താൾ:Ghathakavadam ഘാതകവധം 1877.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧൨

ള്ള വിചാരം തീരുമാനം കൂടാതെ ശുദ്ധമാന ശാബത നാൾ മുഴവനും അവൾ ഓരൊ വേലകളിൽ എൎപ്പെട്ടിരുന്നു. “ൟ ലോകത്തിൽ നമുക്കു നിത്യമായ വാസസ്ഥലമില്ലായ്കയാൽ'" വരുവാനിരിക്കുന്നതിനെ അന്വേഷിക്കേണമെന്നുള്ള വിചാരം ആ വീട്ടിലുള്ളവരിൽ മറിയത്തിന്റെ അമ്മൂമ്മയ്ക്കു മാത്രമെ ഉണ്ടായിരുന്നുള്ളു. അവൾക്കു പഠിത്വം ഏറെ ഇല്ലായിരുന്നു എങ്കിലും തന്റെ ഹൃദയം ദൈവത്തിനു ഇഷ്ടകരമായിരിക്കെണമെന്നുള്ള ആ സത്യ രഹസ്യം അവൾ അറിഞ്ഞിരുന്നു. തന്റെ വേദപുസ്തകത്തെ അവൾ സ്നേഹിച്ചു. അവളുടെ പ്രാൎത്ഥനകൾ തീഷ്ണതയുള്ളവയും താഴ്മയും അനുതാപവുമുള്ള ഹൃദയത്തിന്റെ അഗാധത്തിൽനിന്നു ഉയരുന്നവയുമായിരുന്നു. മറിയം തന്റെ കൊച്ചനുജത്തികളെ വിളിച്ചിരുത്തി വേദവാക്യങ്ങളിൽ നിന്നെടുത്തു അവരെ പറഞ്ഞു കേൾപ്പിച്ചുവന്ന ചെറിയ കഥകളിൽ ൟ വൃദ്ധസ്ത്രീ ദിവസം തോറും സന്തോഷത്തോടുകൂടെ ശ്രദ്ധിച്ചു ഇരുന്നു.

നമ്മൾ ഇപ്പോൾ പറഞ്ഞുവരുന്ന കാൎയ്യങ്ങളുടെ സംഭവത്തിങ്കൽ അവരെല്ലാവരും മറിയം തങ്ങളോടു പറയാമെന്നു പറഞ്ഞിരുന്ന കഥ കേൾപ്പാൻ ആഗ്രഹത്തോടുകൂടെ മാവിന്റെ ചുവട്ടിൽ അവളുടെ ചുറ്റും കൂടിയിരുന്നു ആദ്യം തന്നെ ഒരു പാട്ടുപാടി. അതു കഴിഞ്ഞശേഷം എല്ലാവരും ൟ ചെറിയ ആശാട്ടിയെ നോക്കിക്കൊണ്ടിരുന്നു. അപ്പോൾ അവൾ പറഞ്ഞു തുടങ്ങി "ഞാൻ നിങ്ങളോടു ദൈവത്തിനു പാപികളോടുള്ള സ്നേഹത്തെക്കുറിച്ചാകുന്നു പറവാൻ പോകുന്നതു."

ഉടനെ പൈതങ്ങൾ "ജ്യേഷ്ഠത്തി എന്നാൽ അതൊരു കഥയാക്കിപ്പറഞ്ഞാട്ടെ ഞങ്ങൾക്കു അതാണു അധിക രസം എന്നു പറഞ്ഞു.

മറിയം. "കൊള്ളാം എന്നാൽ കഥ തന്നെ പറയാം. ഒരെടത്തു ഒരു മഹാരാജാവുണ്ടായിരുന്നു. അവൻ ഒരു വല്ല ഭംഗിയുള്ള കൊട്ടാരത്തിൽ തന്റെ ഏക പുത്രനോടു കൂടെ പാൎത്തിരുന്നു. അതു ഒരു ഉയൎന്ന കുന്നേൽ അശേഷം കാണ്ണാടി കൊണ്ടു പണിയപ്പെട്ടതായിരുന്നു രാജാവിനു അവിടെയിരുന്നുംകൊണ്ടു ഏതു വശത്തൊട്ടു നോക്കിയാലും തന്റെ രാജ്യം എല്ലാം കാണായിരുന്നു. അനവധി ചെറിയ ചെറിയഗ്രാമങ്ങളും അടുക്കലടുക്കൽ പട്ടണങ്ങളും ഉണ്ടായിരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Ghathakavadam_ഘാതകവധം_1877.pdf/10&oldid=148477" എന്ന താളിൽനിന്ന് ശേഖരിച്ചത്