സമ്പൂർണ സാക്ഷരത
ഇന്ത്യയിൽ സമ്പൂർണ സാക്ഷരമായി ഒരു സംസ്ഥാനമേയുള്ളൂ -കേരളം, ഒരു സമൂഹത്തിലെ 80 ശതമാനത്തിലധികംപേർ നന്നായി എഴുതാനും വായിക്കാനും കഴിവുള്ളവരായാൽ ആ സമൂഹത്തെ പ്രായോഗിക സാക്ഷര (functionally literate) സമൂഹമായി കരുതുന്നു. വികസിതരാജ്യങ്ങളിൽപ്പോലും പ്രായോഗിക സാക്ഷരത 80 ശതമാനമേയുള്ളൂ. കേരളത്തിലും അത്രയേ വരു. പേരെഴുതാനും ഒപ്പിടാനും അത്യാവശ്യം വായിക്കാനും മാത്രം കഴിയുന്നവരെ 'നാമമാത്ര സാക്ഷരർ' എന്നു വിളിക്കുന്നു. വികസിത സമൂഹങ്ങളിൽ ഇവരടക്കം മൊത്തം സാക്ഷരത 99 ശതമാനം വരുമ്പോൾ കേരളത്തിൽ അത് 94 ശതമാനം വരുന്നുണ്ട്. മറ്റെല്ലാ സംസ്ഥാനങ്ങളിലും 80 ശതമാനത്തിനുതാഴെയാണ് നാമമാത്രസാക്ഷരത പോലും. 20-ാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ ഭാരതം കണ്ട ഏറ്റവും വലിയ ബഹുജനപ്രവർത്തനമാണ് സാക്ഷരതാപ്രവർത്തനം. ഇതിന് തുടക്കം കുറിച്ചതും നേതൃത്വം നൽകിയതും ശാസ്ത്രസാഹിത്യ പരിഷത്താണെന്ന് അഭിമാനപൂർവം പറയാം.
സാക്ഷരത പരിഷത്തിന്റെ അജണ്ടയിൽപ്പെടുന്നത് 1970കളുടെ അവസാനത്തിലാണ്. ഏതാണ്ട് നൂറുശതമാനം എൻറോൾമെന്റുള്ള കേരളത്തിൽ അവശിഷ്ട നിരക്ഷരത കാലക്രമത്തിൽ അപ്രത്യക്ഷമാകുമെന്ന് പ്രതീക്ഷിക്കാവുന്നതേയുള്ളൂ. എന്നാൽ സ്വാതന്ത്ര്യം കിട്ടി മൂന്നു പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും പകുതിയിലധികം പേർ നിരക്ഷരർ ആണെന്നത് പ്രത്യേകമായ ഇടപെടൽ ആവശ്യമാക്കുന്നു. ജനാധിപത്യമാണ് ഏറ്റവും നല്ല സ്വയംഭരണസംവിധാനമെന്ന് പരക്കെ അംഗീകരിക്കപ്പെടുന്ന ഒരു കാര്യമാണ്. ജനങ്ങൾക്കുവേണ്ടി ജനങ്ങൾ തന്നെ നടത്തുന്ന ഭരണമാണ് ജനാധിപത്യം. ജനങ്ങൾ പൂർണ പങ്കാളികളായിരിക്കണം.