സാധാരണക്കാരായ തിരുവിതാംകൂർകാരുടെ ക്ഷമയുടെയും വിവേകത്തിന്റെയും, വ്യവസ്ഥാപിത ഭരണാധികാരത്തോടുള്ള അവരുടെ ആദരവിന്റെയും അനുസരണയുടേയും സ്തുത്യർഹമായ ഒരു തെളിവായി എപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.ബ്രിട്ടീഷ് ഇന്ത്യയെപ്പോലെയല്ല, ഉയർന്ന വിദ്യാഭ്യാസനിലവാരമുള്ള സംസ്ഥാനമാണ് തിരുവിതാംകൂർ എന്ന് ഓർത്തിരിക്കണം. ‘സ്വദേശാഭിമാനി’ അപകീർത്തിപരമായ ദോഷാരോഹണപ്രചരണം തുടർന്നുകൊണ്ടിരുന്ന സന്ദർഭത്തിലും രാജ്യത്തെ മറ്റേതാനും പത്രങ്ങൾ ഒരളവു പിന്തുണ ഗവർമെന്റിന് നൽകിയിരുന്നു. മാത്രമല്ല, മഹാരാജാവിനും അവിടുത്തെ ഗവർമെന്റിനും വിരുദ്ധമായി ഏതാണ്ടൊരു കാൽ നൂറ്റാണ്ടുകാലം പ്രവർത്തിച്ചുകൊണ്ടിരുന്ന ഒരു കക്ഷിയുടെ നാവുമായിരുന്നു ‘സ്വദേശാഭിമാനി’ എന്ന വസ്തുതയും പരക്കെ ബോദ്ധ്യമായിരുന്നു. ഈ സ്ഥിതിവിശേഷം ഒരു പരിധിവരെ ‘സ്വദേശാഭിമാനി’ തുടർന്നുകൊണ്ടിരുന്ന ദോഷാരോപണത്തെ കുറച്ചുകാണാനും ഇടയാക്കിയിരുന്നു. ഈ വസ്തുതകൾക്ക് വേണ്ടുവോളം വിട്ടുവീഴ്ച അനുവദിച്ചാൽപോലും ഒരു ഗണ്യമായ കാലം നിർഭയം ഈ പത്രം അനുഭവിച്ച കടിഞ്ഞാണില്ലാത്ത സ്വാതന്ത്ര്യം ഒട്ടേറെ ദോഷം വരുത്തിയിട്ടുണ്ടായിരിക്കും. ഒടുവിലൊടുവിൽ പബ് ളിക് സർവീസ് നിർവീര്യമായിത്തീർന്നതായി ഭയപ്പെടുന്നതിനും എനിക്ക് മതിയായ കാരണങ്ങൾ ഉണ്ടായി. ഇതേക്കുറിച്ച് ഞാൻ പിന്നീട് പ്രസ്താവിക്കാം. അവസാനം 1910 സെപ്റ്റംബറിൽ കൈക്കൊണ്ട നടപടി, വളരെ നേരത്തെ ഡർബാർ കൈക്കൊള്ളാതിരുന്നത് ഗൗരവതരമായ ഒരു കൃത്യവിലോപമായി ഞാൻ എപ്പോഴും കണക്കാക്കുകതന്നെ ചെയ്യും.
