ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

പ്രഖ്യാപനം നടത്തിയത്. അത് ഒരേ സമയം കേരള സമ്പൂർണ സാക്ഷരതാ യജ്ഞത്തിന്റെ ഉദ്ഘാടനവും ആയിരുന്നു. നാലഞ്ച് മാസം മുമ്പുതന്നെ കേരളത്തിലെ അവശേഷിക്കുന്ന 13 ജില്ലകളിലും സമ്പൂർണ സാക്ഷരതാ യജ്ഞം തുടങ്ങാനുള്ള പദ്ധതി തയ്യാറാക്കിയിരുന്നു. അതിനു മുൻകൈ എടുത്തതും പരിഷത്തുതന്നെ. കേരള ഗവൺമെന്റിനു വേണ്ടി പദ്ധതി സാക്ഷരതാമിഷന്റെ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ അവതരിപ്പിച്ചത് ഈ ലേഖകൻ തന്നെ ആയിരുന്നു. പദ്ധതി നടത്തിപ്പിന് ചുക്കാൻ പിടിച്ചവരിൽ പ്രധാനികൾ പരിഷത്ത് പ്രവർത്തകരായ കെ.കെ, ജഗജീവൻ, സി.ജി, പി.കെ. രവീന്ദ്രൻ, ഇ.കെ. നാരായണൻ തുടങ്ങിയ പരിഷത്ത് പ്രവർത്തകരും എൻ.എ. കരീം, ഗോപാലൻ തുടങ്ങിയവരും ആയിരുന്നു. മിഷൻ ഡയറക്ടർ പരിഷത്ത് പ്രവർത്തകനായിരുന്ന, ശ്രീ.പി.കെ.ശിവാനന്ദൻ ഐ.എ.എസ് ആയിരുന്നു. 1991 ഏപ്രിൽ 19ന് കേരളം സമ്പൂർണ സാക്ഷര സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടു. 1986ൽ എറണാകുളത്ത് വച്ച് പരിഷത്ത് എടുത്ത പ്രതിജ്ഞ നിറവേറ്റപ്പെട്ടു. അപ്പോഴേയ്ക്കും മറ്റു പല സംസ്ഥാനങ്ങളിലുമായി 30ൽപ്പരം ജില്ലകളിൽ സമ്പൂർണ സാക്ഷരതാപ്രവർത്തനം ആരംഭിച്ചു കഴിഞ്ഞിരുന്നു. മാൽകം എസ്. ആദിശേഷയ്യ ചെയർപേഴ്സനും ഈ ലേഖകൻ സെക്രട്ടറിയുമായ ഭാരത് ഗ്യാൻ വിഗ്യാൻ സമിതി രൂപീകരിച്ചിരുന്നു. 300ൽപ്പരം ജില്ലകളിലായി 40,000ത്തിൽപ്പരം ഗ്രാമങ്ങളുമായി സമ്പർക്കപ്പെട്ടുകൊണ്ട് ഒന്നാമത്തെ ഭാരത് ഗ്യാൻ വിഗ്യാൻ ജാഥ നടന്നു. എല്ലാ സംസ്ഥാനങ്ങളിലും (പശ്ചിമബംഗാളൊഴികെ) ഭാരത് ഗ്യാൻ വിഗ്യാൻ സമിതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ശരിക്കും അഖിലേന്ത്യാതലത്തിൽ ജീവത്തായ ഒരു ജനകീയ സാക്ഷരതാ പ്രസ്ഥാനം രൂപം കൊണ്ടു കഴിഞ്ഞിരുന്നു.

ഇതെല്ലാം കഴിഞ്ഞിട്ട് ഒന്നര പതിറ്റാണ്ടായി. 1990കളുടെ മധ്യമായപ്പോഴേയ്ക്കുംതന്നെ സാക്ഷരതാമിഷന്റെ 'മിഷനും വിഷനും' നഷ്ടപ്പെടാൻ തുടങ്ങിയിരുന്നു. സാക്ഷരതയുടെ ജനകീയ സ്വഭാവം കൈമോശം വരാൻ തുടങ്ങിയിരുന്നു. ഉദ്യോഗസ്ഥവൽക്കരിക്കപ്പെടാൻ തുടങ്ങിയിരുന്നു; സാക്ഷരതാ പ്രസ്ഥാനവും ഭാരത് ഗ്യാൻ വിഗ്യാൻ സമിതിയും ഇടതുപക്ഷത്തിന്റേതാണ് എന്ന ധാരണ ഉദ്യോഗസ്ഥരിൽ ഉറയ്ക്കാൻ തുടങ്ങിയിരുന്നു. BGVS അതിന്റെ പ്രവർത്തനങ്ങൾ മറ്റു മേഖലകളിലേക്ക്, പ്രാഥമിക വിദ്യാഭ്യാസം, കുടിനീർ, വാട്ടർഷെഡ്, ഗ്രാമവികസനം മുതലായ മേഖലകളിലേക്ക്, വ്യാപിപ്പിച്ചു. 2000-മാണ്ടിൽ ബി.ജെ.പി. ഗവൺമെന്റ് അധികാരത്തിൽ വന്നതോടുകൂടി ഗവൺമെന്റുമായുള്ള ബന്ധം തീരെ അറ്റുപോയി.

കേരളത്തിലാകട്ടെ 1991ലെ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന യു.ഡി.എഫ്. ഗവൺമെന്റ് സാക്ഷരതാപ്രവർത്തനം തികച്ചും ബോഗസ് ആയ ഒന്നായിരുന്നു, ഒരു പഠനവും നടന്നിട്ടില്ല, ആരും സാക്ഷരരായിട്ടില്ല, പണം മുഴുവൻ പരിഷത്തിലൂടെ സി.പി.ഐ.(എം.)ലേക്ക് പ്രവഹിക്കു

"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/116&oldid=246188" എന്ന താളിൽനിന്ന് ശേഖരിച്ചത്