വാക്യം 'അനുകലനകാലേ' എന്ന പദത്തെ പിൻതുടൎന്നു വരുന്നതിനാൽ അതു കലിസംഖ്യാസൂചകമല്ലെന്നു ഖണ്ഡിച്ചു പറവാൻ നിവൃത്തിയുമില്ല. അതു കലിസംഖ്യതന്നെയാണെങ്കിൽ രാമപഞ്ചശതീസ്തോത്രം വാരിയരുടെ യൌവനത്തിലേയും നളചരിതം വാൎദ്ധക്യത്തിലേയും കവിതയാണെന്ന് ഇതിൽ കൂടുതൽ തെളിവുകൾ നമുക്കു കിട്ടുന്നതുവരെ വിശ്വസിക്കുന്നതിൽ അനൌചിത്യമില്ല.
ഈ മഹാകവിയുടെ കവിതാരീതിയെപ്പറ്റി പരേതനായ പ്രൊഫസർ ഏ. ആർ രാജരാജവൎമ്മ കോയിത്തമ്പുരാൻ തന്റെ നളചരിതത്തിന്റെ പ്രൌഢവ്യാഖ്യയായ കാന്താരതാരകത്തിന്റെ അവതാരികയിൽ രേഖപ്പെടുത്തീട്ടുള്ളതിൽനിന്ന് അധികമായി ഒന്നും ഈ അവതാരികയിൽ പ്രസ്താവിക്കണമെന്നു ഞാനുദ്ദേശിക്കുന്നില്ല. ഉണ്ണായിവാരിയൎക്കും ഗ്രന്ഥാന്തത്തിൽ,
ഗ്രന്ഥഗ്രന്ഥിരിഹ ക്വചിൽ ക്വചിദപി
ന്യാസി പ്രയത്നാന്മയാ
പ്രാജ്ഞമ്മന്യമനാ ഹഠേന പഠിതീ
മാസ്മിൻ ഖലഃ ഖേലതു
ശ്രദ്ധാരാദ്ധഗുരുശ്ലഥീകൃതദൃഢ
ഗ്രന്ഥിൎസ്സമാസാദയ
ത്വേതൽകാവ്യരസോൎമ്മിമജ്ജനസുഖ
വ്യാസജ്ജനം സജ്ജനഃ
എന്നു തന്റെ ഉദ്ദേശത്തെ വിളിച്ചുപറയാമായിരുന്നു എന്നു പ്രൊഫസർ തമ്പുരാൻ ആ അവതാരികയിൽ സൂചിപ്പിച്ചിട്ടുണ്ടു്. അതുതന്നെ ഗിരിജാകല്യാണത്തിന്റെ അവസാനത്തിൽ കവി മുക്തകണ്ഠം ഘോഷിച്ചിരിക്കുന്നു എന്നുള്ളതു സ്മരണീയമാണ്.
"കഠിനതയുമിടയിടയിൽ വരുവതുമിരുമ്പിനാൽ
കപ്പൽ മരംകൊണ്ടു കല്പിക്കിലേവനും
അഭയമിതു ഭുവജലധിനടുവിലടിതും കപ്പ-
ലഭ്യസിച്ചീടിനാലൎത്ഥമുണ്ടാം ബഹു
മറുകരയിലണവതിനുമറികിൽ മതിയായ്‌വരും
മലോകരേ! ഘോരസംസാരസാഗരേ"
എന്ന ഭാഗം നോക്കുക