ഴൊക്കെ, ആരൊക്കെ ശബ്ദമുയർത്തിയിട്ടുണ്ടോ, അവരെയൊക്കെ ഇക്കൂട്ടർ ആക്രമിച്ചിട്ടുണ്ട്. പരിഷത്തിനും അവരുടെ ആക്രമണം നേരിടേണ്ടിവന്നിട്ടുണ്ട്.
അങ്ങനെ വിദ്യാഭ്യാസരംഗത്തും പരിഷത്തിന് മൂന്നു തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടി വന്നു.
- തെറ്റായ ചെയ്തികൾക്കും നയങ്ങൾക്കുമെതിരെ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുക, അവയെ തിരുത്താൻ ശ്രമിക്കുക.
- ശരിയായ മാതൃകകൾ വളർത്തിയെടുക്കുക.
- സൈദ്ധാന്തിക പഠനങ്ങളിലൂടെ തെറ്റ് തെറ്റാണെന്നും ശരി ശരിയാണെന്നു സാധുകരിക്കുക.
വിദ്യാഭ്യാസരംഗത്തെ അശാസ്ത്രീയതകൾക്കെതിരായും അനീതികൾക്കെതിരായും അഴിമതികൾക്കെതിരായും ഒട്ടനവധി സമരങ്ങൾ പരിഷത്ത് സംഘടിപ്പിച്ചിട്ടുണ്ട്; അതുപോലെ ശരിക്കുവേണ്ടിയും പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസരംഗത്തെ അഴിമതികൾക്കെതിരായി 1984ൽ പ്രമുഖ വിദ്യാഭ്യാസ വിദഗ്ധനായ ഡോ.എൻ.പി.പിള്ളയുടെ നേതൃത്വത്തിൽ ഒരു ബഹുജന അഴിമതി അന്വേഷണ കമ്മീഷൻ കേരളമൊട്ടാകെ ഒരു തെളിവെടുപ്പു നടത്തി. സി. അച്യുതമേനോൻ, പി.ചിത്രൻ നമ്പൂതിരിപ്പാട്, ഡോ.എം.എസ്. മേനോൻ, ഡോ.മാത്യു കുരിയൻ, പ്രൊ.പി.ജി.കെ. പണിക്കർ തുടങ്ങി 31 അംഗങ്ങളുള്ള ഒരു കമ്മീഷനായിരുന്നു തെളിവെടുപ്പ് നടത്തിയത്. സംഘടനാനേതാക്കൾ, രാഷ്ട്രീയനേതാക്കൾ, സാംസ്കാരിക നേതാക്കൾ, സാധാരണ പൗരന്മാർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽപ്പെട്ട മൂന്നൂറോളം പേരുടെ മൊഴികൾ 25 കേന്ദ്രങ്ങളിൽ നിന്നായി രേഖപ്പെടുത്തുകയുണ്ടായി. സി.ജി. ശാന്തകുമാർ ആയിരുന്നു കമ്മീഷന്റെ സെക്രട്ടറി.
വരേണ്യവൽക്കരണത്തെ ഗ്രാമതലത്തിലേക്ക് വ്യാപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള നവോദയ വിദ്യാലയങ്ങൾക്ക് എതിരായ ധർണകളടക്കം പല പ്രക്ഷോഭങ്ങളും പരിഷത്ത് സംഘടിപ്പിക്കുകയുണ്ടായി. എന്നാൽ ഗ്രാമതലത്തിലെ സാധാരണക്കാരുടെ കുട്ടികൾക്കുപോലും സൗജന്യവും മെച്ചപ്പെട്ടതുമായ വിദ്യാഭ്യാസം ലഭ്യമാക്കിയേക്കും എന്ന പ്രതീക്ഷയിൽ ജനങ്ങൾ അതിനെ സ്വാഗതം ചെയ്തു. ആ പ്രതീക്ഷ തികച്ചും അസ്ഥാനത്ത് ആയിരുന്നില്ലെന്ന് പിൽക്കാല അനുഭവങ്ങൾ തെളിയിച്ചു. കേരളത്തിലെതന്നെ സർക്കാർ എയ്ഡഡ് വിദ്യാലയങ്ങൾ മെച്ചപ്പെടുത്തി ഉയർന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം, തെരഞ്ഞെടുക്കപ്പെട്ട കുറച്ചു കുട്ടികൾക്കു മാത്രമല്ല, എല്ലാവർക്കും, ലഭ്യമാക്കണമെന്ന പരിഷത്തിന്റെ നിർദേശത്തോട് ആർക്കും എതിർപ്പുണ്ടായിരുന്നില്ല.
ആഗോളവൽക്കരണത്തിന്റെയും വിപണിവൽക്കരണത്തിന്റെയും സന്തതിയാണ് സ്വാശ്രയ (self financing) വിദ്യാഭ്യാസ സ്ഥാപനങ്ങൾ. വാണിജ്യ സ്ഥാപനം എന്നതിന് നൽകുന്ന ഓമനപ്പേരാണ് സ്വാശ്രയസ്ഥാപനം എന്നത്.