താൾ:Ente naadu kadathal.pdf/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രാജാവിന്റെ സ്വകാര്യചിലവിനുള്ള പണവും ഏതേതു വിധത്തിൽ ചിലവാക്കുന്നു എന്ന് അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ടെന്ന്, (35) അവർക്കുവേണ്ടി പത്രം അവകാശവാദം ഉന്നയിച്ചു. (36) ഉത്തരവാദിയായ ഉദ്യോഗസ്ഥൻമാർ, കൊലയാളിയായ ഒരു രാജസേവകന് അഭയം നൽകിയിരിക്കുന്നതിൽ ഇടപെട്ട് നീതി നിർവഹിക്കുന്നില്ലെങ്കിൽ പലവിധ ദുർവികാരങ്ങളാൽ ജനഹൃദയം പ്രക്ഷുബ്‌ധമാകുമെന്ന് ബ്രിട്ടീഷ് ഗവർമെന്റിന്, 'സ്വദേശാഭിമാനി' മുന്നറിയിപ്പുനൽകി. (37) ജനങ്ങൾക്ക്, രാജാവിന്റെ ആജ്ഞകളെ വെറും അടിമകളെപ്പോലെ അനുസരിക്കുക എന്നതിനുമുപരി ചില കടമകളുണ്ടെന്നും, (38) ജനാഭിലാഷങ്ങളുടെയും അവകാശങ്ങളുടെയും നേർക്ക് ഗവർമെന്റു കാണിക്കുന്ന മനഃപൂർവമായ അവഗണന അശിക്ഷിതരായ ബഹുജനങ്ങളെ അക്രമത്തിനു പ്രേരിപ്പിക്കുമെന്നും (30) 'സ്വദേശാഭിമാനി' വാദിച്ചിരുന്നു. ജനങ്ങളെ, അവരുടെ അവകാശങ്ങൾ ഉറപ്പിച്ചു പ്രഖ്യാപിക്കുവാനും സ്വന്തം അഭിലാഷാനുസരണമുള്ള ഒരു ഗവർമെന്റ് വ്യവസ്ഥിതി നേടിയെടുക്കുന്നതിന് പ്രവർത്തിക്കാനും (40) പത്രം ഉപദേശിച്ചു. ഇംഗ്ലണ്ട്, അമേരിക്ക, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങൾ അവകാശപ്പെട്ടിരുന്ന അതേ അവകാശങ്ങൾ തിരുവിതാംകൂർ ജനതയ്ക്കുവേണ്ടിയും അവകാശപ്പെടുന്നതിന് 'സ്വദേശാഭിമാനി' ഒട്ടുംതന്നെ മടിച്ചിട്ടില്ല. (41) തിരുവിതാംകൂർകാർക്കു തങ്ങളുടെ അവകാശങ്ങൾ എങ്ങനെ നേടിയെടുക്കണമെന്ന് അറിയില്ലെന്നും ഐക്യമുണ്ടെങ്കിൽ മലയെപ്പോലും പൊക്കിയെടുക്കാൻ കഴിയുമെന്നും ഐക്യംകൊണ്ട് നേടിയെടുക്കാൻ കഴിയാത്തതായി ഒന്നുമില്ലെന്നും (42) പത്രം ചൂണ്ടിക്കാട്ടുകയുണ്ടായി. ജനങ്ങളോ, അവരുടെ ക്ഷമയെ ചൂണ്ടി കളിയാക്കുന്നു. (43) പ്രബുദ്ധരായ ബ്രിട്ടീഷ് ഭരണമില്ലായിരുന്നെങ്കിൽ നാട്ടുരാജ്യങ്ങളിൽ എന്നേ വിപ്ലവങ്ങൾ ഉണ്ടാവുകയും പ്രതിനിധിഭരണം നിലവിൽ വരുകയും ചെയ്യുമായിരുന്നു (44) എന്ന് ഒരു പ്രത്യേക ഖണ്ഡികയിലൂടെ 'സ്വദേശാഭിമാനി' ചൂണ്ടിക്കാട്ടിയിരിക്കുന്നു.

