താൾ:Ghathakavadam ഘാതകവധം 1877.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫൬


മറിയം. "ഞാനും കേട്ടിട്ടില്ല. എങ്കിലും അവൻ ബ്രഹ്മാവിനെ സേവിച്ചിട്ടു ഒരാശയും ആശ്വാസവും ഇല്ലാതിരിക്കെ ഇവിടെ സന്തോഷവും പിന്നീടു നിത്യസമാധാനവും ഉണ്ടാകുന്ന ഒരു സ്ഥിതിയിലേക്കു തിരിയേണ്ടയൊ. വിദ്യകളേയും ക്രിസ്ത്യാനി മാൎഗ്ഗത്തെയും കുറിച്ചു വായിക്കയും പഠിക്കയും ചെയ്യുമ്പോൾ ബ്രാഹ്മണരുടെ ഹൃദയത്തിൽ വെളിച്ചമുണ്ടാകും. അവരുടെ നിഗളം കൂടെയും അവൎക്കു ഉപകാരമായിത്തീരും. എങ്ങിനെയെന്നാൽ വൎദ്ധനവിൽ ഹീനന്മാരുടെ കൂട്ടത്തിലാകുന്നതിനെക്കുറിച്ചു അവൎക്കു ലജ്ജതോന്നും"

ഇങ്ങിനെ അവർ സംഭാഷണം ചെയ്യുമ്പോൾ മറിയം തീരാറായ ഒരു പണിച്ചട്ടയേൽ അസാരം തയ്യലുണ്ടായിരുന്നതു തയ്ക്കയായിരുന്നു. അതിന്റെ പുറത്തു പട്ടുനൂൽകൊണ്ടു അവൾ ഉണ്ടാക്കിയ കുരിശു പ്രിയത്തോടെ നോക്കി തിരിഞ്ഞു വറുഗീസിനൊടു “അമ്മയ്ക്കു പിറന്നാൾ സമ്മാനത്തിനായിട്ടു നീ വല്ലതും ഒരുക്കീട്ടുണ്ടായിരിക്കുമെന്നു ഇനിക്കു തോന്നുന്നില്ല" എന്നു പറഞ്ഞു.

ഇതിങ്കൽ വറുഗീസു ഉറക്കത്തിൽ നിന്നെന്നപോലെ ഒന്നു നടുങ്ങി. ബ്രാഹ്മണനോടു വൎത്തമാനം പറഞ്ഞതിൽ പിന്നെ അവന്റെ മുഖവും ഭാവവും തിരെ വ്യത്യാസപ്പെട്ടിരുന്നു. അവന്റെ മനസ്സിൽ ഏതാണ്ടൊ ഒരു അഗാധ വിചാരം ഉണ്ടായിരുന്നു.

"ഉവ്വ ഇനിക്കുണ്ടു" എന്നു അവൻ പറഞ്ഞു വീട്ടിലെക്കു ഓടി ഒരു വിശറിയുംകൊണ്ടു ഉടനെ തിരിച്ചുവന്നു.

“ഇതു ഞാൻ ഉണ്ടാക്കിയതാണു. ൟ കൈപിടിയേലുള്ള സർപ്പംപോലും എന്റെ പിച്ചാത്തികൊണ്ടു വെട്ടിയതു തന്നെ" എന്നു അവൻ പറഞ്ഞു.

മറിയം. "ഇതു ബഹു ചേലു തന്നെ. നീ ഗീവറുഗീസു പുണ്യവാളച്ചനല്ലെങ്കിലും കുറഞ്ഞ പക്ഷം ഗീവറുഗീസും മഹാ സൎപ്പവും തന്നെ"

വറുഗീസു. മറിയം! ബ്രാഹ്മണന്റെ മുഖംപോലെ മറ്റ ഒരാളിന്റേതും ഓൎക്കുന്നില്ലേ?

മറിയം. "ഇല്ല. നീയൊ?"

വറുഗീസു. "ഉവ്വ ഞാൻ അതു ഒാൎത്തൊൎത്തിരിക്കുന്നു"

മറിയം. ആരുടെയാ?

വറുഗീസു. “നമ്മുടെ അമ്മയുടെ മുഖം തന്നെ"

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/58&oldid=148717" എന്ന താളിൽനിന്ന് ശേഖരിച്ചത്