താൾ:Ghathakavadam ഘാതകവധം 1877.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൭൩


നോടൊട്ടു സ്നേഹവുമുണ്ടാകയില്ല. അവൻ എന്നെ കെട്ടെണ്ടാ. എന്റെ ശീലം ദയവും സ്നേഹവും കൊണ്ടുവഴങ്ങുന്നത തന്നെ എങ്കിലും അതില്ലാത്ത പക്ഷം ഭയങ്കരവും വഹിച്ചു കൂടാത്തതുമായിത്തീരും. ഞാൻ എത്ര മഹാ ദുഷ്ടയായിപ്പോകുമെന്നു വിചാരിപ്പാനെ ഞാൻ തുനിയുന്നില്ല. അപ്പാ ആ വല്ലാത്ത ചെറുക്കൻ എന്നെ വിവാഹം ചെയ്യെണ്ടാ. അങ്ങിനെ ചെയ്കയേക്കാൾ പാടത്തു പുലയരുടെ കൂടെ വേലയെടുപ്പാൻ എന്നെ വിട്ടേക്കുകയാകുന്നു ഇനിക്കു് നല്ലതു്"

ൟ സമയം കോശി കുൎയ്യൻ എഴുനീറ്റു അവളുടെ അടുക്കൽ ചെന്നു. എന്തെന്നാൽ അവളുടെ സൌന്ദൎയ്യമുള്ള മുഖത്തിന്റെ ഭാവഭേദം കണ്ടു അവൻ പേടിച്ചുപോയി. അവളുടെ അരിഷ്ട ഭാവം കണ്ടു ഉടനെ അവന്റെ ഹൃദയം അലിഞ്ഞു അവളേ അടുക്കലോട്ടു വലിച്ചു ഒന്നും ഉരിയാടാതെ നെഞ്ചോടു ചേൎത്തു പിടിച്ചു മറിയത്തിന്റെ ശീലം മുഴുവൻ പുറത്തു എടുക്കുന്നതിനുള്ള താക്കോൽ ഇതു തന്നെ. ഒരു സമയം കൂടെ അപ്പന്റെ അടുക്കൽ താൻ നില്ക്കന്നെല്ലൊ എന്നു അവൾക്കു തോന്നിയപ്പോൾ കണ്ണനീരു ഇറുവൊ എന്നു ഒഴുകി. അവൾ തന്നെ അതു തുടച്ചുകളകയും ചെയ്തു. അനന്തരം അവൾ “അപ്പന്റെ അടുക്കൽനിന്നു എന്നെ അയച്ചുകളകയില്ല അയയ്ക്കുമൊ അപ്പാ." എന്നിങ്ങിനെ പറഞ്ഞു. അതിനു കോശികുൎയ്യൻ മിണ്ടിയില്ല. കരച്ചിൽ നിന്നിട്ടു വൎത്തമാനം പറഞ്ഞുകൊള്ളാമെന്നു മാത്രം പറഞ്ഞു ചെള്ളയ്ക്കു കൂടെ ഒഴുകിയ കണ്ണുനീരു തുടച്ചുകളവാൻ അവൾ ശ്രമിച്ചു. കണ്ണുനീരു അവൾക്കു ഗുണം ചെയ്തു. അവളിൽ ഉണ്ടായിരുന്ന കോപഭാവം നീങ്ങി സ്നേഹവും സാവധാനവും വന്നു.

അപ്പൻ താഴെ വരുന്ന പ്രകാരം പറഞ്ഞുതുടങ്ങി. "മകളെ ഞാൻ ചെയ്തിരിക്കുന്നതിൽനിന്നു എന്റെ ഹൃദയത്തിൽ നിന്നോടു ക്രൂരത എന്തെങ്കിലും ഉണ്ടെന്നു നീ വിചാരിക്കരുതു. കൊച്ചിലെ കെട്ടിക്കുന്നതു നമ്മുടെ മൎയ്യാദയാണു. മുന്തിയ ആളുകളെക്കൊണ്ടു വിവാഹം കഴിപ്പിക്കുന്നതും ൟ നാട്ടാചാരം തന്നെ. എന്റെ സ്ഥിതികൾകൊണ്ടു നിനക്കു സ്ത്രീധനം കൂട്ടിത്തരുവാൻ ഇനിക്കു പ്രാപ്തിയുണ്ടു. അതുകൊണ്ടു എന്നെക്കാൾ സ്ഥാനമാനങ്ങളും വസ്തുവകകളും ഉള്ള ഒരു പുള്ളിയെ തിരക്കേണ്ടതു എന്റെ മുറയാകുന്നു എന്നു ഞാൻ വിചാരിച്ചു. പ്രൊത്തെസ്താന്തു സഭയിൽ ഒരാളിനു

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/75&oldid=148733" എന്ന താളിൽനിന്ന് ശേഖരിച്ചത്