യുണ്ടായി. ഏതാണ്ട് 80 ലക്ഷം രൂപ ചെലവു വരുന്ന ഒന്ന്. പദ്ധതി ഔപചാരികമായി സമർപ്പിക്കേണ്ടത് ശാസ്ത്രസാഹിത്യ പരിഷത്താണ്. അതിന്റെ സംസ്ഥാന നിർവാഹക സമിതി തീരുമാനമെടുക്കണം. ഇതിനായി എറണാകുളത്ത് ഒരു പ്രത്യേക നിർവാഹക സമിതി യോഗം ചേർന്നു. ബഹുഭൂരിപക്ഷം പേർക്കും ഇത്ര വലിയ ഒരു പ്രോജക്റ്റ് എടുക്കുന്നതിനോട് യോജിപ്പില്ലായിരുന്നു. കാരണങ്ങൾ പലതാണ്. പ്രോജക്റ്റിന്റെ വലുപ്പം, ഗവൺമെന്റുമായുള്ള സഹകരണത്തിലെ ഭയം, മുൻഗണനാക്രമം..... ഇങ്ങനെ പലതും. എന്നാൽ പ്രോജക്റ്റിൽനിന്ന് പിന്മാറുക എന്നു പറഞ്ഞാൽ, ഗവൺമെന്റ് സംവിധാനത്തിന്റെ പൂർണ പിന്തുണ ഉണ്ടായിട്ടും ആവശ്യമായ വിഭവങ്ങൾ ലഭ്യമാക്കിയിട്ടും പരിഷത്ത് ഉത്തരവാദിത്ത്വം ഏറ്റെടുക്കാൻ തയ്യാറല്ല, വിമർശിക്കാനേ തയ്യാറുള്ളു എന്നാണ് അർഥം. അവസാനം പദ്ധതി സമർപ്പിക്കാൻ നിർവാഹകസമിതി തീരുമാനിച്ചു. ഞാനാണ് പരിഷത്തിനുവേണ്ടി ഗ്രാന്റ് ഇൻഎയ്‌ഡ് കമ്മിറ്റിയിൽ പ്രോജക്റ്റ് അവതരിപ്പിച്ചത്. സെക്രട്ടറി അടക്കമുള്ള ഉയർന്ന ഉദ്യോഗസ്ഥരുടെ കൂടി ആവശ്യമായതിനാൽ ഒരു തടസ്സവും കൂടാതെ പദ്ധതിക്ക് അനുവാദം കിട്ടി.
പരിഷത്ത് പ്രവർത്തകരെ സംബന്ധിച്ചിടത്തോളം എറണാകുളം സാക്ഷരതാ പ്രവർത്തനം മറക്കാനാവാത്ത ഒരു കാലഘട്ടമാണ്. പിൽക്കാലത്ത് ഇന്ത്യയിൽ ആകെ വ്യാപിച്ച സമ്പൂർണ സാക്ഷരതാ ക്യാമ്പെയിന്റെ അടിസ്ഥാന ഘടകങ്ങൾ എല്ലാം രൂപപ്പെട്ടത് എറണാകുളത്തായിരുന്നു. അതിനാൽതന്നെ എറണാകുളം മോഡൽ (കേരള മോഡലിനെപ്പോലെ) എന്ന ഒരു പ്രയോഗശൈലി കൂടി സംജാതമായി. എന്താണ് ഈ എറണാകുളം മാതൃകയുടെ സവിശേഷതകൾ ?
- പദ്ധതിയെ ഒരു ജനകീയ ഉത്സവമാക്കി രൂപാന്തരപ്പെടുത്തി.
- ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും തോളോടുതോൾ ചേർന്ന് പ്രവർത്തിച്ചു.
- ഉദ്യോഗസ്ഥവൃന്ദവും ജനങ്ങളും തമ്മിലുള്ള അകലം ബോധപൂർവം കുറച്ചു
- ജില്ലാ-ബ്ലോക്ക് പഞ്ചായത്ത് വാർഡുതല കമ്മിറ്റികൾ രൂപീകരിച്ച് ആയിരക്കണക്കിന് പൗരന്മാരെ പങ്കാളികളാക്കി.
- 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒന്നായി സാക്ഷരതാ ഓഫീസിനെ മാറ്റി; പുറത്തുനിന്ന് പൂട്ടാതാക്കി.
- പഠനസാമഗ്രികൾ, പ്രൈമറുകൾ, വളണ്ടിയർമാർക്ക് അധികവായനാ ഗ്രന്ഥങ്ങൾ എല്ലാം സസൂക്ഷ്മം തയ്യാറാക്കി.
1990 ഫെബ്രുവരി 4ന് എറണാകുളം സമ്പൂർണ സാക്ഷരജില്ല ആയി പ്രഖ്യാപിക്കപ്പെട്ടു. എറണാകുളത്തുനിന്ന് കൊളുത്തിയ ദീപശിഖ മുഖ്യമന്ത്രി നായനാർക്ക് കൈമാറിക്കൊണ്ടാണ് പ്രധാനമന്ത്രി വി.പി.സിങ്ങ് ഈ