കയുണ്ടായി. പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ ഐ.എസ്. ഗുലാത്തി ഡോ.എ.എം. സലിം മുതലായി കേരളത്തിൽ കിട്ടാവുന്ന ഏറ്റവും നല്ല വിദഗ്‌ധരെ അതിൽ പങ്കെടുപ്പിക്കുകയുണ്ടായി. എന്നാൽ പല കാരണങ്ങൾ കൊണ്ടും പരിപാടി മുന്നോട്ടുപോയില്ല. വികസന ഉദ്യോഗസ്ഥരുടെ ചർച്ചകൾ കാര്യമായൊന്നും നടന്നില്ല.
എറണാകുളം സാക്ഷരതാ പ്രവർത്തനത്തിന്റെ ഒപ്പം നടന്ന ഒരു പ്രധാന പ്രവർത്തനമായിരുന്നു 1989 ആഗസ്റ്റ് 17 മുതൽ 27 വരെ നടത്തിയ വികസന ജാഥ. ആസൂത്രണവും വികസന പ്രവർത്തനങ്ങളും വികേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയെ കേരളത്തിന്റെ സവിശേഷ സാഹചര്യവുമായി ബന്ധപ്പെടുത്തിക്കൊണ്ട് ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കുകയും അവരെ അതിന് സജ്ജമാക്കുകയുമെന്നതായിരുന്നു ജാഥയുടെ ലക്ഷ്യം. ജാഥയുടെ മുദ്രാവാക്യം തന്നെ അധികാരം ജനങ്ങൾക്ക് എന്നതായിരുന്നു. ജാഥയ്ക്ക് മുമ്പുതന്നെ പഞ്ചായത്ത് രാജ് സംവിധാനവും വികേന്ദ്രീകൃതാസൂത്രണ പ്രക്രിയയും ഫലപ്രദമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പശ്ചിമബംഗാളിലെയും കർണാടകത്തിലെയും പ്രവർത്തനങ്ങൾ നേരിൽ കണ്ടു മനസ്സിലാക്കാൻ പരിഷത്ത് പഠനസംഘങ്ങൾ പ്രസ്തുത സംസ്ഥാനങ്ങളിൽ പര്യടനം നടത്തിയിരുന്നു. ഏതാനും വികസന ഗീതങ്ങൾ, ഒരു സ്കിറ്റ്, ഒന്നോ രണ്ടോ ലഘു പ്രസംഗം ഇതായിരുന്നു ജാഥയുടെ രൂപം. ആകെ 47 ജാഥകൾ ഉണ്ടായിരുന്നു. ഏറിയ പങ്കും ഗ്രാമങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ജാഥ നടത്തിയത്. 925 പഞ്ചായത്തുകളിലും ഒരു ടൗൺഷിപ്പിലുമായി 1604 കേന്ദ്രങ്ങളിൽ ജാഥയെത്തിച്ചേരുകയുണ്ടായി. 700 പ്രവർത്തകർ ജാഥയിൽ മുഴുവൻ ദൂരം സഞ്ചരിച്ചു. ജാഥയുടെ മുന്നോടിയായി പത്തു ജില്ലകളിൽ ഡോ. തോമസ് ഐസക് പ്രവർത്തകർക്ക് ക്ലാസ്സുകൾ എടുക്കുകയുണ്ടായി. താൻ പ്ലാനിങ് ബോർഡ് അംഗമാകുമെന്നോ, മന്ത്രിയാകുമെന്നോ പ്രസംഗിച്ച കാര്യങ്ങൾ കൂടുതൽ വലിയ തോതിൽ പിന്നീട് നടപ്പിലാക്കാൻ പറ്റിയേക്കുമെന്നോ അതിന് ബാധ്യസ്ഥനാകുമെന്നോ അന്ന് ഐസക് വിചാരിച്ചു കാണില്ല.
വികസന ജാഥയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ലഘുലേഖയിൽ ജാഥ യുടെ ലക്ഷ്യങ്ങൾ ഇങ്ങനെ വിവരിച്ചിരുന്നു.
1. കേരളത്തിന്റെ വികസനം, വികേന്ദ്രീകൃതാസൂത്രണം, പഞ്ചായത്തീരാജ് എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ കാഴ്ചപ്പാട് ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുകയും ഗൗരവമേറിയ വികസന പ്രവർത്തനങ്ങൾ കണ്ടെത്താനും പഠിക്കാനും ജനങ്ങളെ സഹായിക്കുകയും ചെയ്യുക.
2. അധികാരവികേന്ദ്രീകരണം ഫലപ്രദമായി നടപ്പാക്കുന്നതിന് പദ്ധതികളുടെ രൂപീകരണത്തിലും നിർവഹണത്തിലും ജനപങ്കാളിത്തം വർധിപ്പിക്കുന്നതിനും ശരിയായ വികസനരീതി നടപ്പാക്കുമെന്ന് ഉറപ്പുവരുത്തു