പ്പോർട്ടുകളുടെ ഒരു സങ്കലനമാണ് ഈ ഗ്രന്ഥത്തിലൂടെ ഉദ്ദേശിക്കുന്നതെങ്കിൽ, അതായത് അവയപ്പാടെ കാലാനുഗതമായി അടുക്കിവച്ചു തുന്നിക്കെട്ടുന്നതിനുപകരം അവയെ അതേ ക്രമത്തിൽ സംഗ്രഹിക്കുക മാത്രമാണ് ലക്ഷ്യമായിരുന്നതെങ്കിൽ ഈ സംശയം ഉണ്ടാകുമായിരുന്നില്ല. എന്നാൽ, അത്തരത്തിലുള്ള ഒരു ഗ്രന്ഥം റഫറൻസിനല്ലാതെ, ആസ്വദിച്ച് വായിക്കാനോ പഠിക്കാനോ കൊള്ളില്ല. ജനകീയ ശാസ്ത്രപ്രസ്ഥാനത്തിൻ്റെചരിത്രം പഠിക്കുന്നത്, അത് സ്വാംശീകരിക്കാനും പുതിയ ചരിത്രം രചിക്കാനുള്ള അറിവും ആവേശവും ആർജിക്കാനുമാണ്. അതുകൊണ്ടുതന്നെ അത് വിശ്ലേഷണാത്മകവും വികസ്വരവും ഉത്തേജനകരവും ആയിരിക്കണം. പക്ഷേ, ഇവിടെ ഒരു പ്രശ്നമുണ്ട്. വിശ്ലേഷണത്തിന് എപ്പോഴും ഒരു റഫറൻസ് ചട്ടക്കൂട് ഉണ്ടായിരിക്കും. ഓരോ വ്യക്തിയുടെ റഫറൻസ് ചട്ടക്കൂടും മറ്റുള്ളവരിലേതിൽനിന്ന് വ്യത്യസ്തമായിരിക്കും. വ്യത്യാസം ഏറിയിരിക്കാം, കുറഞ്ഞിരിക്കാം. ഈ ചട്ടക്കൂടുകളിൽ പൊതുവായ കുറെ ഘടകങ്ങൾ ഉണ്ടായിരിക്കും. ഓരോ വ്യക്തിയുടേയും തനതായ ഘടകങ്ങളും ഉണ്ടായിരിക്കും. ഈ തനതായ ഘടകങ്ങളാണ് ഓരോ വിശ്ലേഷണത്തിനും അതിന്റേതായ സവിശേഷത നൽകുന്നത്, ഫോട്ടോയും പെയിന്റിങ്ങും തമ്മിലുള്ള പോലത്തെ വ്യത്യാസം നൽകുന്നത്, നിറങ്ങളുടെ ഏറ്റക്കുറച്ചിലുകൾ സൃഷ്ടിക്കുന്ന തനിമ നൽകുന്നത്.
ഇതിൻ്റെയെല്ലാം പശ്ചാത്തലത്തിൽ 'ഞാൻ', 'എൻ്റെ' മുതലായ പ്രയോഗങ്ങൾ നിർബന്ധപൂർവം ഒഴിവാക്കാൻ ഇവിടെ ശ്രമിച്ചിട്ടില്ല. സ്വാഭാവിക ഗതിയിൽ 'ഞാൻ' എന്ന പ്രയോഗം ആവശ്യമായി വരുമ്പോൾ അതിന് മടിച്ചിട്ടില്ല. പല സന്ദർഭങ്ങളിലും 'അവർ' എന്ന പ്രയോഗവും 'പരിഷത്ത്' എന്നപ്രയോഗവും കാണാം. എന്നാൽ 'നിങ്ങൾ' എന്ന പ്രയോഗം, എന്നെ നിങ്ങളിൽ നിന്ന് വേർപെടുത്തുന്ന പ്രയോഗം കഴിയുന്നത് ഒഴിവാക്കാൻ ശ്രമിച്ചിട്ടുണ്ട്.
ഈ പുസ്തകത്തിൻ്റെ ഘടനയെക്കുറിച്ച് കൂടി രണ്ടുവാക്ക്
ജനകീയ ശാസ്ത്രപ്രസ്ഥാനത്തിന്റെ വികാസത്തെ ഗുണാത്മകമായി നാല് ഭാഗങ്ങളാക്കി തിരിച്ചുകൊണ്ടുള്ള ഒരു പ്രതിപാദന രീതിയാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്. 'ജനകീയ ശാസ്ത്രപ്രസ്ഥാനം' എന്ന പദം ആദ്യമായി പ്രയോഗിച്ചത് 1978ലാണ്. ആ പദത്തിന് അതിൽ ഉള്ളടങ്ങിയിട്ടുള്ള ആശയത്തിന് ജന്മം നൽകിയത് കേരളശാസ്ത്രസാഹിത്യ പരിഷത്താണ്. പരിഷത്താകട്ടെ, അതിന്റെ പേർ സൂചിപ്പിക്കുന്നതുപോലെ മലയാളത്തിൽ സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ ശാസ്ത്രസംബന്ധിയായ സാഹിത്യം രചിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടിസ്ഥാപിക്കപ്പെട്ട ഒരു സംഘടനയായിരുന്നു. ഏതാണ്ട് ഒരു പതിറ്റാണ്ടു കാലത്തെ അനുഭവങ്ങളുടെ അപഗ്രഥനത്തിൽ കൂടിയാണ് പരിഷത്ത് പുതി