താൾ:Gadgil report.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പശ്ചിമഘട്ട സമിതി റിപ്പോർട്ട്‌ - 2011


ഏർപ്പെടുത്തണം. മേഖല രണ്ടിൽ സ്ഥിതിഗതികൾ മെച്ചപ്പെടുത്തുന്നതിനനുസരിച്ച്‌ ഖനനം മൂലം പരിസ്ഥിതിയിലും മനുഷ്യരുടെ ആരോഗ്യസ്ഥിതിയിലും ജൈവവൈവിദ്ധ്യത്തിലും ഉണ്ടാകുന്ന ആഘാതങ്ങൾ ഒരു വിദഗ്‌ധ സമിതി വിലയിരുത്തുന്നതിന്റെ അടിസ്ഥാനത്തിൽ പരിസ്ഥിതി ക്ലിയറൻസിനുള്ള മൊറട്ടോറിയം പുനരാലോചനയ്‌ക്ക്‌ വിധേയമാക്കാവുന്നതാണ്‌.

മഹാരാഷ്‌ട്രയിലെ രത്‌നഗിരി, സിന്ധു ദുർഗജില്ലകളിലെ ഖനനം, ഊർജ്ജ ഉൽപ്പാദനം, മലിനീകരണ വ്യവസായങ്ങൾ എന്നിവയുടെ തുടർന്നുള്ള വികസനത്തിന്‌ അനുയോജ്യമായൊരു മാതൃകയ്‌ക്ക്‌ രൂപം നൽകണമെന്ന്‌ സമിതിയോട്‌ ആവശ്യപ്പെട്ടിരുന്നു. ഈ ജില്ലകളുടെ ചിലഭാഗങ്ങൾ മാത്രമേ പശ്ചിമഘട്ടത്തിൽ പെടുന്നുള്ളൂ. സമിതി അവയെ പരിസ്ഥിതി ദുർബലമേഖലകളായി തരം തിരക്കുകയും മാർഗ്ഗരേഖകൾക്ക്‌ രൂപം നൽകുകയും ചെയ്‌തിട്ടുണ്ട്‌. ഈ ജില്ലകളിൽ പശ്ചിമഘട്ടത്തിൽ പെടുന്ന ഭാഗങ്ങളിൽ മേഖല ഒന്നും രണ്ടുമായി നിർണ്ണയിച്ചിട്ടുള്ള പ്രദേശങ്ങളിൽ ഖനനത്തിന്‌ പരിസ്ഥിതി ക്ലിയറൻസ്‌ നൽകുന്നതിന്‌ മൊറട്ടോറിയം ഏർപ്പെടുത്തണമെന്നാണ്‌ സമിതി ശുപാർശ. മേഖല ഒന്നിൽ 2016ഓടെ ഘട്ടംഘട്ടമായി ഖനനം അവസാനിപ്പിക്കണം. മേഖല രണ്ടിൽ നിലവിലുള്ള ഖനനം കർശനനിയന്ത്രണങ്ങളുടെയും ഫലപ്രദമായ സോഷ്യൽ ആഡിറ്റിന്റെയും അടിസ്ഥാനത്തിൽ മാത്രമേ തുടരാവൂ. മേഖല ഒന്നിലും രണ്ടിലും കല്‌ക്കരി അധിഷ്‌ഠിത ഊർജ്ജഉൽപ്പാദന ശാലകൾ ഉൾപ്പെടെയുള്ള ഒരു പുതിയ വ്യവസായങ്ങൾക്കും (ചുവപ്പ്‌,ഓറഞ്ച്‌ വിഭാഗത്തിൽ പെടുന്നവ) അനുമതി നൽകാൻ പാടില്ല. ചുവപ്പ്‌, ഓറഞ്ച്‌ വിഭാഗത്തിൽ പെടുന്ന നിലവിലുള്ള വ്യവസായങ്ങൾ 2016 ഓടെ പൂജ്യം മലിനീകരണ നിലവാരത്തിലെത്താൻ നിർദ്ദേശിക്കണം. ഇതിനായി ഫലപ്രദമായ സോഷ്യൽ ആഡിറ്റിങ്ങ്‌ സംവിധാനം ഏർപ്പെടുത്തുകയും വേണമെന്ന്‌ സമിതി ശുപാർശ ചെയ്യുന്നു.

