താൾ:Ghathakavadam ഘാതകവധം 1877.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩൬

നിൎത്തി ദിവസം മുഴുവനും നല്ലപോലെ വേല ചെയ്തു. ക്ഷീണിച്ച സ്ത്രീകളും കിടാങ്ങളും കറ്റ പെറുക്കി അടുക്കുകയും മറ്റും ചെയ്തു. ഞാൻ മുമ്പെ പറഞ്ഞതുപോലെ ആറ്റിൽ വെച്ചുണ്ടായ സംഗതിയുടെ ശേഷം ചില ദിവസങ്ങൾ കഴിഞ്ഞപ്പോൾ മറിയം അതിൽ വെച്ചു വന്ന ദീനങ്ങൾ എല്ലാം സൌഖ്യമായി. കാലത്തെ വെപ്പിനു തന്റെ അമ്മയോടു കൂടെ പരിശ്രമിക്കുയായിരുന്നു. അപ്പനു അവളുടെ പഠിത്വത്തെക്കുറിച്ചു പ്രശംസയുണ്ടായിരുന്നതുപോലെ ഊൺവകയ്ക്കുള്ള അരി പാറ്റി കൊഴിക്കുന്നതിൽ കാണായിരുന്ന കൈച്ചുറുക്കിനെക്കുറിച്ചു അവളുടെ അമ്മയ്ക്കു നിഗളം ഉണ്ടായിരുന്നു. നിമിഷത്തിൽ ഊണുകാലമായി. അപ്പൻ വരുന്ന നേരമായി എന്ന അവൾക്കു തോന്നീട്ടു കൈ കഴുകി അടുക്കളയിലെ ചൂടുകൊണ്ടു മാറ്റിയിട്ടിരുന്ന ചട്ടയുമെടുത്തിട്ടു. അമ്മയുടെ മടിയിൽനിന്നു കുഞ്ഞിനെ എടുപ്പാൻ അവൾ കുനിഞ്ഞപ്പോൾ അമ്മയെ ചുംബനം ചെയ്തു. താൻ ചെയ്ത പരിശ്രമത്തിനു നന്ദിയോടു കൂടിയ ഒരു പുഞ്ചിരി അവളിൽനിന്നു തിരികെ കയ്ക്കൊള്ളുകയും ചെയ്തു. മറിയം വീട്ടുജോലികൾ നോക്കെണമെന്നു അവളുടെ മാതാപിതാക്കന്മാർ വിചാരിച്ചിരുന്നതു ൟ ഒരു സമയം മാത്രമെയുണ്ടായിന്നുരുന്നുള്ളു. കാലത്തെ ഊണുമുതൽ ഉച്ചവരയ്ക്കും അവൾ തന്റെ കൊച്ചു അനുജത്തികളെ പഠിപ്പിച്ചുവന്നു. ഉച്ചതിരിഞ്ഞിട്ടു അവൾ പഠിച്ചിട്ടുള്ളതു ഉരുവിടുകയും അതിൽ വൎദ്ധനവുണ്ടാക്കെണ്ടതിനു ശ്രമിക്കയും ചെയ്തു. വൈകീട്ടു ഉറക്കെ വായിക്കയൊ തന്റെ അപ്പന്റെ കണക്കെഴുത്തിൽ സഹായിക്കയൊ പതിവായിരുന്നു. കഞ്ഞിനെ എടുത്തുകൊണ്ടു മാവിന്റെ ചുവട്ടിൽ അമ്മൂമ്മയോടും പിള്ളേരോടും കൂടെ അവൾ ചെന്നു കൂടി. ഒരു വല്ല്ല്യ വൃത്തിയുള്ള പായവിരിച്ചു അതിന്മേൽ വൃദ്ധസ്ത്രീയുടെ വരുതി പ്രകാരം തിര എടുക്കേണ്ടതിനു കൊച്ചു കൈകൾകൊണ്ടു മാങ്ങാച്ചാറു പിഴിഞ്ഞു തേച്ചുകൊണ്ടിരുന്നു. അപ്പോൾ മറിയം "മതി ഇനി ചെന്നു ചോറുണ്ണുവാൻ കൈകഴുകുവിൻ" എന്നു അവരോടു പറഞ്ഞു. ആ സമയംതന്നെ ആറ്റിൽ തുഴയുടെ ശബ്ദം കേട്ടു അപ്പൻ തിരിച്ചു വരിക ആകുന്നു എന്നു എല്ലാവരും വിചാരിച്ചു. പിള്ളേരെല്ലാം കൈകഴുകുവാനായിട്ടു കിണറ്റുകരയോട്ടു ഓടിപ്പോയി. മറിയം ആരായിരിക്കും വരുന്നതു എന്നു കാണ്മാനായിട്ടു കടവിലെ കല്പടിയിങ്കലോട്ടു നോക്കി

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/36&oldid=148784" എന്ന താളിൽനിന്ന് ശേഖരിച്ചത്