7. ‘സ്വദേശാഭിമാനി’യുടെ ആരോപണങ്ങൾ ക്രമത്തിന് എടുക്കുകയാണെങ്കിൽ ആദ്യമായും പരിഗണിക്കേണ്ടത് രാജ്യാധിപനെന്ന നിലയിലും ഒരു മനുഷ്യനെന്ന നിലയിലും മഹാരാജാവിന്റെ നേർക്ക് നടത്തിയിട്ടുള്ള ആക്രമണങ്ങളാണ്. മഹാരാജാവ് തന്റെ സേവകരുടെ അധിശത്വം പുലർത്തി; (1) ദുർനടപടികൾ പ്രചരിപ്പിക്കുന്നതിനു പ്രേരിപ്പിച്ചു. (2) കൈക്കൂലിക്കാർക്കും കൊള്ളക്കാർക്കും പാരിതോഷികങ്ങൾ നൽകി. (3) അഴിമതിക്കാരായ ‘സേവകർക്ക്’അഭയം നൽകി. (4) ‘സേവകരുടെ‘ ദുഷ്‌പ്രവൃത്തികളെ ഗൗനിച്ചില്ല. (5) ഭരണം നടത്തിയിരുന്ന സ്തുതിപാഠകരുടെ കൈയിൽ അദ്ദേഹം ഒരു പാവമാത്രമായിരുന്നു; (6) കോടതികൾ, അഴിമതികളുടെയും കുറ്റങ്ങളുടെയും ദുരാശകളുടെയും കറപുരണ്ടവയായിരുന്നു; (7) മഹാരാജാവ്, സ്വയം കൊള്ളയ്ക്കു വിധേയനായിരുന്നു; (8) മഹാരാജാവ് തന്റെ സേവകരുടെ ആജ്ഞാനുവർത്തിയായി മാത്രമാണ് പ്രവർത്തിച്ചിരുന്നത്; (9) എന്നിങ്ങനെ മർക്കടമുഷ്ടിയോടെ അവിരാമം പ്രസ്താവനകൾ പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരുന്നു. ദുഷിച്ച ഭരണാധിപന്മാരിലൊരാളാണ് തിരുവിതാംകൂർ മഹാരാജാവെന്നും, സംസ്ഥാനത്തും ഗവർമെന്റിലും ദുർഭരണം അഴിഞ്ഞാടുകയാണെന്നും മഹാരാജാവുതിരുമനസ്സിനു സ്വന്തം ഇച്ഛാശക്തി എന്നൊന്നില്ലെന്നും ‘സ്വദേശാഭിമാനി’യുടെ നിരന്തരമായുള്ള ഈ പ്രസ്താവനകളിൽ നിന്നും ഒരുവൻ വിചാരിക്കും. മുകളിൽ കൊടുത്തിരിക്കുന്ന ഈ ആരോപണങ്ങൾ ശുദ്ധ അസത്യങ്ങളും തലതിരിഞ്ഞവയുമാണെന്നു ഞാൻ പറയേണ്ടതില്ലല്ലോ. രാമകൃഷ്ണപിള്ളയെപ്പോലെയുള്ള ഒരു മനുഷ്യന്റെ ആക്രമണങ്ങളിൽ നിന്നും മഹാരാജാവിനെ രക്ഷിക്കാൻ ഞാൻ വാദിക്കേണ്ട ആവശ്യമില്ല. സൽഭരണത്തിന് കഴിഞ്ഞ കാൽ നൂറ്റാണ്ടുകാലമായി ആധീശശക്തിയാൽ പലകുറി അനുമോദിക്കപ്പെടുകയും തന്റെ പ്രജകൾ അളവറ്റു സ്നേഹിക്കുകയും ചെയ്യുന്ന ഇന്നത്തെ തിരുവിതാംകൂർ മഹാരാജാവിനെപ്പോലെയുള്ള ഒരു ഭരണാധികാരി ഈവിധ ആക്രമണങ്ങളെ തികഞ്ഞ അവജ്ഞയോടുതന്നെ പരിഗണിക്കും. എന്നാൽ ദൗർഭാഗ്യത്തിന്, തീർത്തും അസത്യപൂർണ്ണങ്ങളായ പ്രസ്താവനകൾ പോലും അനുസ്യൂതമായ ആവർത്തനങ്ങൾ കൊണ്ട് ചിലപ്പോൾ വിശ്വസിക്കപ്പെട്ടുവെന്നുവരും. തിരുവിതാംകൂറിലെ ഭരണയന്ത്രം, വിദേശികൾക്കു മിക്കവാറും അവിശ്വസനീയമായിത്തോന്നുമാറ് ഒരളവുവരെ ദിവാനിൽ തൊടുത്തിട്ടിരിക്കുന്ന വിധമാണ്