താൾ:Ente naadu kadathal.pdf/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്തിയല്ല. രാജാവിനോടുള്ള ഭക്തിയേക്കാൾ ഉൽകൃഷ്ടം രാഷ്ട്രത്തോടുള്ള ഭക്തിയാണ്. (18) - ഇങ്ങനെ 'സ്വദേശാഭിമാനി' രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ സുവിശേഷം നിരന്തരം പ്രചരിപ്പിച്ചുപോന്നു. മനുഷ്യസമുദായത്തിന്റെ ഉൽക്കർഷത്തിന് രാഷ്ട്രീയസ്വാതന്ത്ര്യം അനുപേക്ഷണീയമാണ്. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ആഹ്വാനം എങ്ങും മുഴങ്ങുന്നു. തുർക്കി, പേർഷ്യ മുതലായ രാജ്യങ്ങളിലെ അനുഭവങ്ങൾ പഠിക്കണം. രാഷ്ട്രീയസ്വാതന്ത്ര്യം സ്വായത്തമാക്കുന്നതിനുള്ള വാദം രാജ്യദ്രോഹവൃത്തിയല്ല. ഒരുവന്റെ അതിദിവ്യങ്ങളായ സ്വാതന്ത്ര്യവും അവകാശങ്ങളും ബലികഴിച്ചിട്ട് ഒരു രാജാവിനോടും കൂറുപുലർത്തണമെന്ന് ഒരു പ്രമാണവും അനുശാസിക്കുന്നില്ല. (19) എന്നിങ്ങനെ അനുദിനം ആഹ്വാനം ചെയ്യുന്നതിനുമുപരി മഹാരാജാവു തിരുമനസ്സിലെ ഭരണം പ്രജകളുടെ സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യുന്നതിനു പ്രേരണ നൽകിയെന്നും (20) 'സ്വദേശാഭിമാനി' പത്രം പ്രസ്താവിച്ചു. രാജ്യത്തുനിലവിലുള്ള സിദ്ധാന്തങ്ങൾ പ്രചരിപ്പിക്കുന്നതുകൊണ്ടുമാത്രം 'സ്വദേശാഭിമാനി'ക്കു തൃപ്തിയായില്ല. പ്രവർത്തനമാർഗ്ഗങ്ങളും അത് ഉപദേശിക്കുകയുണ്ടായി. 'സ്വദേശാഭിമാനി'യുടെ 1907 നവംബർ 9-ആം തിയതിയിലെ 39-ആം ലക്കത്തിലും 27-ആം തീയതിയിലെ 42-ആം ലക്കത്തിലും, 1909 നവംബർ 29-ആം തീയതിയിലെ 137-ആം ലക്കത്തിലും ഫലത്തിൽ കലാപം ഇളക്കി വിടാൻപോരുന്ന പ്രസ്താവനകൾ ഉൾക്കൊണ്ടിരുന്നു. പോർട്ടുഗൽ രാജാവിന്റെ വധം, ചാറൽസ് ഒന്നാമന്റെ ശിരച്ഛേദനം, ജെയിംസ് രണ്ടാമന്റെ നാടുകടത്തൽ എന്നിവ സംബന്ധിച്ച സൂചനകളെക്കുറിച്ച് മുൻപുതന്നെ പരാമർശിച്ചിട്ടുണ്ട്. തിരുവിതാംകൂറിലെ ജനങ്ങൾ അവരുടെ മഹാരാജാവിനോട് കൂറിനും അനുസരണയ്ക്കും വ്യക്തിപരമായി ബാദ്ധ്യസ്ഥരല്ലെന്നും, നീതിപൂർവം ഭരിക്കുന്നിടത്തോളം മാത്രമേ അനുസരിക്കുക എന്ന ബാദ്ധ്യത പ്രജകൾക്കുള്ളുവെന്നും. (21) രാഷ്ട്രീയസ്വാതന്ത്ര്യത്തിനുള്ള വാദം യാതൊരുവിധത്തിലും