രവിജ്ഞാനവും ശാസ്ത്രബോധവും പ്രചരിപ്പിക്കുന്നതിന് വായനയുടെ ലോകത്തിൽ മാത്രമായി ഒതുങ്ങിക്കൂടിയാൽ പറ്റില്ലെന്നും ഉൽപ്പാദനത്തിന്റെ മേഖലയിൽക്കൂടി പ്രവർത്തിക്കണമെന്നും പരിഷത്ത് ബോധപൂർവം തീരുമാനമെടുത്തു. ഇതാണ് ഗ്രാമശാസ്ത്രസമിതികൾ എന്ന ആശയത്തിലേക്ക് പരിഷത്തിനെ നയിച്ചത്. ശാസ്ത്രത്തിന്റെ ചരിത്രപരതയും പ്രയോഗപരതയും ഏറ്റവും വ്യക്തമായി കാണാവുന്ന ഉൽപ്പാദനമേഖലകൾ നിലകൊള്ളുന്നത് ഗ്രാമങ്ങളിലാണ്.
തുടർന്നുള്ള ഒന്നരപ്പതിറ്റാണ്ടുകാലം ജനകീയ ശാസ്ത്രപ്രസ്ഥാനം എന്ന സങ്കൽപ്പനത്തിന്റെ ഗുണാത്മകവും പരിമാണാത്മകവുമായ വികാസത്തിന്റെ കാലഘട്ടമാണ്. പരിഷത്തിന്റേതിന് ഏതാണ്ട് സദൃശമായ കാഴ്ചപ്പാടുകളുള്ള ഒട്ടനവധി സംഘടനകളും ഗ്രൂപ്പുകളും ഇന്ത്യയുടെ നാനാഭാഗങ്ങളിലായി രൂപപ്പെട്ടുവരുന്നുണ്ടായിരുന്നു. അവയെ എല്ലാം പങ്കെടുപ്പിച്ചുകൊണ്ട് ഒരു അഖിലേന്ത്യാ കോൺഫറൻസ് സംഘടിപ്പിക്കാൻ പരിഷത്ത് തീരുമാനിച്ചു. 1978ൽ നടന്ന ഈ കോൺഫറൻസിന്റെ നാമകരണത്തിനുവേണ്ടിയാണ് അതിൽ പങ്കെടുക്കുന്ന സംഘടനകളുടെ സ്വഭാവസാദൃശ്യം വ്യക്തമാക്കുന്ന People's Science Movement -ജനകീയ ശാസ്ത്രപ്രസ്ഥാനം എന്ന പദത്തിന് രൂപം നൽകിയത്. 1987ൽ നടന്ന ഭാരത ജനവിജ്ഞാന ജാഥയും അതിനു ശേഷം നടന്ന ഒന്നാം അഖിലേന്ത്യാ ജനകീയ ശാസ്ത്രകോൺഗ്രസും അതിൽവച്ച് ആൾ ഇന്ത്യാ പീപ്പിൾസ് സയൻസ് നെറ്റ് വർക്ക് രൂപം കൊണ്ടതും കൂടി ആയപ്പോഴേക്ക് ജനകീയ ശാസ്ത്രപ്രസ്ഥാനം പ്രായപൂർത്തി കൈവരിച്ചതായി കണക്കാക്കാം. ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും അതിന്റെ ഇതളുകൾ വിരിഞ്ഞു കഴിഞ്ഞിരുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്താകട്ടെ ഇതിനകം ഇന്ത്യയ്ക്കകത്തും പുറത്തും അറിയപ്പെടുന്നതും ആദരിക്കപ്പെടുന്നതുമായ ഒരു സംഘടനയായിത്തീർന്നിരുന്നു.
അങ്ങനെ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഉൽപ്പത്തിയും ജനകീയ ശാസ്ത്രപ്രസ്ഥാനമായി അത് മാറുന്നതും ആണ് ഒന്നാം ഭാഗത്തിൽ കൊടുത്തിരിക്കുന്നത്. രണ്ടാമത്തെ, താരതമ്യേന കൂടുതൽ സ്ഥൂലമായ ഭാഗം പരിഷത്തിന്റെ വികാസവും നാനാ മേഖലകളിലുമായി അത് നടത്തിയിട്ടുള്ള