താൾ:Ente naadu kadathal.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


നിമിഷം ഈ എതിർപ്പ് പുനരുജ്ജീവിക്കും. എത്രതന്നെ നിസ്സാരമാണെങ്കിലും ഏതൊരു ചെറിയ സംഭവത്തെയും, അണിനിരക്കാനും അണിനിരത്താനുമുള്ള ഒരു ആഹ്വാനമായി അവർ ഉപയോഗിക്കാൻ മടിക്കയുമില്ല. അതുകൊണ്ട് വളരെ താമസിച്ചാണെങ്കിലും 1910 സെപ്തംബറിൽ അവസാനമായും സ്വീകരിച്ച നിശ്ചയദാർഢ്യത്തിന്റേതായ നയത്തിൽ വിടാപ്പിടിയോടെ ഉറച്ചുനിൽക്കണമെന്നു ഡർബാറിനെ ആത്മാർത്ഥതയോടെ ഞാൻ ഉപദേശിക്കുന്നു. രാമകൃഷ്ണപിള്ള യഥകാലം മഹാരാജാവു തിരുമനസ്സിലെ കരുണ യാചിച്ചു കാലിൽ വീഴുകയും സംസ്ഥാനത്തേക്കു മടങ്ങിവരുന്നതിനുള്ള അനുവാദത്തിനു പ്രാർത്ഥിക്കുകയും ചെയ്യുമെന്നതിൽ യാതൊരു സംശയവുമില്ല. ആ അവസരം വരുമ്പോൾ, ഈ പ്രശ്നങ്ങളൊക്കെയും തീർത്തും പരിഗണിക്കുകയും നിലവിലുള്ള സാഹചര്യങ്ങളുടെ ആകെത്തുക ശ്രദ്ധാപൂർവം കണക്കിലെടുക്കുകയും വേണം. രാമകൃഷ്ണപിള്ളയ്ക്കു തിരിച്ചുവരുന്നതിനുള്ള അനുവാദം നൽകുന്നതിന് മഹാരാജാവിനു ദയവുണ്ടാകുന്നുവെങ്കിൽ, മഹാരാജാവിനും അവിടുത്തെ ഗവൺമെന്റിനും അവിടുത്തെ ദിവാൻജിമാർക്കും ഡർബാറിന്റെ മറ്റുദ്യോഗസ്ഥൻമാർക്കും എതിരായി നടത്തിയ നീചവും വിദ്വേഷം നിറഞ്ഞതുമായ എല്ലാ ആക്രമണങ്ങൾക്കും അയാളെക്കൊണ്ട് പരസ്യമായി ക്ഷമായാചനം ചെയ്യിക്കണമെന്നത് എന്റെ അഭിപ്രായത്തിൽ അത്യന്താപേക്ഷിതമാണ്. മാത്രമല്ല, ഭാവിയിൽ നല്ല നടത്തിപ്പിനും മതിയായ ജാമ്യം അയാളിൽനിന്നും വാങ്ങുക എന്ന മുൻകരുതലും തള്ളിക്കളയാവതല്ല. എന്തുതന്നെയായാലും നിരോധിച്ച പത്രം പുനഃപ്രസിദ്ധീകരിക്കുന്നതിന് അനുവദിക്കുന്നതും കണ്ടുകെട്ടിയ പ്രസ് മടക്കിക്കൊടുക്കുന്നതും ഗൗരവമേറിയ തെറ്റുകളായിരിക്കും. രാമകൃഷ്ണപിള്ള ഒരു ദരിദ്രനായിരുന്നു; പ്രസ്സിന്റെ നാമമാത്രമായ ഉടമയുമായിരുന്നു. അയാളുടെ നയങ്ങൾക്കു വഴികാട്ടികളായി അയാളുടെ പിന്നിൽ ഉണ്ടായിരുന്ന ചരടുവലിക്കാരിൽനിന്നുമായിരിക്കണം അയാൾക്ക് ആവശ്യമായി പണം ലഭിച്ചിരുന്നത്.

തിരുവനന്തപുരം
1912 ആഗസ്റ്റ് 15
പി. രാജഗോപാലാചാരി
തിരുവിതാംകൂർ ദിവാൻ


കുറിപ്പ്: ഈ റിപ്പോർട്ട് എഴുതാനാരംഭിച്ചപ്പോൾ, തിരുവിതാംകൂർ പീനൽകോഡിൽ `രാജദ്രോഹം' സംബന്ധിച്ച വകുപ്പുകളുടേയും തിരുവിതാംകൂർ പത്രനിയമത്തിന്റെയും ഒരു പുനഃപ്പരിശോധന നടത്തണമെന്നു ഞാൻ വിചാരിച്ചിരുന്നു. ഇത് ഫലപ്രദമാകണമെങ്കിൽ ആഷ് വധക്കേസിന്റെ വിസ്താരത്തിലും മറ്റു സംഭവങ്ങളിലും വെളിപ്പെട്ട വിവരങ്ങളെ പരിഗണിച്ച്, തിരുവിതാംകൂറിനു വെളിയിൽ പ്രസിദ്ധീകരിക്കുന്നതും തിരുവിതാംകൂറിൽ വിതരണത്തിനയയ്ക്കുന്നതുമായ പത്രങ്ങളെ സംബന്ധിച്ചും നടപടി കൈക്കൊള്ളേണ്ടതാണ്. ഈ പ്രശ്നങ്ങളെയെല്ലാം സംബന്ധിച്ച ഞാൻ മറ്റൊരു പ്രത്യേക റിപ്പോർട്ടിൽ പ്രതിപാദിക്കുന്നതാണ്.

പി. ആർ.
ദിവാൻ
15-8-1912


"https://ml.wikisource.org/w/index.php?title=താൾ:Ente_naadu_kadathal.pdf/84&oldid=159056" എന്ന താളിൽനിന്ന് ശേഖരിച്ചത്