രാജ്യദ്രോഹമായി കരുതാൻ കഴിയില്ലെന്നും (22) മറ്റും പത്രം പറഞ്ഞിട്ടുണ്ട്. യോഗ്യമായ വിധം ഗവണ്മെന്റ് പ്രവർത്തിക്കുന്നില്ലെന്ന് അനുഭവപ്പെടുന്നുവെങ്കിൽ ജനങ്ങൾ സംഘടിക്കണമെന്നും ഗവണ്മെന്റിനെ ധിക്കരിക്കാൻ മടിക്കേണ്ടതില്ലെന്നും 'സ്വദേശാഭിമാനി' പല പ്രാവശ്യം പ്രസ്താവിച്ചിട്ടുണ്ട്. അധർമകൃത്യങ്ങളോടുള്ള ബഹുജനരോഷത്തിന്റെ സ്വഭാവഗതിയെ തടയാൻ, 'സ്വദേശാഭിമാനി'യുടെ അഭിപ്രായത്തിൽ, ഒരു ഗവണ്മെന്റിനും ശക്തിയില്ല. മാത്രവുമല്ല, ആ ബഹുജനരോഷം ദിവ്യവും അതിന്റെ വിജയം സുനിശ്ചിതവുമാണ് (23) ഗവണ്മെന്റിന്റെ അതിപ്രധാന ഘടകം ജനതയുടെ ഇച്ഛാശക്തിയാണ്. (24) ജനഹിതവുമായി പൊരുത്തപ്പെടാത്ത ഒരു ഗവർമെന്റിനെ വെച്ചുപൊറുപ്പിക്കരുത്. (25) രാജ്യതാത്‌പര്യങ്ങൾക്കെതിരായി രാജാവ് പ്രവർത്തിക്കുമ്പോൾ തങ്ങളുടെ നേതാക്കന്മാരെ കണ്ടെത്തുകയും തങ്ങളുടെ ക്ഷേമത്തിന് എതിരായി നിൽക്കുന്ന ശക്തികളെ തകർക്കുകയും ചെയ്യുക എന്നത് ജനങ്ങളുടെ കർത്തവ്യം മാത്രമാണ്. (27) എന്നിങ്ങനെ 'സ്വദേശാഭിമാനി' ജനങ്ങളെ ഉത്ബോധിപ്പിച്ചുകൊണ്ടിരുന്നു. തിരുവിതാംകൂർ ജനതയുടെ അവസ്ഥ ഒരുതരം അടിമത്തം ആണെന്ന് 'സ്വദേശാഭിമാനി' ചിത്രീകരിച്ചിക്കുന്നു. (28) സേവാപ്രസാദിത്വം രാജ്യത്തിൽ പ്രബലപ്പെട്ടിരിക്കുന്നു. (29) ദുർഭരണം കാരണം കടുത്ത മർദ്ദനത്തിനും അധർമ്മങ്ങൾക്കും വിധേയരായി ജനങ്ങൾ എല്ലും തൊലിയുമായിത്തീർന്നിരിക്കുന്നു. (30) സ്തുതിപാഠകർ ഭരിക്കുന്ന ഒരു രാജ്യമെന്ന നിലയ്ക്ക് ഇവിടെ സത്യവും അവഗണിക്കപ്പെട്ടിരിക്കുന്നു. (31) ജനങ്ങളുടെ കാര്യങ്ങൾ നോക്കാൻ ഇവിടെ നാഥനില്ലാതായിരിക്കുന്നു. (32) ദുരിതത്തിന്റെ ആഴത്തിലേയ്ക്കു ജനങ്ങളെ തള്ളിവിട്ടിരിക്കുന്നു. (33) മാത്രമല്ല, ക്ഷമ മിക്കവാറും നശിച്ച് ദുർഭരണത്തിൽ നിന്നും സ്വയം രക്ഷപ്പെടാൻ പോരുന്ന ഏതു മാർഗവും അവലംബിക്കുവാൻ ജനങ്ങൾ നിർബന്ധിതരായിരിക്കുന്നുവെന്നും (34) 'സ്വദേശാഭിമാനി' പ്രഖ്യാപിക്കുകയുണ്ടായി. പബ്ലിൿ റവന്യൂവും മഹാ-

"https://ml.wikisource.org/w/index.php?title=താൾ:Ente_naadu_kadathal.pdf/72&oldid=159043" എന്ന താളിൽനിന്ന് ശേഖരിച്ചത്