കുന്നു ഇടയ്ക്കിടയ്ക്ക് മി. വി.പി. മാധവരായരെപ്പോലെ ധീരന്മാരായ ഏതാനും ചിലരെ മന്ത്രിപദത്തിൽ നിയമിച്ചിരുന്നതിനാൽ, അക്കാലങ്ങളിൽ അഴിമതി മങ്ങിയിരുന്നു എന്നു വരികിലും, മി. ഗോപാലാചാര്യരെപ്പോലെയുള്ള ചില 'അരമനദാസ'ന്മാരുടെ ഭരണത്തിൽ ഈ ദോഷം ഉജ്ജ്വലിച്ചുകണ്ടിരിക്കുന്നു. തിരുവിതാംകൂർ രാജ്യഭരണകാര്യങ്ങളിൽ, രാജസേവകന്മാർ എങ്ങനെയൊക്കെ തലയിടുന്നുണ്ടെന്നും; ഏതു പ്രകാരങ്ങളിൽ നീതിയെ നശിപ്പിക്കുന്നുവെന്നും, ജനങ്ങളുടെ പണം ഏതു മാർഗ്ഗത്തിൽ ഈ സേവകന്മാരുടെ കൈകളിൽ എത്തുന്നു എന്നും മറ്റുമുള്ള സംഗതികൾ, പ്രസിദ്ധപ്പെട്ട് വടശ്ശേരികോവിൽക്കേസ്സ് മുഖേന വെളിപ്പെട്ടിട്ടുണ്ട്. ഇക്കേസ്സിലെ റിക്കാർട്ടുകൾ, തിരുവിതാംകൂറിലെ ഇപ്പോഴത്തെ രാജസേവകന്മാരുടെ അഴിമതികൾക്ക് ഒരു ശാശ്വതമായ സ്മാരകസ്തംഭമായി നിൽക്കുന്നുണ്ട്. വടശ്ശേരികോവിൽക്കേസിൽ പ്രധാന നടനായി അരങ്ങത്തിറങ്ങാതെ കളിച്ചിരിക്കുന്ന 'സേവകൻ ശങ്കരൻതമ്പി' അവർകളുടെ ആതതായിത്വത്തെ തെളിയിക്കുന്നതിന് ഒന്നാന്തരം ലക്ഷ്യമായ പൂഞ്ഞാറ്റിടവകക്കേസിന്റെ പ്രദർശിപ്പിക്കപ്പെടാത്ത പലേ രംഗങ്ങളും ജനങ്ങൾക്കു ദിദൃക്ഷുത്വത്തെ വർധിപ്പിക്കുമെന്നുതന്നെ ഞങ്ങൾ വിചാരിക്കുന്നു. പൂഞ്ഞാറ്റിടവകയും തിരുവിതാംകൂർ സർക്കാരും തമ്മിൽ അഞ്ചുനാടു സംബന്ധിച്ച് കുറെക്കാലം മുമ്പു നടന്ന വഴക്ക് ഏതുവിധം കലാശിച്ചു എന്നുള്ളതിനെപ്പറ്റി ഞങ്ങൾ മുൻലക്കം പത്രങ്ങളിൽ പ്രസ്താവിച്ച സംഗതികളിൽ, ഇക്കാര്യത്തിൽ ശങ്കരൻതമ്പി പൂഞ്ഞാറ്റൂ രാജാവവർകളോടു കൈക്കൂലി ആവശ്യപ്പെട്ടിരുന്നു എന്നും, പൂഞ്ഞാറ്റു രാജകുടുംബത്തിനു പലേ നഷ്ടങ്ങളും വന്നിട്ടുണ്ടെന്നും സൂചിപ്പിച്ചിരുന്നുവല്ലോ. കഴിഞ്ഞ മകരം 10-ാം തീയതി (ജനുവരി 23-ാം തീയതി)യിലെ സ്വദേശാഭിമാനിയിൽ 'തിരുവിതാംകൂറിലെ കൈക്കൂലിക്കാര്യം' എന്ന വിഷയത്തെപ്പറ്റി പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിന്റെ ഒരു ഘട്ടത്തിൽ ഞങ്ങൾ ഇങ്ങനെ പറഞ്ഞിട്ടുണ്ട്. ഞങ്ങലുടെ ദൃഷ്ടിക്കു വിഷയീഭവിച്ചിരിക്കുന്ന ചില റിക്കാർട്ടുകൾ, ഈ സംഗതിയിൽ നീതിവൈകല്യത്തെ ആശങ്കിപ്പിക്കുന്നു എന്ന് ഞങ്ങൾ പറഞ്ഞിട്ടുള്ളതിൽ വായനക്കാർക്കു സന്ദേഹം ഉണ്ടെങ്കിൽ, താഴെ പകർത്തുന്ന ഒരു കത്തിലെ ഏതാനും ഘട്ടങ്ങൾ ഞങ്ങളുടെ ആശങ്കയെ പ്രബലപ്പെടുത്തുന്നു എന്നു പറഞ്ഞുകൊള്ളട്ടെ.
1077 മീനം 26-ാം തീയതി
"അടിയൻ ഈ മാസം 4-ാം തീയതി ഇവിടെ എത്തി. 1-ാം തീയതിയിലെ തിരുവെഴുത്ത് ഇന്നലെ ഇവിടെ കിട്ടുകയും ചെയ്തു. ശങ്കരപ്പിള്ളയെ അതിർത്തിത്തർക്കം തീരുമാനിക്കുന്നതിന് നിയമിച്ചിട്ടുള്ളതു ദോഷകരമെന്നുതന്നെയാണ് അടിയന്റെ അഭിപ്രായം. അതിനെ തത്കാലം ഭേദപ്പെടുത്തുന്നതിന് ഒരു മാർഗ്ഗവും കാണുന്നില്ലാ. ആ ആളിനെ ഭേദപ്പെടുത്തുന്ന കാര്യം വളരെ സംശയത്തിലായിരിക്കുന്നു. അടിയനും പ്രത്യേകം ശ്രമിച്ചു നോക്കാം. കാര്യക്കാരദ്ദേഹത്തിനു തടിയോ വിലയോ കൊടുപ്പാൻ ഇനിയും താമസിക്കുന്നതു പോരാത്തതാണെന്നു തോന്നുന്നു. വേറെ ഇനത്തിൽ വകവച്ച് എടുത്തുകൊള്ളണമെന്നും മറ്റും പറയാവുന്ന സ്ഥലമല്ലാ. 150 കണ്ടിയിൽ കുറഞ്ഞു വേണ്ടാ എന്നാണു നിർബന്ധം. 100 കണ്ടിയുടെ വിലയെങ്കിലും മുൻകൂട്ടി അയച്ചുകൊടുത്താൽ സമാധാനമുണ്ടാകും..."
ഈ എഴുത്തിനോടുകൂടി താഴെച്ചേർക്കുന്നവയെ യോജിപ്പിച്ചു വായിച്ചു നോക്കിയാൽ പൂഞ്ഞാറ്റിൽ രാജകുടുംബത്തിനു ശങ്കരൻതമ്പി (കാര്യക്കാർ) നിമിത്തം എന്തൊക്കെ സംഭവിച്ചിരിക്കുമെന്നു വായനക്കാർക്ക് അവ്യക്തമായിട്ടെങ്കിലും ഒരു ഊഹം ഉണ്ടാകും.
1077 കന്നി 13-ാം തീയതി