താൾ:Ente naadu kadathal.pdf/77

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


തിന് എന്നെ ഭൽസിച്ചുകൊണ്ടും, ഇക്കാര്യത്തിൽ എന്റെ സത്യസന്ധതയെ വെല്ലുവിളിച്ചുകൊണ്ടും, (97) അസംബ്ലി ബഹിഷ്കരണത്തിന് തിരുവിതാംകൂർ ജനതയെ ആഹ്വാനം ചെയ്തുകൊണ്ടും (98) അയാൾ എഴുതിയ ലേഖനങ്ങളിൽ നിന്നു കാണാവുന്നതാണ്. മാത്രമല്ല, അയാളുടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയതിന് ഗവർമെന്റിന്റേയും എന്റെയും പേരിൽ തിരുവിതാംകൂർ നടപടിച്ചട്ടമനുസരിച്ച് കേസെടുക്കുന്നതിന് നോട്ടിസ് അയക്കുകയും ചെയ്തു. ഈ സംഭവങ്ങൾ ഞാൻ വിവരിക്കുന്നത്, നിരാശയുടെ വിഷമയമായ മാർഗത്തിലൂടെ എത്രദൂരം അയാൾ സഞ്ചരിക്കാൻ തയ്യാറായി എന്നുകാണിക്കാൻ വേണ്ടിമാത്രമാണ്.

11. എനിക്കു തൊട്ടുമുമ്പുവരെയുണ്ടായിരുന്ന നിരവധി ദിവാൻജിമാരെ സംബന്ധിച്ച ആരോപണങ്ങൾക്കു മറുപടി പറയേണ്ട ചുമതല എനിക്കുണ്ടെന്നു ഞാൻ കരുതുന്നില്ല. എന്റെ വിനീതമായ അഭിപ്രായത്തിൽ അവരെല്ലാവരും ബഹുമാന്യരും, അവർക്കെതിരായി നിരത്തിയിട്ടുള്ള ആരോപണങ്ങൾക്കു അവർ തികച്ചും, അനർഹരുമാണെന്നത്രേ. (രാമകൃഷ്‌ണപിള്ളയുടെ ആധിപത്യത്തിൽ 'സ്വദേശാഭിമാനി' പത്രം വരുന്നത്, 1906 ജനുവരിയിൽ മി. വി.പി മാധവറാവു ഉദ്യോഗം ഒഴിഞ്ഞുപോകുന്ന കാലത്താണ്. അതുകൊണ്ട് ആക്രമണങ്ങളുടെ ഏറിയ പങ്കും മി. എസ്. ഗോപാലാചാരിയുടെയും എന്റെയും നേർക്കായിരുന്നു. എന്നാൽ ഈ സംസ്ഥാനത്തുനിന്നും വളരെ മുമ്പുതന്നെ ഉദ്യോഗമൊഴിഞ്ഞുപോയവരായ- അവരിൽതന്നെ മരിച്ചുപോയവരെപ്പോലും-ദിവാൻജിമാരെയും ചില മുൻകാല കാര്യങ്ങൾ പറഞ്ഞു നിന്ദാപാത്രങ്ങളാക്കിയിട്ടുണ്ട്.) എന്റെ കാര്യത്തിൽ, എന്റെ ഔദ്യോഗികസത്യസന്ധതയെയോ, പ്രവൃത്തിയെയോ സംബന്ധിച്ച് എന്തെങ്കിലും പറയണമെന്ന് ഞാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ മഹാരാജാവു തിരുമനസ്സുകൊണ്ട് കല്‌പിച്ചുത്തരവായ നടപടിക്ക്, നേരിട്ടു ബന്ധപ്പെട്ടതുകാരണം, 1910 സെപ്‌തംബർ 12-ാം തീയതിയിലെ, ഈ വിഷയം സംബന്ധിച്ച എന്റെ ഔദ്യോഗിക കുറിപ്പിൽനിന്നും ഞാൻ ഉദ്ധരിക്കട്ടെ:

"പ്രാദേശികപത്രമായ 'സ്വദേശാഭിമാനി'യിൽ ഇങ്ങനെയുള്ള ഹിംസാത്മകമായ (എന്റെ മേൽ വ്യക്തിപരമായി ദുരാരോപണം നടത്തുന്ന) ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് അനുവദിച്ചാൽ, ഭരണനിർവഹണം എനിക്കു പ്രയാസമായിത്തീരുമെന്ന് ഇന്നലെ തിരുമുമ്പിൽ അടിയൻ ഉണർത്തിക്കുകയുണ്ടായി."

"ഈ പത്രത്തിന്റെ പത്രാധിപരായ കെ. രാമകൃഷ്‌ണപിള്ളയുടെ പൂർവകാല ചെയ്‌തികളെക്കുറിച്ച് അടിയൻ ഒന്നും പറയുന്നില്ല. ഒരു വ്യക്തിയെന്ന നിലയിലോ, സമർത്ഥനായ ഒരു പ്രസാധകനെന്ന നിലയിലോ കാത്തുസൂക്ഷിക്കത്തക്ക സ്വഭാവഗുണങ്ങൾ ഒന്നും ഉള്ളവനല്ല ഈ മനുഷ്യൻ. എന്നു തന്നെയല്ല, ഉപജാപവിരുതൻമാരുടെ കൈയിലെ ആയുധമായി സ്വയം തീരത്തക്കവിധം അയാൾ നിരാശനുമായിത്തീർന്നിരിക്കുന്നു. ഈ മനുഷ്യന്റെ പിന്നിൽ ചരടുവലിക്കാരായി നിലയുറപ്പിച്ചിട്ടുള്ള ആളുകളെക്കുറിച്ചുള്ള ഒട്ടേറെ സിദ്ധാന്തങ്ങൾ ഇന്നു പ്രചാരത്തിലുണ്ട്. വ്യക്തമായ തെളിവുകളില്ലാത്ത ആ വക സിദ്ധാന്തങ്ങളൊന്നും തിരുമുൻപിൽ വയ്‌ക്കുന്നില്ല. മഹാരാജാവു തിരുമനസ്സുകൊണ്ട് ഈ പത്രത്തിന്റെ ഒരു പതിവുവായനക്കാരനെന്ന നിലയ്‌ക്ക് ഈ പത്രത്തിൽ വന്നുകൊണ്ടിരിക്കുന്ന ലേഖനങ്ങളെക്കുറിച്ച്, ഇത്രമാത്രം വിദ്വേഷപരവും അസത്യജടിലവുമായ പ്രസ്‌താവനകൾ തിരുമനസ്സിലെ ദിവാനെക്കുറിച്ച്, ശിക്ഷാഭീതി കൂടാതെ പ്രസിദ്ധീകരിക്കുവാൻ അനുവദിക്കുന്നത് പൊതുജനനൻമയ്‌ക്കു വേണ്ടിയാണോ എന്ന് തിരുമനസ്സുകൊണ്ടുതന്നെ തീരുമാനിക്കേണ്ടതാണ്. ഹുസ്സൂർ ഹെഡ് ട്രാൻസ്‌ലേറ്റർ അടിയനു സമർപ്പിച്ച ആഗസ്റ്റ് 24-ഉം, 29-ഉം തീയതികളിലെ 'സ്വദേശാഭിമാനി'യിൽ നിന്നുള്ള സംഗ്ര

"https://ml.wikisource.org/w/index.php?title=താൾ:Ente_naadu_kadathal.pdf/77&oldid=159048" എന്ന താളിൽനിന്ന് ശേഖരിച്ചത്