അവർക്കതിന് കഴിവുണ്ടായിരിക്കണം. നിരക്ഷര സമൂഹത്തിന് ഈ കഴിവ് ഉണ്ടായിരിക്കില്ല. ശാസ്ത്രസാങ്കേതികവിദ്യകളിൽ നിരക്ഷരരായ ഒരു സമൂഹത്തിനും ഇതിന് കഴിയില്ല. വിഭവങ്ങളെപ്പറ്റിയും വികസനത്തെപ്പറ്റിയും ശരിയായ ധാരണകൾ ഇല്ലാത്ത ഒരു സമൂഹത്തിനും ഇതിനു കഴിയില്ല. അക്ഷരസാക്ഷരത, ശാസ്ത്രസാക്ഷരത, വിഭവസാക്ഷരത ഇവയെല്ലാം പരിഷത്തിന്റെ അജണ്ടയിൽപ്പെട്ട വിഷയങ്ങൾ തന്നെയാണ്.
സ്വാതന്ത്ര്യസമരകാലത്തും അതിനുശേഷവും സാക്ഷരത സമൂഹത്തിന്റെ അവഗണിക്കപ്പെട്ട അജണ്ടകളിൽ ഒന്നായിരുന്നു. 1965ഓടുകൂടി പതിനാലു വയസ്സുവരെയുള്ള 8 വർഷത്തെ വിദ്യാഭ്യാസം സാർവത്രികമാക്കുക എന്ന ലക്ഷ്യം നിറവേറ്റപ്പെട്ടിരുന്നെങ്കിൽ പതുക്കെപ്പതുക്കെ നിരക്ഷരതാ ശതമാനം കുറഞ്ഞു വരുമായിരുന്നു. എന്നാൽ, എൻറോൾമെന്റുപോലും 50 ശതമാനത്തിൽ താഴെ ആയിരുന്നു. പല സംസ്ഥാനങ്ങളിലും പത്തുപതിനഞ്ച് ശതമാനം പേർ മാത്രമായിരുന്നു യഥാർഥത്തിൽ സാക്ഷരരായവർ. ഭാരതത്തിന്റെമേലുള്ള ഒരു തീരാകളങ്കമായി മാറി നിരക്ഷരത. എന്തെങ്കിലും ചെയ്തേ പറ്റൂ എന്ന തോന്നൽ വളരാൻ തുടങ്ങി. ഇതിനോടുള്ള പ്രതികരണമായാണ് ദേശീയ വയോജന വിദ്യാഭ്യാസ പരിപാടി (National Adult Education Programme) ആരംഭിച്ചത്. സ്വാഭാവികമായും, സംസ്ഥാനങ്ങളിലൂടെയാണത് നടപ്പാക്കപ്പെടുക. അങ്ങനെ കേരളത്തിലും ഒരു സംസ്ഥാന വയോജനവിദ്യാഭ്യാസ പരിപാടി -SAEP- ആരംഭിച്ചു. അതിന്റെ മേൽനോട്ടം വഹിക്കാനായി ഒരു സംസ്ഥാന വയോജനവിദ്യാഭ്യാസ കൗൺസിലും - SAEC - ഉണ്ടാക്കി. അതിൽ പരിഷത്തിന്റെ പ്രതിനിധി ആയി ഉണ്ടായിരുന്നത് സി.പി.നാരായണനായിരുന്നു. രണ്ടുതരത്തിലുള്ള പരിപാടിയാണ് വിഭാവനം ചെയ്തിരുന്നത്. ഒന്ന്: 'ഒരാൾ ഒരാളെ പഠിപ്പിക്കുക' (Each One Teach One), രണ്ട്: 'ഒരാൾ 30 പേരെ പഠിപ്പിക്കുക'. രണ്ടാമത്തേതിലെ വളണ്ടിയർക്ക് പ്രതിമാസം 100 രൂപ ഓണറേറിയം, കൂടാതെ പഠിതാക്കൾക്ക് സ്ലേറ്റ്, പെൻസിൽ, കേന്ദ്രത്തിന് വിളക്ക്, മറ്റു സാമഗ്രികൾ മുതലായവയ്ക്ക് വേറെ പണവും. സംസ്ഥാന വയോജനവിദ്യാഭ്യാസ വകുപ്പിനു പുറമേ സന്നദ്ധ സംഘടനകൾക്കും പദ്ധതികൾ ഏറ്റെടുക്കാം.
പുതിയ ദേശീയ വയോജനവിദ്യാഭ്യാസ പദ്ധതി (NAEP) രൂപപ്പെടുന്നതിനു മുമ്പുതന്നെ പരിഷത്ത് സാക്ഷരതയെ മുഖ്യലക്ഷ്യമല്ലെങ്കിലും ഒരു പ്രധാന ലക്ഷ്യമായി അംഗീകരിച്ചിരുന്നു. 1977 ഒക്ടോബർ-നവംബറിലെ ആദ്യത്തെ ശാസ്ത്രസാംസ്കാരിക ജാഥയുടെ മുദ്രാവാക്യങ്ങളിലൊന്ന് “സാക്ഷരതയെ ഒരു ബഹുജനപ്രസ്ഥാനമാക്കുക" എന്നതായിരുന്നു. ആ പേരിലുള്ള ഒരു ലഘുലേഖയിൽ സി.ജി എഴുതി:
“ജനപിന്തുണയില്ലാതെ ഒരു പരിപാടിയും വിജയിക്കില്ല പഞ്ചായത്ത് റോഡായാലും ശരി, പഞ്ചവത്സരപദ്ധതി ആയാലും ശരി. സമ്പൂർണ സാക്ഷ