രത്‌നഗിരി, സിന്ധു ദുർഗ്ഗ ജില്ലകളിൽ പശ്ചിമഘട്ടത്തിൽ പെടാത്ത ഭാഗങ്ങളുടെ വ്യക്തമായ വിവരങ്ങൾ ശേഖരിക്കാനോ അവയുടെ പരിസ്ഥിതി ദുർബല അവസ്ഥ നിർണ്ണയിക്കാനോ സമിതി ശ്രമിച്ചില്ല. എന്നാൽ സമിതി ഇവിടത്തെ സമതലങ്ങളിലും തീരദേശത്തും നടത്തിയ പരിമിതമായ പഠനത്തിൽ ഈ പ്രദേശങ്ങൾ കടുത്ത പാരിസ്ഥിതികവും സാമൂഹ്യവുമായ പ്രശ്‌നങ്ങൾ നേരിടുന്നതായി മനസ്സിലാക്കാൻ കഴിഞ്ഞു. ഈ പ്രദേശങ്ങളിലും മഹാരാഷ്‌ട്രയിലെ റയിഗഢ്‌ ജില്ലയിലും ഗോവ സംസ്ഥാനത്തും ഇവിടെ നടക്കുന്ന വിവിധ വികസന പ്രവർത്തനങ്ങളുടെ മൊത്തത്തിലുള്ള ആഘാതത്തെപ്പറ്റി ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഓഷ്യാനോഗ്രാഫിയുടെ നേതൃത്വത്തിൽ വിപുലമായൊരു അപഗ്രഥനം നടത്തുന്നത്‌ നന്നായിരിക്കുമെന്ന്‌ സമിതി ശുപാർശ ചെയ്യുന്നു. രത്‌നഗിരി, സിന്ധു ദുർഗ ജില്ലകളിലെ സമതലങ്ങളിലും തീരദേശങ്ങളിലും ഖനനത്തിനും ചുവപ്പ്‌, ഓറഞ്ച്‌ വിഭാഗം വ്യവസായങ്ങൾക്കും പരിസ്ഥിതി ക്ലിയറൻസ്‌ നൽകുന്നതിന്‌ നിലവിലുള്ള മൊറട്ടോറിയം ഈ അപഗ്രഥന പഠനം പൂർത്തിയാകുന്നതുവരെ തുടരണമെന്നും സമിതി ശുപാർശ ചെയ്യുന്നു. പഠനത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ മൊറട്ടോറിയം പുന:പരിശോധിക്കാവുന്നതാണ്‌.

പശ്ചിമഘട്ടത്തിലുടനീളം കണ്ടുവരുന്ന പരിസ്ഥിതി സംരക്ഷണത്തിലെ വീഴ്‌ച പരിഹരിക്കാൻ അടിയന്തിരനടപടി ആവശ്യമാണെന്ന്‌ സമിതി വിശ്വസിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തെ സംബന്ധിച്ച്‌ ജനങ്ങളുടെ അവബോധത്തെ സമിതി അംഗീകരിക്കുകയും ഇക്കാര്യത്തിലുള്ള അവരുടെ പരിമിതികളെ മനസ്സിലാക്കുകയും ചെയ്യുന്നു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പരമാവധി ജനപങ്കാളിത്തം ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കണമെന്ന്‌ പരിസ്ഥിതി-വനം മന്ത്രാലയത്തോട്‌ സമിതി ആവശ്യപ്പെടുന്നു.

വനം അവകാശനിയമത്തിലെ സാമൂഹ്യ വനവൽക്കരണ പരിപാടി നടപ്പിലാക്കുക, എല്ലാ തദ്ദേശഭരണസ്ഥാപനങ്ങളിലും പൂർണ്ണഅധികാരം നൽകിയുള്ള ജൈവവൈവിധ്യസംരക്ഷണ സമിതികൾ രൂപീകരിക്കുക, കേരള സംസ്ഥാന ജൈവവൈവിദ്ധ്യബോർഡ്‌ ഉടുമ്പഞ്ചോല താലൂക്കിൽ നടപ്പിലാക്കിയ മാതൃകയിൽ ജൈവവൈവിധ്യസംരക്ഷണ പ്രവർത്തനങ്ങൾ പ്രാത്സാഹിപ്പിക്കുക, പരിസ്ഥിതി ആഘാതഅപഗ്രഥനങ്ങളും ക്ലിയറൻസ്‌ നടപടികളും കാലോചിതമായി പരിഷ്‌ക്കരിക്കുക, പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച്‌ ജനങ്ങളെ പരമാവധി ബോധവൽക്കരിക്കുക, പര്യാവരൺ വാഹിനി പരിപാടി (Paryavaran Vahini Programme) പുനരാരംഭിക്കുക, ആന്ധ്രപ്രദേശിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമ തൊഴിലുറപ്പ്‌ ചട്ടത്തിന്റെ മാതൃകയിൽ എല്ലാ പരിസ്ഥിതി സംരക്ഷണ പരിപാടികൾക്കും സോഷ്യൽ ആഡിറ്റ്‌ ഏർപ്പെടുത്തുക എന്നിവയാണ്‌ ഇതുകൊണ്ടുദ്ദേശിക്കുന്നത്‌.


2


"https://ml.wikisource.org/w/index.php?title=താൾ:Gadgil_report.pdf/29&oldid=159379" എന്ന താളിൽനിന്ന് ശേഖരിച്ചത്