വിലകൊടുത്തു വാങ്ങേണ്ട ഒന്നാണ് വിദ്യാഭ്യാസം എന്നതാണ് മുതലാളിത്തനിയമം. എന്നാൽ മുതലാളിത്ത രാജ്യങ്ങളിൽപ്പോലും അത് ഭാഗികമായേ നടപ്പാക്കാൻ കഴിഞ്ഞിട്ടുള്ളൂ. യു.എസ്.എ.യിൽ പോലും ബഹുഭൂരിപക്ഷം വിദ്യാഭ്യാസസ്ഥാപനങ്ങളും പൊതു ഉടമയിലുള്ളവയാണ്. എന്നാൽ, വികസ്വരരാജ്യങ്ങളിലെ 10-20 ശതമാനം വരുന്ന ഇടത്തരം ധനികവർഗങ്ങൾ വിദ്യാഭ്യാസത്തിന് വമ്പിച്ച ഒരു വിപണിയാണെന്ന് കണ്ടു മുതലാളിവർഗം. ലോക ബാങ്ക് പ്രത്യേകമായി നടത്തിയ ഒരു വർക്ക്ഷോപ്പിലൂടെ ഇതിനുള്ള പദ്ധതികൾ അത് ആവിഷ്കരിച്ചു. എല്ലാ ചെലവുകളും പഠിതാവ് വഹിക്കണം. അക്ഷരാർഥത്തിൽത്തന്നെ, സംരംഭകരുടെ ലാഭമടക്കം. സംരംഭകർക്ക് മറ്റു ധനാഗമമാർഗങ്ങളൊന്നും ആവശ്യമില്ല. അവരുടെ പരാശ്രയരാഹിത്യമില്ലായെയാണ് 'സ്വാശ്രയം' എന്ന ഓമനപ്പദംകൊണ്ട് വിവക്ഷിക്കുന്നത്. ഒറ്റയ്ക്കും തെറ്റയ്ക്കുമായി കേരളത്തിൽ അൺഎയ്ഡഡ് റെക്കഗ്നൈസ്ഡ് സ്കൂളുകൾ മുമ്പുതന്നെ ഉണ്ടായിരുന്നു. ഇതിന്റെ വരുംവരായ്കകൾ വേണ്ടത്ര മനസ്സിലാക്കാതെയാണ് കേരള ഗവൺമെന്റ് സ്വാശ്രയകോളേജുകൾക്ക് വലിയ തോതിൽ അനുമതി നൽകാൻ തീരുമാനിച്ചത്. അപകടകരമായ അതിന്റെ ഭാവിസാധ്യത തിരിച്ചറിഞ്ഞ പരിഷത്ത് അതിനെതിരായി 1995ൽ തന്നെ വൻതോതിൽ പ്രക്ഷോഭണം നടത്തി. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക എന്ന മുദ്രാവാക്യത്തോടെ നാലു വിദ്യാഭ്യാസ പ്രചാരണ ജാഥകൾ 1995 നവംബർ 1ന് ആരംഭിച്ച് നവംബർ 18ന് തൃശ്ശൂരിൽ സമാപിച്ചു. വമ്പിച്ചൊരു ജനാവലി അന്ന് തേക്കിൻകാട് മൈതാനിയിൽ തടിച്ചുകൂടിയിരുന്നു. ആ ജാഥയിലൂടെ പ്രചരിപ്പിച്ച ഡിമാന്റുകൾ ഇവയാണ്:
- ബോധന മാധ്യമം മാതൃഭാഷയാക്കുക.
- അൺഎയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ നിർത്തലാക്കുക.
- അശാസ്ത്രീയമായ രീതിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുന്നത് നിർത്തുക.
- ഹയർ സെക്കണ്ടറി തലം വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വിട്ടുകൊടുക്കുക.
- പൊതുവിദ്യാഭ്യാസം തൊഴിലധിഷ്ഠിതമാക്കുക.
- ഉന്നത വിദ്യാഭ്യാസം സംസ്ഥാനത്തിന്റെ വികസനവൈജ്ഞാനിക ആവശ്യങ്ങൾക്കനുസരിച്ച് പുനരാവിഷ്കരിക്കുക.
- വിദ്യാഭ്യാസത്തിന്റെ എല്ലാതലങ്ങളിലും സാമൂഹ്യനിയന്ത്രണം ഉറപ്പാക്കുക.
ജാഥാസമാപനയോഗത്തിൽ വച്ച് കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ എല്ലാ വശങ്ങളും സമഗ്രമായി പരിശോധിച്ച് വരുത്തേണ്ട മാറ്റങ്ങൾ ജനങ്ങളോടും ഗവൺമെന്റിനോടും നിർദേശിക്കാനായി പരിഷത്ത് അതിന്റെ ഉത്തരവാദിത്ത്വത്തിൽ ഒരു വിദ്യാഭ്യാസ കമ്മീഷന്റെ രൂപീകരണം പ്രഖ്യാപിച്ചു. വിദ്യാഭ്യാസരംഗത്തും സാമൂഹിക-സാമ്പത്തികരംഗത്തും ഇന്ത്യയിലൊട്ടാകെ