9. മുകളിൽ കൊടുത്തിരിക്കുന്നതുപോലുള്ള ഉദാഹരണങ്ങൾ ഇനിയും ഒട്ടനവധി എടുത്ത് ഉദ്ധരിക്കാൻ കഴിയും. തങ്ങളെ ഭരിക്കുന്ന രാജാവിനുണ്ടെന്നു പറയുന്ന അർദ്ധദൈവികാവകാശത്തിലോ, അല്ലെങ്കിൽ, അദ്ദേഹത്തെ കണ്ണുംപൂട്ടി അനുസരിക്കാൻ തങ്ങൾക്കുള്ള പരമമായ ചുമതലയിലോ വിശ്വസിക്കുന്നതിലൂടെ ഒരു വമ്പിച്ച തെറ്റ് ജനങ്ങൾ ചെയ്യുന്നുവെന്ന് അനുദിനം ഉപദേശിക്കുന്നത്, ഒരു നാട്ടുരാജ്യത്തിന്റെ രാജധാനിയിൽനിന്നു പ്രസിദ്ധീകരിക്കുന്ന ഒരു പത്രത്തെ സംബന്ധിച്ചിടത്തോളം തികച്ചും ഗൗരവമേറിയ പരിഗണന അർഹിക്കുന്ന ഒരു കാര്യമാണ്. കൂടാതെ, സംഘടിക്കുവാനുള്ള ആഹ്വാനവും, പണ്ടും ഇപ്പോഴും മറ്റു സ്ഥലങ്ങളിൽ കഷ്ടപ്പാടുകൾ സഹിക്കേണ്ടിവന്ന രാജാക്കന്മാരെ സംബന്ധിച്ച പരാമർശങ്ങളും, തിരുവിതാംകൂറുകാരേക്കാളും വിപ്ലവാസക്തരായ ഒരു ജനതയ്ക്കിടയിൽ വിനാശകരങ്ങളായ ഫലങ്ങൾ ഉളവാക്കാൻ പോരുന്നവയാണെന്ന് എനിക്കുറപ്പുണ്ട്. 'സ്വദേശാഭിമാനി'യുടെ ആരോപണങ്ങൾ, ഏതൊരു ജനതയെ, തങ്ങളുടെ രാജാവിന് എതിരാക്കണമെന്ന് ഉദ്ദേശിച്ചുകൊണ്ടായിരുന്നുവോ, ആ ജനതയിൽ ഒരു പ്രതികരണവും ഉളവാക്കിയില്ലെന്ന് സംസ്ഥാനത്തെ ജനങ്ങളെ ന്യായീകരിച്ചുകൊണ്ടുതന്നെ എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും. എന്നുമാത്രമല്ല, എന്റെ വിശ്വാസത്തിൽ, ഉദ്ദേശിപ്പിക്കപ്പെട്ടതിന്റെ കടകവിരുദ്ധമായ ഫലമാണ് 'സ്വദേശാഭിമാനി'യുടെ വഴിപിഴച്ച പ്രചരണം സംജാതമാക്കിയതും. 'സ്വദേശാഭിമാനി' ആഴ്ചകൾതോറും മഹാരാജാവിനെ നിന്ദിക്കുകയും, തിരുമനസ്സിന്റെ പ്രജകളോട് ഉണർന്നെണീറ്റ് ഒരേശബ്ദത്തിൽ മെച്ചപ്പെട്ട ഒരു ഗവർമെന്റിനുവേണ്ടി അവകാശപ്പെടാൻ ആഹ്വാനം നടത്തുകയും ചെയ്തുകൊണ്ടിരുന്നപ്പോൾ, തിരുവിതാംകൂറിലെ ജനങ്ങളുടെ ഹൃദയങ്ങളിൽ വ്യക്തിപരമായ രാജഭക്തി, മഹാരാജാവിനോടുള്ള അർപ്പണമനോഭാവം എന്നീ പഴയ ലോകാദർശങ്ങൾ കൂടുതൽ രൂഢമൂലമാവുകയാണ് ചെയ്തത്.

"https://ml.wikisource.org/w/index.php?title=താൾ:Ente_naadu_kadathal.pdf/73&oldid=159044" എന്ന താളിൽനിന്ന് ശേഖരിച്ചത്