രോഗികളുള്ള, ഏറ്റവും കൂടുതൽ ആത്മഹത്യകൾ നടക്കുന്ന സംസ്ഥാനമായി കേരളം മാറിയതിൽ ശൈശവത്തിൽ തന്നെ കുട്ടികളുടെ മേൽ ചെലുത്തുന്ന സമ്മർദങ്ങൾക്ക് കാര്യമായ പങ്കുണ്ട്. രണ്ടു പതിറ്റാണ്ടിലധികം മുമ്പുതന്നെ പരിഷത്ത് ഇതിനെയൊക്കെപ്പറ്റി ബോധവത്തായിരുന്നു. 1981ലെ പതിനെട്ടാം വാർഷിക റിപ്പോർട്ടിൽ ഇങ്ങനെ എഴുതിയിരിക്കുന്നു.
നഴ്സറി വിദ്യാഭ്യാസത്തെക്കുറിച്ച് വ്യാപകമായ തെറ്റിദ്ധാരണകൾ ജനങ്ങൾക്കിടയിൽ പടർന്നു പിടിക്കുന്നുണ്ട്. ചില സംഘടനകൾ പിഞ്ചുകുട്ടികളെ ബ്രയിൻ വാഷ് ചെയ്യുന്നതിനുള്ള പരിപാടിയായി ഇതിനെ ഉപയോഗിക്കുന്നു. ഈ പ്രവണത തടയുന്നതിനും പ്രീ പ്രൈമറി വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം, പ്രവർത്തനരീതി എന്നിവയെക്കുറിച്ച് പരിഷത്തിനുള്ള കാഴ്ചപ്പാട് വ്യാപകമായി പ്രചരിപ്പിക്കുന്നതിനും വേണ്ട പ്രവർത്തനങ്ങൾ ഈ വർഷം ആരംഭിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായാണ് ഡോ.കെ. ഉണ്ണികൃഷ്ണന്റെ നഴ്സറി വിദ്യാഭ്യാസം എന്ത് എന്തിന്? എന്ന പുസ്തകവും സി.ജി.യുടെ വിദ്യാഭ്യാസം അഞ്ചുവയസ്സിനുമുമ്പ് എന്ന പുസ്തകവും പ്രസിദ്ധീകരിച്ചത്. ഗവൺമെന്റ് തയ്യാറാക്കിയ നഴ്സറി വിദ്യാഭ്യാസ ബില്ലിനോട് ക്രിയാത്മകമായി പ്രതികരിക്കാനും, ഒരു മാതൃകാ ശിശുകേന്ദ്രം എങ്ങനെയിരിക്കണമെന്നു നിർവചിക്കാനും, പ്രവർത്തിക്കുന്ന മാതൃകകൾ ഉണ്ടാക്കാനും പരിഷത്ത് ശ്രമിക്കുകയുണ്ടായി. പരിഷത്തിന്റെ കാഴ്ചപ്പാടുകളെ പൂർണമായും ശരിവയ്ക്കുന്നതായിരുന്നു “പ്രൈമറിതലത്തിലെ പഠനഭാരം ലഘൂകരിക്കുന്നതിനായി“ പ്രൊ. യശ്പാലിന്റെ നേതൃത്വത്തിൽ ഇന്ത്യാ ഗവൺമെന്റ് നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ടും 2005ൽ പ്രസിദ്ധീകരിച്ച പുതിയ ദേശീയ പാഠ്യപദ്ധതിയുടെ ചട്ടക്കൂടും.
അങ്ങനെ, മൂന്നു പതിറ്റാണ്ടിലധികം കാലമായി വിദ്യാഭ്യാസമേഖലയിൽ പല രീതിയിലും ഇടപെട്ടിട്ടുണ്ടെങ്കിലും അതിന്റെ സ്ഥായിയായ ഗതിയിൽ മാറ്റമൊന്നും ഉണ്ടാക്കാൻ ഇതേവരെ കഴിഞ്ഞിട്ടില്ല. സാമ്പത്തിക-സാമൂഹിക വിടവുകൾ വർധിപ്പിക്കുന്ന ഒരു സമൂഹത്തിൽ, അത് വർധിപ്പിക്കു മെന്നറിഞ്ഞിട്ടും ആഗോള വിപണിയെ ആലിംഗനം ചെയ്യുന്ന ഒരു സമൂഹത്തിൽ, വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയുടെ ദിശയിൽ മാറ്റം വരുത്താൻ ഏറെ പ്രയാസമാണ്, അസാധ്യമാണ്. ആഗോളവൽക്കരണത്തിന്നെതിരായ പ്രാദേശികമായ പ്രതിരോധത്തിന്റെ ഭാഗമായി വിദ്യാഭ്യാസരംഗത്ത് ഇനിയും പരീക്ഷണങ്ങൾ നടത്തേണ്ടതുണ്ട്.