ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Janakeeyasasthra prastanam.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

പോലെ മുളച്ചു പൊന്താൻ തുടങ്ങിയിരുന്നു. പരിഷത്ത് തയ്യാറാക്കിയ പദ്ധതി അയച്ചുകൊടുക്കാൻ തയ്യാറായില്ലെങ്കിലും ഇവർ തയ്യാറാക്കിയ പദ്ധതികളെല്ലാം കേന്ദ്രത്തിലേക്ക് അയച്ചുകൊടുക്കാൻ കേരള ഗവൺമെന്റ് തയ്യാറായി.

ആയിടക്ക്, സയൻസ് ക്രീം പുസ്തകങ്ങൾക്ക് കൺസഷൻ നിരക്കിലുള്ള അച്ചടിക്കടലാസ്സിന് അനുവാദം വാങ്ങാനായി ദില്ലിയിൽ വിദ്യാഭ്യാസ വകുപ്പിലെ ജോയന്റ് സെക്രട്ടറി ആയിരുന്ന അനിൽ ബോർദിയയെ ചെന്നു കാണേണ്ടിവന്നു. അദ്ദേഹത്തിന് പരിഷത്തിനെ നല്ല പോലെ അറിയാമായിരുന്നു. NAEPയുടെ ഉത്തരവാദിത്ത്വം അദ്ദേഹത്തിനായിരുന്നു. സാക്ഷരതയ്ക്ക് വേണ്ടി അരങ്ങിലെത്തിയിട്ടുള്ള NGOകളിൽ പലതും സംശയാസ്പദങ്ങളാണെന്ന ഭയം അദ്ദേഹത്തെ അറിയിച്ചു. കേരളത്തിൽനിന്ന് അയച്ചുകിട്ടിയ പദ്ധതികളുടെ ലിസ്റ്റ് തന്ന് ഇവയിൽ പരിഷത്തിന് സംശയാസ്പദമായവ ഏവ എന്നദ്ദേഹം ചോദിച്ചു. ചിലവ പറഞ്ഞുകൊടുത്തു. അവയെപ്പറ്റി ഒന്നുകൂടി അന്വേഷിച്ച് വീണ്ടും ശുപാർശ ചെയ്യണമെന്ന് അദ്ദേഹം കേരള ഗവൺമെന്റിന് എഴുതി. മിക്കവയും അവിടെ അവസാനിച്ചു. തമിഴ്നാട് അയച്ചു കൊടുത്ത ലിസ്റ്റും പുനഃപരിശോധനയ്ക്കായി അയച്ചുകൊടുത്തു. പകുതിയിലധികം തിരിച്ചു വന്നില്ലെന്ന് പിന്നീടൊരിക്കൽ കണ്ടപ്പോൾ അനിൽ ബോർദിയ പറഞ്ഞു. NAEP ജനിച്ച് ഏറെ താമസിയാതെതന്നെ രോഗാണുബാധിതമായി എന്ന് വ്യക്തമായി. രോഗബാധ ഏൽക്കുന്നതിനുമുമ്പുതന്നെ അതിൽനിന്ന് രക്ഷപ്പെടാൻ പരിഷത്ത് തീരുമാനിച്ചു. ആദ്യഗഡുവായിക്കിട്ടിയ ഏതാനും ആയിരം രൂപകൊണ്ട് പ്രോജക്റ്റ് അവസാനിപ്പിച്ചു. ഗവൺമെന്റ് സഹായമില്ലാതെതന്നെ സ്വന്തം ചെലവിൽ പരിഷത്ത് ഒരു കൊല്ലത്തേക്കു കൂടി സാക്ഷരതാ പ്രവർത്തനം നടത്തി. അതിന്റെ ഭാഗമായി വളണ്ടിയർമാർക്കുവേണ്ടി ഭൂമിശാസ്ത്രം, ചരിത്രം, മൃഗപരിപാലനം മുതലായ വിഷയങ്ങളിൽ സംവാദങ്ങൾ നടത്തുന്നതിന് പരിശീലനം നൽകുകയുണ്ടായി. ഒന്നാം സംവാദത്തിലെ മർമപദങ്ങൾ കൃഷി, ഭൂമി, പണി എന്നിവയായിരുന്നു. മണ്ണ്, ദിനരാത്രങ്ങൾ, കാലാവസ്ഥ, കാറ്റ്, ലോകം, ഇന്ത്യ, കേരളം... ഇങ്ങനെ പോകുന്നു സംവാദവിഷയങ്ങൾ. എന്നാൽ 1979-80 അവസാനത്തോടുകൂടി ഈ ക്ലാസ്സുകളെല്ലാം അവസാനിച്ചു. 1977ലെ ജാഥയിൽ പരിഷത്ത് സാക്ഷരതയെ ഒരു ബഹുജനപ്രവർത്തനമാക്കുക എന്ന ഒരു മുദ്രാവാക്യം ഉന്നയിച്ചിരുന്നല്ലോ. ഒരു ഉത്സവാന്തരീക്ഷം സൃഷ്ടിച്ചല്ലാതെ, ഒരു ക്യാമ്പയിനിലൂടെ അല്ലാതെ സാക്ഷരതാപ്രവർത്തനം വിജയിക്കില്ലെന്ന് സംഘടനയുടെ ഉപബോധത്തിന് അറിയാമായിരുന്നു. വരും കാല അനുഭവങ്ങൾ ഇത് തെളിയിക്കാൻ ഇരിക്കുന്നതേയുള്ളു!

ഏതായാലും, 1980കളുടെ തുടക്കത്തിൽത്തന്നെ പുതിയ ആവേശം കെട്ടടങ്ങിയിരുന്നു. അഞ്ചുവർഷംകൊണ്ട് കേരളത്തെ പൂർണ സാക്ഷരമാക്കുക എന്നത് ഒരു സ്വപ്നമായി മാത്രം അവശേഷിച്ചു. 1986 ഫെബ്രുവരിയിൽ

"https://ml.wikisource.org/w/index.php?title=താൾ:Janakeeyasasthra_prastanam.pdf/113&oldid=246150" എന്ന താളിൽനിന്ന് ശേഖരിച്ചത്