ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
അറിയപ്പെടുന്നവരായിരുന്നു അതിലെ അംഗങ്ങൾ.
ചെയർമാനായിരുന്നത് ഡോ. അശോക് മിത്രയാണ്. അംഗങ്ങളായി ഡോ. എസ്. ആനന്ദലക്ഷ്മി, ഡോ.എൻ. ബാലകൃഷ്ണൻ നായർ, ഡോ.കെ. ഗോപാലൻ, ഡോ.സി.ടി. കുര്യൻ, ഡോ.എം. വിജയൻ, ഡോ.കെ.എൻ. പണിക്കർ, ശ്രി.ടി.എൻ. ജയചന്ദ്രൻ, ശ്രീ.പി.കെ. ഉമാശങ്കർ എന്നിവരും. അവർക്ക് കൊടുത്ത ടേംസ് ഓഫ് റഫറൻസ് (അന്വേഷിക്കേണ്ട കാര്യങ്ങൾ) താഴെ പറയുന്നവയായിരുന്നു.
- കേരളത്തിൽ നിലവിലുള്ള, എല്ലാതലങ്ങളിലെയും, ഗവൺമെന്റ് സ്വകാര്യ മേഖലകളിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ, സമൂഹത്തിന്റെ ആവശ്യങ്ങളും മുൻഗണനകളും കണക്കിലെടുത്തുകൊണ്ട് ഉടച്ചുവാർക്കുക എന്ന ലക്ഷ്യത്തോടെയുള്ള, സമഗ്രമായ ഒരു പരിശോധനയ്ക്ക് വിധേയമാക്കുക.
- സമത്വപൂർണവും നീതിയുക്തവും നിലനിൽക്കുന്നതുമായ ഒരു സാമൂഹികക്രമം വളർത്തിയെടുക്കുന്നതിനായി വിദ്യാഭ്യാസത്തിൽ സാമൂഹികവും സാംസ്കാരികവുമായ മൂല്യങ്ങൾ ഉൾക്കൊള്ളിക്കുന്നതു സംബന്ധമായ മാർഗങ്ങൾ നിർദേശിക്കുക.
- വിദ്യാഭ്യാസ രംഗത്ത് സമത്വത്തിന്റെയും മികവിന്റെയും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സഹായകമായ ഘടകങ്ങൾ തിരിച്ചറിയുകയും അവ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ നിർദേശിക്കുകയും ചെയ്യുക.
- വിദ്യാഭ്യാസത്തിന്റെ ഓരോ ഘട്ടത്തിന്റെ സാധ്യതയും ലക്ഷ്യങ്ങളും നിർണയിക്കുകയും വിവിധ ഘട്ടങ്ങൾ തമ്മിലുള്ള ബന്ധം കണക്കിലെടുക്കുകയും ചെയ്യുക.
- നിലവിലുള്ള പാഠ്യപദ്ധതി, ബോധന മാധ്യമം, മൂല്യനിർണയ രീതികൾ എന്നിവ പരിശോധനാ വിധേയമാക്കി ആവശ്യമായ മാറ്റങ്ങൾ നിർദേശിക്കുക.
- നിലവിലുള്ള അധ്യാപകരുടെ റിക്രൂട്ട്മെന്റ് രീതി, പരിശീലന സമ്പ്രദായം എന്നിവയും അധ്യാപനരീതികളും പരിശോധനാ വിധേയമാക്കി ആവശ്യമായ മാറ്റങ്ങൾ നിർദേശിക്കുക.
- വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജ്മെന്റ് സംവിധാനം വിലയിരുത്തി സംസ്ഥാന ഗവൺമെന്റിന്റെയും തദ്ദേശ ഭരണസ്ഥാപനങ്ങളുടെയും പങ്ക് ചൂണ്ടിക്കാണിക്കുക.
- കേരളത്തിലെ വിദ്യാഭ്യാസത്തിനു വേണ്ട പണം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഈ പശ്ചാത്തലത്തിൽ ഗവൺമെന്റിനും സ്വകാര്യ ഏജൻസികൾക്കും വിഭാവനം ചെയ്യപ്പെടുന്ന പങ്കും പരിശോധനാ വിധേയമാക്കുക.
- വിദ്യാഭ്യാസ പ്രക്രിയയിൽ ജനകീയ പങ്കാളിത്തവും അധ്യാപകരുടെയും വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും സക്രിയമായ ഇടപെടലും ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ നിർദേശിക്കുക.