താൾ:Ghathakavadam ഘാതകവധം 1877.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൮൧


ന്നവരായിട്ടു ഒരുത്തരുമില്ലായിരുന്നു. ഒഴങ്ങളിൽ മാൎഗ്ഗവാസികളായിട്ടുള്ള പുലയരു ചുരുക്കം തന്നെ എന്നു അവർ പറഞ്ഞു. എങ്കിലും അഞ്ചു നാഴിക ദൂരത്തുള്ള ഒരു ഒഴത്തിലെ പുലയരു ക്രിസ്ത്യാനിമാൎഗ്ഗത്തെക്കുറിച്ചു സംസാരിക്കുന്നതു ഒരിട കേട്ടു അതിനെക്കുറിച്ചു ഒന്നും അപ്പോൾ വിചാരിച്ചില്ല എന്നു ആരോ ഒരുത്തൻ പറഞ്ഞു.

ൟ സമയം കോശികുൎയ്യനും സ്നേഹിതനും തങ്ങൾ വിചാരിച്ചിരുന്നതിനു മുമ്പു ല_ യെ വിട്ടു പോകുന്നതിനു ഒരു കാൎയ്യമുണ്ടായി അതായതു ഏകദേശം ഏഴു നാഴിക ദൂരെ തങ്ങൾ അറിയുന്ന ഒരു ക്രിസ്ത്യാനി മരിപ്പാൻ കിടക്കുന്നു എന്നും അച്ചനെ കാണ്മാൻ ആഗ്രഹിക്കുന്നു എന്നും ഒട്ടു ഉച്ചയായപ്പോൾ ഒരു ആളു വന്നു പറഞ്ഞതു തന്നെ. ദയവും നന്മയുമായുള്ള പ്രവർത്തികൾക്കു സദാ ഒരുങ്ങിയിരുന്ന ൟ നല്ല ആൾ ആ അപേക്ഷ പ്രകാരം ചെയ്യുന്നതിനു ഒട്ടും തൎക്കിച്ചില്ല. വൈകുന്നതിനു മുമ്പു താനും കോശികുൎയ്യനും കൂടെ അവിടേക്കു തിരിക്കയും ചെയ്തു. അവരുടെ വഴി അവിടവിടെ ഒഴം വെട്ടീട്ടുള്ള കാട്ടുപ്രദേശത്തു കൂടെയായിരുന്നു. ഒരു വശത്തു പാറയുള്ള ഒരു ആറും മറ്റെ വശത്തു വൃക്ഷങ്ങളുടെ ഇടവഴി നീല നിറമായി കാണുന്ന മലകൾ ദൂരത്തിലും ഉണ്ടായിരുന്നു. ഏകദേശം സന്ധ്യയോടു കൂടെ അവരുടെ വഴി പാതിയിലേറെയും കഴിഞ്ഞു കൃഷിസ്ഥലങ്ങൾ ഇല്ലാതെ കാടു മാത്രമുള്ള ഒരു വല്യ താഴ്‌വരയിലായി.അപ്പോൾ അവർ ഒരു പാട്ടു കേട്ടു. ശ്രദ്ധിച്ചപ്പോൾ മനുഷ്യരുടെ ശബ്ദം തന്നെയെന്നു നിശ്ചയമായി രാഗത്തിന്റെ ചേലു കേടു കൊണ്ടു വാക്കുകൾ തെളിഞ്ഞു കേട്ടതിനാൽ അതു "ഭാഗ്യം ഭാഗ്യം ഭാഗ്യം" എന്നിങ്ങിനെയുള്ള പാട്ടായിരുന്നു എന്നു അവർ ഉടനെയറിഞ്ഞു. ഇത്ര ദൂരെയുള്ള കാട്ടുപ്രദേശത്തു ക്രിസ്ത്യാനിപ്പാട്ടു കേട്ടതെങ്ങിനെ രാഗം പോരാത്തതെങ്കിലും “വനപ്രദേശം സന്തോഷിച്ചു. പനിനീർ പുഷ്പം പോലെ പൂക്കും" എന്നുള്ള ദീൎഘദർശനത്തിന്റെ ഒരു നിവൃത്തിയായിരുന്നു ഇതു എന്നു തോന്നും. ആ ശബ്ദം കേട്ട ചോവ്വിനു ഒരു ഊടുവഴിയെ അവർ നോക്കിയപ്പോൾ മലംകൃഷിക്കാൎക്കു സാധാരണയുള്ള കുടിലുകളെക്കാൾ കുറെ വലിപ്പത്തിൽ ഒരു വീടിന്റെമേൽകൂട്ടു അല്പം ഉയൎന്നു നില്ക്കുന്നതു അവർ കണ്ടു. ഇങ്ങിനത്ത ഏതാനും കുടിലുകൾ ആനയുടെയും മറ്റു വനവാസികളായ ക്രൂര ജന്തുക്കളുടെയും ഉപ

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/83&oldid=148745" എന്ന താളിൽനിന്ന് ശേഖരിച്ചത്