നുള്ള അവസരം വിദ്യാഭ്യാസ വകുപ്പധികൃതരുടെ നിസ്സഹകരണം മൂലം പാഴായിപ്പോയി.
1996ൽ എൽ.ഡി.എഫ്. മന്ത്രിസഭ വന്നപ്പോഴാണ് ഇതിനൊരവസരം ലഭിച്ചത്. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ അപ്പോഴേയ്ക്കും SCERT ആയിക്കഴിഞ്ഞിരുന്നെങ്കിലും ആവശ്യത്തിന് സ്റ്റാഫ് അപ്പോഴും ആയിരുന്നില്ല. പാഠ്യപദ്ധതി പരിഷ്കരണം ഏറ്റെടുക്കാനുള്ള ഉത്സാഹമോ ഭാവനാശേഷിയോ SCERT കൈവരിച്ചിരുന്നില്ല. ആയതിനാൽ 1994 മുതൽ നിലവിൽവന്ന DPEP സംവിധാനത്തെ ഇതിനായി പ്രയോജനപ്പെടുത്താനും ഉത്സാഹിയായ DPEP ഡയറക്ടർ കെ.സുരേഷ് കുമാറിനെ ചുമതല ഏൽപ്പിക്കാനും അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി.ജെ.ജോസഫ് തന്റേടം കാട്ടി. മാത്രമല്ല അദ്ദേഹത്തിന് പ്രവർത്തനസ്വാതന്ത്ര്യവും നൽകി. അങ്ങനെ 50-60 പേർ അടങ്ങുന്ന ഒരു വിദ്യാഭ്യാസ ചാവേർപട രൂപം കൊണ്ടു. സംസ്ഥാനതലത്തിൽ പ്രത്യേകം ഇന്റർവ്യൂ നടത്തിയാണ് അവരെ തെരഞ്ഞെടുത്തത്. പരിഷത്ത് നടത്തിയ പരീക്ഷണങ്ങളെപ്പറ്റിയും അതുപോലുള്ള മറ്റു പരീക്ഷണങ്ങളെപ്പറ്റിയും അറിവുള്ളവരായിരുന്നു അവരിൽ ഭൂരിഭാഗവും. അങ്ങനെയാണ് പ്രസിദ്ധി (കേരളത്തിനകത്ത് കുപ്രസിദ്ധി, വെളിയിൽ സുപ്രസിദ്ധി) നേടിയ പുതിയ വിദ്യാഭ്യാസ പദ്ധതി ഉണ്ടായത്. ശാസ്ത്രീയമായ ഫീൽഡ് ടെസ്റ്റിങ്ങിന്റെ പ്രാധാന്യം മനസ്സിലാകാത്ത മന്ത്രിയും ഉദ്യോഗസ്ഥന്മാരും മൂന്നു ജില്ലയിൽ മുഴുവൻ ഒറ്റയടിക്ക് പുതിയ കരിക്കുലം നടപ്പാക്കി. ഫലമോ, ഫീൽഡ് ടെസ്റ്റിങ്ങിലൂടെ നിഷ്പ്രയാസം ഒഴിവാക്കാമായിരുന്ന പല പോരായ്മകളും പർവതാകാരം പൂണ്ടു. ഒരു കൊല്ലം കഴിഞ്ഞപ്പോഴേയ്ക്കും നേരത്തെ പറഞ്ഞതു പോലെ അതിനെതിരായ ഒരു വിമർശന (വിമോചന) പ്രസ്ഥാനം തന്നെ വളർന്നുവന്നു.
ഡി.പി.ഇ.പി.ക്ക് ആവശ്യമായ ഫണ്ട് വേൾഡ് ബാങ്കിൽ കൂടിയാണ് ഇന്ത്യാഗവൺമെന്റിന് ലഭിക്കുന്നത്. അതിനാൽ അതൊരു വേൾഡ് ബാങ്ക് പദ്ധതിയാണ്, ജനവിരുദ്ധ പദ്ധതിയാണ്. ഡി.പി.ഇ.പി. ഫണ്ടുപയോഗിച്ചാണ് പുതിയ കരിക്കുലം ഉണ്ടാക്കിയത്. അതിനാൽ അത് ജനവിരുദ്ധമായിരിക്കാനേ വഴിയുള്ളൂ. എ.ഐ.എസ്.എഫ്, എ.ഐ.ഡി.എസ്.ഒ. മുതലായ വിദ്യാർഥി സംഘടനകളും സിപിഐ (എം.എൽ) ഗ്രൂപ്പുകളും ഒക്കെ പുതിയ പാഠ്യ പദ്ധതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചു. ചില സാമൂഹ്യശാസ്ത്രജ്ഞരും അതിനെ വിമർശിച്ചു. വിമർശനങ്ങളെ പൊതുവിൽ രണ്ടായി തരം തിരിക്കാം. ഒന്ന് ഉള്ളടക്കത്തെയും ബോധന തന്ത്രത്തെയും സംബന്ധിച്ചുള്ളത്. രണ്ട്. ഇത് നടപ്പാക്കുന്ന വ്യക്തികളെ സംബന്ധിച്ചുള്ളത്.
- കരിക്കുലം ലോഡ് കുറയ്ക്കരുത്.
- അധ്യാപകകേന്ദ്രിതമാണ് വിദ്യാഭ്യാസം.
- കുട്ടിയുടെ തലച്ചോറ് ഒഴിഞ്ഞ പാത്രമാണ്. അതിൽ അറിവ് നിറക്കേണ്ടത് അധ്യാപകന്റെ കടമയാണ്.