വികസനം
സമഗ്രമായ വികസനത്തിന്റെ അടിത്തറ ആയാണ് പരിഷത്ത് സാക്ഷരതാ പ്രവർത്തനത്തെ കണ്ടത്. അക്ഷര സാക്ഷരത മാത്രം പോര, വിഭവസാക്ഷരത, ശാസ്ത്രസാക്ഷരത മുതലായവയും ആവശ്യമാണെന്ന് പരിഷത്തിന് അറിയാമായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പരിഷത്ത് രൂപീകരിക്കപ്പെട്ടതുതന്നെ. തുടക്കത്തിൽ ശാസ്ത്രസാക്ഷരതയിലാണ് ഊന്നിയിരുന്നതെന്നു മാത്രം. ഗ്രാമശാസ്ത്രസമിതികളുടെ രൂപീകരണത്തോടെയാണ്
വിഭവസാക്ഷരത ഒരു പ്രധാന അജണ്ടയായിത്തീരുന്നത്.
1979-81 കാലത്തുതന്നെ പഞ്ചായത്ത് പ്രതിനിധികളുമായി തദ്ദേശ വികസനത്തിന്റെ പ്രശ്നങ്ങൾ ചർച്ചചെയ്യാൻ ഒരു ശ്രമം നടത്തുകയുണ്ടായി. അത് ഭാഗികമായേ വിജയിച്ചുള്ളൂ. ഗ്രാമശാസ്ത്രസമിതികളുടെ പ്രവർത്തനം മന്ദഗതിയിലാവുകയും അവസാനം അവയെല്ലാംതന്നെ പരിഷത്തായി മാറുകയും ചെയ്തു. 1985ൽ ആണ് വികസനം വീണ്ടും ഗൗരവമായ പഠനത്തിന് വിധേയമാകുന്നത്. 22-ാം വാർഷികത്തിൽ വച്ച്, ഡോ. കെ.എൻ. രാജ് അടക്കം പല വിദഗ്‌ധരും പങ്കെടുത്ത ഒരു സെമിനാർ അതിനോടനുബന്ധിച്ചു നടത്തുകയുണ്ടായി. പ്രാഥമികമേഖലയിലെ വികസനമായിരുന്നു ആ സെമിനാറിൽ ഊന്നിയത്. 1986ൽ എറണാകുളം വാർഷികത്തിൽ വച്ച് നടന്ന സെമിനാറിൽ ആധുനിക വ്യവസായവും 1987ൽ കൊല്ലത്ത് വച്ച് പരമ്പരാഗതവ്യവസായവും ചർച്ച ചെയ്യപ്പെട്ടു. ഇവയെല്ലാം കൂട്ടിച്ചേർത്താണ് പരിഷത്തിന്റെ 25-ാം വാർഷികത്തിന്റെ ഭാഗമായി കേരളത്തിന്റെ 8-ാം പദ്ധതി: ചർച്ചകൾക്കൊരാമുഖം എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത്. അതിന്റെ തുടർച്ചയായിരുന്നു 1989ലെ വികസന ജാഥ.
തെരഞ്ഞെടുത്ത പഞ്ചായത്ത് പ്രസിഡണ്ടുമാർക്കായി കോഴിക്കോട് ജില്ലയിലെ അത്തോളി പഞ്ചായത്തിൽ വച്ച് ഒരു പഠനശിബിരം സംഘടിപ്പിക്കു