താൾ:Girija Kalyanam 1925.pdf/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അവതാരിക


സുപ്രസിദ്ധമായ നളചരിതം നാലുദിവസത്തെ കഥകളിപ്പാട്ടിന്റെ കൎത്താവായ മഹാകവി ഉണ്ണായിവാരിയരുടെ, അത്രമാത്രം തന്നെ പ്രസിദ്ധി സിദ്ധിച്ചിട്ടില്ലാത്തതും എന്നാൽ സിദ്ധിക്കുവാൻ സൎവഥാ അൎഹതയുള്ളതുമായ, ഒരു വിശിഷ്ടകൃതിയാകുന്നു ഗിരിജാകല്യാണം ഗീതപ്രബന്ധം. ഈ കൃതി ആദ്യമായി ക്രി.പി. ൧൮൭൯-ൽ “പാർവതിസ്വയംബരം അല്ലെങ്കിൽ ഗിരിജകല്യാണം” എന്ന പേരിൽ കൊച്ചിയിൽ സെന്തോമസ്സ് അച്ചുകൂടത്തിൽ അച്ചടിക്കപ്പെട്ടു. സ്‌ഖലിതദുഷ്ടമായ ആ പതിപ്പിനേപ്പറ്റി ഗോവിന്ദപ്പിള്ള സൎവാധികാൎയ്യക്കാർ അവർകൾ കൊല്ലം ൧൦൬൪-ൽ പരിഷ്കരിച്ചു പ്രസിദ്ധപ്പെടുത്തിയ മലയാളഭാഷാചരിത്രം രണ്ടാം ഭാഗത്തിൽ ഒന്നും തന്നെ പ്രസ്താവിച്ചു കാണാത്ത സ്ഥിതിക്ക് അത് അദ്ദേഹത്തിനു ദൃഷ്ടിഗോചരമായിരുന്നുവോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ‘മലയാളസാഹിത്യചരിത്രസംഗ്രഹം’ എന്ന പുസ്തകം ൧൦൯൭-ൽ പ്രസിദ്ധപ്പെടുത്തിയ ശ്രീമാൻ പി. ശങ്കരൻ നമ്പിയാർ എം.ഏ ഗിരിജാകല്യാണത്തെ “കിളി(ഹംസ)പ്പാട്ട്” എന്നു നിൎവചിക്കുന്നതിൽ നിന്ന് അക്കാലത്ത് അദ്ദേഹത്തിന് ആ ഗ്രന്ഥത്തേപ്പറ്റി കേട്ടുകേൾവിയല്ലാതെ മറ്റൊരറിവുമുണ്ടായിരുന്നതായി വിചാരിക്കുവാൻ ന്യായം കാണുന്നില്ല. ഗിരിജാകല്യാണം ഒരു കിളിപ്പാട്ടോ ഹംസപ്പാട്ടോ അല്ലെന്നും കവി സ്വമേധയായി കഥ പറഞ്ഞുകൊണ്ടു പോകുന്നതും അദ്ദേഹം ഗീതപ്രബന്ധം എന്നു നാമകരണം ചെയ്തിട്ടുള്ളതുമായ ഒരു ഗാ‍ാനമാണെന്നും പറയേണ്ടതില്ലല്ലോ. സെന്തോമസ്സ് അച്ചുക്കൂടക്കാരുടെ ആ പഴയപതിപ്പു ഞാൻ ബാല്യത്തിൽ എവിടെവച്ചോ വായിച്ച ഒരോൎമ്മ അൎദ്ധവിസ്മൃതിയിൽ ആണ്ടുകിടന്നതിനാൽ വൎത്തമാനപ്പത്രം വഴി അതിനേപ്പറ്റി തിരക്കുകയൂം അതിന്റേ ഫലമായി മാന്നാറ്റു കുട്ടമ്പേരൂർ ശ്രീവിദ്യാപ്രകാശിനീസംസ്കൃതപാഠശാലയിൽ ഒരദ്ധ്യാപകനായ എന്റെ സ്നേഹിതൻ ശ്രീമാൻ

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/4&oldid=175406" എന്ന താളിൽനിന്ന് ശേഖരിച്ചത്