താൾ:Ghoshayatra.djvu/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വ്യാകുലമില്ലാ, വ്യാധികളില്ലാ,
വ്യാകരണം പറയാത്തവരില്ലാ,
ലാഘവമില്ലാ, ലാലസമില്ലാ,
രാഘവസേവകരല്ലാതില്ലാ,
വിഷഭയമില്ലാ, വിഷമമതില്ലാ,
വിഷയഭ്രാന്തുപിടിച്ചവരില്ലാ.
പിഴകളുമില്ലാ, പീഡകളില്ലാ,
പിഴുകിപ്പോയ, ജനങ്ങളുമില്ലാ,
കണ്ടകനില്ലാ, കർക്കശനില്ലാ,
കണ്ടാലഴകില്ലാത്തവനില്ലാ,
കാതരനില്ലാ കപടമതില്ലാ,
കാതരമിഴിമാർക്കൊരു വിനയില്ലാ,
ധർമ്മപ്പെരുമാൾ പണ്ടു നടന്നൊരു
ധർമ്മത്തിന്നൊരു പിഴകൂടാതെ
തന്മകനതിലൊരു പത്തുമടങ്ങു സു -
ധർമ്മസമൃദ്ധി വരുത്തിവസിച്ചാൻ
നെല്ലും പണവും പാത്രങ്ങളുംമീവ-
യെല്ലാമനവധി വർദ്ധിച്ചതിനാൽ
ഇല്ലങ്ങളിലൊരു ദിക്കുമൊഴിഞ്ഞി
ട്ടില്ലെന്നായിതു വിപ്രൻമാർക്കും
വിത്തും നെല്ലും വാരിക്കോരി
പത്തായങ്ങൾ നിറച്ചൊരുശേഷം
പത്തായിരമിനിയുണ്ടതിനാലാ-
പത്തായെന്നു ഗൃഹസ്ഥനുഭാവം
പെരുവഴിപോക്കർക്കഷ്ടികൊടുപ്പാ-
നൊരുവനുമില്ലൊരു ദുർമ്മുഖലേശം

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/8&oldid=160360" എന്ന താളിൽനിന്ന് ശേഖരിച്ചത്