ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

എറണാകുളത്ത് വച്ചുനടന്ന 23-ാം വാർഷികത്തിൽ, അഞ്ചുകൊല്ലംകൊണ്ട് കേരളത്തെ സമ്പൂർണ സാക്ഷരമാക്കും എന്ന് പരിഷത്ത് പ്രതിജ്ഞയെടുത്തു. യുദ്ധകാലാടിസ്ഥാനത്തിലുള്ള ഒരു പ്രവർത്തനമായിരിക്കണമിതെന്നും, യുദ്ധത്തിലെന്നപോലെ സ്ഥലകാലതന്ത്രങ്ങൾ ആവിഷ്കരിക്കണമെന്നും എം.കെ.പി. വളണ്ടറി റിട്ടയർമെന്റ് എടുത്ത് ഈ സേനയുടെ സർവസൈന്യാധിപത്യം വഹിക്കണമെന്നും ഫീൽഡ് മാർഷൽ ആയി സി.ജി.യെ നിയോഗിക്കണമെന്നും മലപ്പുറം ജില്ലയിലെ ഒരു പഞ്ചായത്തിനെ ആദ്യത്തെ വെടി പൊട്ടിക്കുന്നതിനുള്ള വേദിയാക്കണമെന്നും ഇതിന് ഡോ. ബി.ഇക്ബാലിന്റെ പ്രത്യേക സഹായം ഉണ്ടായിരിക്കണമെന്നും ഒക്കെ നിർദേശിക്കപ്പെട്ടു. അത്തരത്തിലുള്ള ഒരു പഞ്ചവത്സരപദ്ധതിക്ക് രൂപം നൽകി കേന്ദ്രത്തിലെ വിദ്യാഭ്യാസ സെക്രട്ടറിക്ക് അയക്കുകയും ചെയ്തു. എന്നാൽ സാക്ഷരതാ മിഷനൊന്നും അന്നുണ്ടായിരുന്നില്ല. ആ പദ്ധതി നടപ്പാക്കാൻ അവർക്ക് പരിപാടികളോ വകുപ്പുകളോ ഉണ്ടായിരുന്നില്ല. പിന്നീടൊരിക്കൽ കണ്ടപ്പോൾ ബോർദിയ ചോദിക്കുകയുണ്ടായി. യുദ്ധത്തിന്റെ ഭാഷയാണോ സാക്ഷരതയ്ക്ക് നല്ലത്? സമാധാനത്തിന്റെ ഭാഷയല്ലേ? നിരക്ഷരതയോടുള്ള എതിർപ്പിൽ നിന്നുളവാകുന്ന വികാരവും അവശ്യംവേണ്ട അഡ്രിനാലിൻ സ്രവണവും ഉണ്ടായാലേ ഇത്തരമൊരു പദ്ധതി നടപ്പാകൂ എന്ന തോന്നലായിരുന്നു ഉണ്ടായിരുന്നത്.

1988ൽ ആണ് സാക്ഷരതാ മിഷൻ രൂപീകരിക്കപ്പെടുന്നത്. അതിന്റെ എക്സിക്യൂട്ടുവ് കൗൺസിലിൽ ഞാൻ അംഗമായിരുന്നു. പരിഷത്തിന്റെ മുൻ വൈസ് പ്രസിഡണ്ടായിരുന്ന ശ്രീ. കെ.ആർ.രാജൻ അന്ന് എറണാകുളം ജില്ലാ കളക്ടറായിരുന്നു. പുതിയ സാക്ഷരതാ മിഷന്റെ കീഴിൽ ഒരൊറ്റ കൊല്ലം കൊണ്ട് എറണാകുളം ജില്ലയെ സമ്പൂർണ സാക്ഷരമാക്കാൻ ഒരു പദ്ധതി തയ്യാറാക്കിക്കൂടെ എന്ന് കെ.ആർ. രാജനോട് ചോദിച്ചു. എന്നോടും പറഞ്ഞു. രാജൻ ഉത്സാഹഭരിതനായി. ഒരു ദിവസം തിരുവനന്തപുരത്ത് പാറ്റൂരുള്ള പരിഷത്ത് ഓഫീസിൽ വന്നു. ഒരു കരട് പദ്ധതിക്ക് അവിടെവച്ച് രൂപം കൊടുത്തു. ഏതാണ്ട് ഒരു കോടി രൂപയോളം ചെലവ് വന്നേക്കാവുന്ന ഒന്ന്. കിട്ടാവുന്ന സെക്കണ്ടറി വിവരങ്ങൾ വച്ചുകൊണ്ട് പദ്ധതിയുടെ സൂക്ഷ്മാംശങ്ങൾ തയ്യാറാക്കാമെന്ന് ഏറ്റ് രാജൻ പോയി. അടുത്ത തവണ ഡെൽഹിയിൽ ചെന്നപ്പോൾ ശ്രീ.ബോർദിയയോട് ഇതേപ്പറ്റി സംസാരിച്ചു. അത്ര വലിയ പദ്ധതികളൊന്നും അതേവരെ അവരുടെ പരിഗണനയിലോ കാഴ്ചപ്പാടിലോ ഇല്ലായിരുന്നു. എങ്കിലും "ശാസ്ത്രസാഹിത്യ പരിഷത്ത് അങ്ങനെ ഒരു പദ്ധതി സമർപ്പിക്കുകയാണെങ്കിൽ അത് പരിഗണിക്കുന്നതാണ്. കളക്ടർക്ക് നേരിട്ട് പണം കൊടുക്കാൻ വകുപ്പില്ല" - ബോർദിയ പറഞ്ഞു. പദ്ധതിയുടെ വിശദാംശങ്ങൾ തയ്യാറാക്കാൻ തന്റെ കീഴുദ്യോഗസ്ഥരുടെ സേവനം കളക്ടർ വിട്ടുതന്നു. അങ്ങനെ ഒരു പദ്ധതി

"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/114&oldid=240358" എന്ന താളിൽനിന്ന് ശേഖരിച്ചത്