താൾ:Ghoshayatra.djvu/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പച്ചിലയുള്ളൊരു പദവിക്കാരുടെ
എച്ചിലെടുപ്പാനിവർ ചിലർ കൊള്ളാം.
ചന്ത്രക്കാരനു വെറ്റതെറുപ്പാൻ
ചന്തക്കാരിലൊരുവൻ കൊള്ളാം.
കുട്ടിപ്പട്ടന്മാരുടെ ചുമടുകൾ
കെട്ടിപ്പോറാനൊരുവൻ കൊള്ളാം.
കല്പകവൃക്ഷം കാപ്പാനുള്ളൊരു
കല്പനകേൾപ്പാനൊരുവൻ കൊള്ളാം.
ആമ്പടികൂടുന്നവരുടെ വീട്ടിൽ
തൂമ്പകിളപ്പാനും ചിലർ കൊള്ളാം.
ഗോക്കളെമേപ്പാനും ചിലർ കൊള്ളാം
ശ്വാക്കളെ നോക്കാനും ചിലർ കൊള്ളാം
കാക്കവരുമ്പോൾ വക്കാണിപ്പാ-
നാക്കണമെങ്കിലതിവരെക്കൊള്ളാം.
ഈവക വിടുപണി ചെയ്യിപ്പാനിഹ
ദേവകൾ ചൊല്ലാൻ ഗന്ധർവ്വന്മാർ
ഇവരെക്കെട്ടിക്കൊണ്ടുതിരിപ്പാ-
നവകാശമിതെന്നടിയനു തോന്നി.
മറ്റൊരു കാര്യക്ലേശം ചെയ്യാൻ
നൂറ്റിലൊരുത്തനുമില്ലിഹനൂനം.
മാറ്റികളെപ്പുനരെന്തിനു നാമിഹ
മാറ്റിക്കൊൾവാൻ പണിചെയ്യുന്നു.
കുരുടെച്ചാരുടെ മക്കളെയൊക്കെ
തെരുതെരെ മമ ഗദകൊണ്ടടികൂട്ടി
പരിചൊടു കൊന്നുമൂടിപ്പാനായി-
പ്പലകുറിയടിയൻ ഭാവിച്ചപ്പോൾ

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/66&oldid=160345" എന്ന താളിൽനിന്ന് ശേഖരിച്ചത്