താൾ:Gadgil report.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011

............................................................................................................................................................................................................

മഹാരാഷ്‌ട്ര സംസ്ഥാനത്ത്‌ 4 പരിസ്ഥിതി ദുർബ്ബല മേഖലകളാണ്‌ രൂപീകരിച്ചത്‌. മുരുട്‌-ജാൻജിറ, ദഹനു താലൂക്ക്‌, മാതേരൻ, മഹാബലേശ്വർ-പഞ്ചഗനി എന്നിവയാണിവ. തുടർ നടപടികൾ സ്വീകരിക്കുന്നതിൽ കേന്ദ്ര - സംസ്ഥാന സർക്കാർ അധികൃതർ ഒരുപോലെ വിമുഖരാണെന്നതാണ്‌ അനുഭവം. ഉദാഹരണത്തിന്‌ 19-12-1996ൽ ദഹന താലൂക്ക്‌ പരിസ്ഥിതി സംരക്ഷണ അതോറിറ്റി രൂപീകരിച്ചത്‌ ഒരു വർഷത്തേക്കാണ്‌. തുടർന്ന്‌ ആദ്യം രണ്ട്‌ മാസത്തേക്കും പിന്നെ മൂന്ന്‌ മാസത്തേക്കും തുടർന്ന്‌ ആറു മാസത്തേക്കും കാലാവുധി ദീർഘിപ്പിച്ചു. അതോറിറ്റിയുടെ അവലോകനശേഷി കണക്കിലെടുത്ത്‌ ഇതൊരു സ്ഥിരം സംവിധാനമാക്കണമെന്ന്‌ പരിസ്ഥിതി - വനം മന്ത്രാലയത്തോട്‌ അഭ്യർത്ഥിച്ചെങ്കിലും വീണ്ടും 6 മാസത്തേക്കു കൂടി കാലാവധി നീട്ടാനേ മന്ത്രാലയം തയ്യാറായുള്ളൂ. തുടർന്ന്‌ കോടതി ഇടപെടലിലൂടെയാണ്‌ പരിസ്ഥിതി (സംരക്ഷണ) നിയമത്തിലെ (1986) വ്യവസ്ഥകൾ പ്രകാരം നിർദ്ദേശങ്ങളും മറ്റും നൽകാനുള്ള അധികാരം അതോറിറ്റിക്ക്‌ സിദ്ധിച്ചത്‌.

മഹാബലേശ്വർ - പഞ്ചഗനി ഉന്നതതല അവലോകന സമിതിയും തുടർച്ചയ്‌ക്ക്‌ നേരിട്ട തടസ്സവും അധികാരമില്ലായ്‌മയും മൂലം കടുത്ത പ്രതിസന്ധിയിലായി. മഹാബലേശ്വർ ഉന്നതതല സമിതിയുമായും മറ്റ്‌ പ്രവർത്തകരുമായും ഈ സമിതി നടത്തിയ ചർച്ചകളിലും പ്രാദേശിക സമൂഹവുമായി നടത്തിയ ചർച്ചകളിലും സന്ദർശനങ്ങളിലും ഒരു സമ്മിശ്ര പ്രതികരണമാണ്‌ ലഭിച്ചത്‌. നിർഭാഗ്യവശാൽ 2002 മുതൽ 2005 വരെ ഇത്തരമൊരു സമിതിയേ നിലവിലുണ്ടായിരുന്നില്ല. മുൻപതിവിൽ നിന്ന്‌ വ്യത്യസ്‌തമായി നിലവിലുള്ള ചെയർമാൻ ശ്രീ.ദേവ്‌ ഗുപ്‌തയുടെ നേതൃത്വത്തിൽ സമിതി അംഗങ്ങൾ ജനങ്ങളിലേക്കെത്താനും അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനും തയ്യാറായി. ഇത്തരം സമിതികളുടെ സമീപനത്തിൽ വന്ന പാകപ്പിഴകൾ മൂലം പരിസ്ഥിതി ദുർബ്ബല മേഖലകൾ പുറമേ നിന്ന്‌ അവരുടെ മേൽ അടിച്ചേല്‌പിക്കപ്പെട്ടതാണെന്നും തങ്ങളെ പീഡിപ്പിക്കാനും ചൂഷണം ചെയ്യാനുമുള്ള അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ ഒരുപാധിയാണിതെന്നും ജനങ്ങൾ ധരിച്ചുവശായി. സ്വന്തം കൃഷിയിടത്തിൽ കുഴൽകിണർ കുഴിക്കാൻ അനുമതി ലഭിക്കാൻ ഉദ്യോഗസ്ഥർക്ക്‌ 20,000 രൂപ കൈകൂലി കൊടുക്കേണ്ടിവന്നത്‌ സംബന്ധിച്ച പരാതി ഈ സമിതിക്ക്‌ ലഭിച്ചിരുന്നു. മഹാബലേശ്വർ - പഞ്ചഗനി മേഖലകളിൽ പട്ടിക വർഗ്ഗക്കാരും പരമ്പരാഗത വനവാസികളും ധാരാളമുണ്ടായിരുന്നു. ആകയാൽ വനാവകാശനിയമം അഞ്ചുവർഷം മുൻപ്‌ ഇവർക്ക്‌ നടപ്പാക്കേണ്ടതായിരുന്നു. ഇക്കാര്യത്തിൽ യാതൊരു ശ്രമവുമുണ്ടായിട്ടില്ല. ചൂഷണം തുടരാൻ വേണ്ടി ആയിരുന്നു ഇതെന്ന്‌ അനുമാനിക്കണം. സ്വന്തം ഗ്രാമത്തിലേക്കുള്ള പഴയ വഴികൾ പോലും വനംവകുപ്പ്‌ ട്രഞ്ചുകൾ കുഴിച്ച്‌ തട പ്പെടുത്തുന്നതായി പരാതി ഉയർന്നിരുന്നു. തുടർന്ന്‌ ശ്രീ മാധവ്‌ ഗാഡ്‌ഗിൽ നേരിട്ട്‌ ഈ വിഷയം പരിശോധിച്ചു. കൈകൂലി വാങ്ങികൊണ്ട്‌ അപ്പോഴേക്ക്‌ ഈ ട്രഞ്ചുകൾ മണ്ണിട്ട്‌ നിരപ്പാക്കിയതാണ്‌ കാണാൻ കഴിഞ്ഞത്‌. മുംബൈ പരിസ്ഥിതി ആക്ഷൻ ഗ്രൂപ്പ്‌ മാതേരനിൽ അവർ തന്നെ പ്രമോട്ട്‌ ചെയ്യുന്ന ഒരു പരിസ്ഥിതി ദുർബ്ബല മേഖല സന്ദർശ്ശിക്കാൻ പോലീസ്‌ സംരക്ഷണം തേടിയതിൽ നിന്ന്‌ ഇതിലെജനപങ്കാളിത്തത്തിന്റെ അഭാവം മനസ്സിലാക്കാവുന്നതാണ്‌ (Kapoor. M: K Kohli and M Menon 2009)

7, 8, 9 ബോക്‌സുകൾ ഈ അനുഭവങ്ങൾ പങ്കുവെയ്‌ക്കുന്നു.

............................................................................................................................................................................................................

28


"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/55&oldid=159437" എന്ന താളിൽനിന്ന് ശേഖരിച്ചത്