Jump to content

താൾ:Ghoshayatra.djvu/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒരുമാർജ്ജാരൻ വനഭൂവിരാത്രിയി-
ലിരയുംതെണ്ടി നടക്കുന്നേരം
തരസാചൊന്നൊരു വലയിൽചാടി-
കരവും കാലുമിളക്കാൻമേലാ

പരവശനപ്പോൾ ങ്യാവൂ ങ്യാവൂ
കരവൂതും ചെയ്തവിടെ വലഞ്ഞൂ
അരികെയുള്ളൊരു പോട്ടിലിരിക്കും
പെരുതായുള്ളരൊ മൂഷികനപ്പോൾ

അരിയായുള്ളൊരു പൂച്ചത്തടിയൻ
കരയുന്നതു കേട്ടൊന്നുവിരണ്ടു
ഉരിയാടാതെ മുഖം കാട്ടുന്നതു-
മൊരുകുറി കണ്ടാൻ പൂച്ചയുമപ്പോൾ
സരസതയോടു വിളിച്ചാനവനെ
പരവശനായ് ഞാൻ മൂഷികവീര!
വലയിൽചാടി വലഞ്ഞിതുഞാനൊരു
ഫലമില്ലാതെ മരിപ്പാറായി

കലമാൻ പന്നികൾ വന്നുപതിച്ചാൽ
മലയന്മാർക്കതുതിന്മാൻ കൊള്ളാം.
വിലപിടിയാത്തൊരു പൂച്ച ലഭിച്ചാൽ
മലയനുമായതു തിന്മാനാകാ.
തലയിലെഴുത്തിൽ ബലമതുകൊണ്ടിഹ
വലയിൽപെട്ടു വലഞ്ഞു സഖേ! ഞാൻ
എലിയും പൂച്ചയുമന്യോന്യം ബഹു-
കലഹികളെന്നൊരു ചൊല്ലതുകൊള്ളാം.

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/70&oldid=160350" എന്ന താളിൽനിന്ന് ശേഖരിച്ചത്