താൾ:Ghathakavadam ഘാതകവധം 1877.pdf/78

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൭൬


ക്കുവാനായിട്ടു തല പൊക്കിയിരിക്കുന്നു. ൟ കാൎയ്യത്തിൽ സംശയം വല്ലവൎക്കും ഉണ്ടെങ്കിൽ ആ കതകു പതുക്കെ തുറന്നു അകത്തേക്കു നോക്കിയാട്ടെ, അവിടെ നിഗളിയായ അപ്പൻ ദൈവത്തിന്റെ മുമ്പാകെ സാഷ്ടാംഗം വീണു കിടക്കുന്നതു കാണാം. തിരിച്ചു വരുന്ന ഒരു പാപിയേപ്പോലെ "പിതാവേ ഞാൻ സ്വൎഗ്ഗത്തിനു വിരോധമായും നിന്റെ മുമ്പാകെയും പാപം ചെയ്തു ഇനിമേൽ നിന്റെ പുത്രൻ എന്നു വിളിക്കപ്പെടുവാൻ ഞാൻ യോഗ്യനല്ല" എന്നിങ്ങിനെ പറയുന്നു. പിണക്കം ദീൎഘവും കടുപ്പവുമായിരുന്നു. മോചിക്കപ്പെട്ടിട്ടില്ലാത്തവയായ ഇരുണ്ട പാപമേഘങ്ങൾ അവന്റെ മുമ്പിൽ തെളിവായി നിരന്നു നീതി ചോദിച്ചു. കുറ്റമില്ലാത്തതും ഉപദ്രവമില്ലാത്തതുമായ കൊച്ചിന്റെ രക്തം പകരം വീഴ്ചയ്ക്കായി ഉറക്കെ നിലവിളിച്ചു. ഇരുണ്ടവയും നരകശിക്ഷക്കു യോഗ്യങ്ങളുമായ അനവധിവിചാരങ്ങൾ അവന്റെ മനസ്സിൽ ഇരച്ചുകേറി, എങ്കിലും ഇതിൽ ശക്തിയേറുന്ന ഒരു ശബ്ദം ൟ വിചാരങ്ങളുടെ മീതെ കേട്ടു, അതു “എങ്കലേക്കു നോക്കി നിങ്ങൾ രക്ഷപെടുവിൻ ഞാൻ ദൈവമാകുന്നു, മറ്റാരുമില്ല" എന്നിങ്ങനെ വിശുദ്ധ വചനത്തിൽ ദൈവം അവനോടു പറഞ്ഞ ശബ്ദം ആയിരുന്നു.

താൻ നന്നാ ആഗ്രഹത്തോടു കൂടെ അന്വേഷിച്ച ബന്ധുതയെ അശേഷം നിരസിച്ചു തന്റെ കുഡുംബത്തോടു കൂടെ വളരെ നാളായി വഴി തെറ്റിപ്പോയിരുന്ന ശുദ്ധ വിശ്വാസത്തിലേക്കു വീണ്ടും തിരിയെണമെന്നു ഉറപ്പായി നിശ്ചയിച്ചുംകൊണ്ടു കോശികുൎയ്യൻ ഒരു ഓലയെടുത്തു എളിയിൽനിന്ന് പൊൻ നാരായം ഊരി താഴെ വരുന്ന എഴുത്തു എഴുതുവാൻ ഒട്ടും തൎക്കിച്ചില്ല.

"ഉമ്മൻ തോമ്മാ അറിവാൻ" കോശികുൎയ്യൻ എഴുതുന്നതു. ഇന്നാളു തമ്മിൽ പറഞ്ഞതുപോലെ തങ്ങടെ മകനെ കൊണ്ടു എന്റെ മകൾ മറയത്തിനെ കെട്ടിക്കുന്നതിനു ഞാൻ തല്ക്കാലം ഓൎക്കാഞ്ഞ ചില കാൎയ്യങ്ങളെക്കുറിച്ചു പ്രത്യേകം ആലോചിപ്പാനുള്ളതാകകൊണ്ടു അവധി ഒന്നു മാറ്റി വയ്ക്കെണ്ടിയിരിക്കുന്നു. ഇതുകൊണ്ടു മുഷിച്ചിൽ തോന്നുകയില്ലെന്നു ഞാൻ ആശിക്കുന്നു. എങ്കിലും എന്റെ മകളുടെ ഭാഗ്യത്തെ മാത്രമെ ഞാൻ ആഗ്രഹിക്കുന്നുള്ളു എന്നു അതിനു വേണ്ടി ഇരുപാട്ടുകാരും അന്ന്യോന്ന്യം നല്ലവണ്ണം മനസ്സിലാകേണ്ടതാണു എന്നും ഞാൻ വിശ്വസിക്കും"

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/78&oldid=148736" എന്ന താളിൽനിന്ന് ശേഖരിച്ചത്