വിതാംകൂർ ഗവണ്മെന്റ് ഏറ്റവും ഭീമാകൃതിയിലുള്ള തെറ്റു ചെയ്തിരിക്കുന്നു എന്നാണ് ഞങ്ങൾ വിചാരിക്കുന്നത്. 'സ്വദേശാഭിമാനി' പത്രം നിയമത്തെ മനഃപൂർവ്വമായും ധിക്കാരത്തോടുകൂടിയും ലംഘിച്ചു വന്നിരുന്നു എന്നിരിക്കിൽ ആ രാജ്യത്തു നടപ്പുള്ള ശിക്ഷാനിയമപ്രകാരം അതിന്റെമേൽ കേസ്സുനടത്തി ശിക്ഷിപ്പിക്കാൻ സാദ്ധ്യമല്ലായിരുന്നു എന്നു വിശ്വസിക്കുന്നതിന് ഞങ്ങൾക്ക് പ്രയാസം തന്നെയാണ്...
സാധാരണ സംഗതിക്ക് അസാധാരണ ആയുധം
(മദ്രാസ് സാന്റഡാർഡ്)
നാടുകടത്തുന്നതിനു ഹേതുവായ കുറ്റത്തിന്റെ സ്വഭാവം ഇന്നതെന്നു വിളംബരം വ്യക്തമായി വെളിപ്പെടുത്തുന്നില്ല. പൊതുജനക്ഷേമാർത്ഥം എന്നാണു വിളംബരത്തിൽ പറയുന്നത്. ഈ വാക്കുകൊണ്ട് എന്തർത്ഥം വിവക്ഷിച്ചിരിക്കുന്നു എന്നു വിശദമാകുന്നില്ല. ഞങ്ങൾ പ്രസിദ്ധീകരിച്ച കമ്പി വാർത്തകളിൽ ഒന്നിൽ, അതയച്ച ലേഖകൻ തിരുവിതാംകൂർ ഗവണ്മെന്റിന്റെ ഭാഗം വ്യപദേഷ്ടാവായി നിന്നുകൊണ്ടു പറയുന്നതെന്തെന്നാൽ, "സ്വദേശാഭിമാനി ഗവണ്മെന്റിനോടാകപ്പാടെയും ദിവാൻജി തുടങ്ങി കീഴ്പോട്ടുള്ള സർക്കാരുദ്യോഗസ്ഥന്മാരിൽ എല്ലാത്തരക്കാരോടും എല്ലാക്കൂട്ടരോടും വളരെ പ്രചണ്ഡമായ പോരു നടത്തുകയായിരുന്നു", എന്നാണ്. എന്നാൽ, "പത്രാധിപർ ഇതൊക്കെ സ്വമേധയാ മാത്രം നടത്തുകയായിരുന്നു എന്നു ഞങ്ങൾ ഉറപ്പുപറയുന്നു," എന്നു ലേഖകൻ പറഞ്ഞിരിക്കുന്നതിനെക്കൂടെ പര്യാലോചിക്കുമ്പോൾ, തിരുവിതാംകൂർ ഗവണ്മെന്റ്, തീരെ പിൻബലമില്ലാത്ത ഒരാളെ ആദരണീയങ്ങളായ വേറെ സമ്പ്രദായങ്ങളിലൊന്നിൽ അമർത്താമായിരുന്നിരിക്കെ, നാടുകടത്തൽ എന്ന മഹാശക്തിമത്തായ ആയുധത്തെ പ്രയോഗിച്ചിരിക്കുന്നു എന്ന് ഊഹിക്കേണ്ടിയിരിക്കുന്നു... രാജ്യത്തിൽ സമാധാനവും ശാന്തതയും വ്യാപിച്ചിരിക്കുന്നതായ സാധാരണ സന്ദർഭങ്ങളിൽ യാതൊരു ഗവണ്മെന്റും തന്റെ അധികാരശക്തിയിൽ കൈവച്ചുപ്രയോഗിക്കുന്നതു ന്യായമല്ലാ. ഈ തത്ത്വത്തെ ആധാരപ്പെടുത്തിക്കൊണ്ടു ഞങ്ങൾ, മറ്റ് ഇന്ത്യൻ സഹജീവികളോടൊത്ത്, ബ്രിട്ടീഷിന്ത്യയിൽ ഇതിനിടെ നടത്തപ്പെട്ട നാടുകടത്തലുകളുടെ അധിഷ്ഠാനമായ നയത്തെ ആക്ഷേപിച്ചിട്ടുള്ളതാണ്. ഞങ്ങൾക്ക്, ബ്രിട്ടീഷ് ഇന്ത്യയെ സംബന്ധിച്ച് ഒന്നും, തിരുവിതാംകൂറിനെപ്പോലെയുള്ള നാട്ടുരാജ്യങ്ങളെ സംബന്ധിച്ചു മറ്റൊന്നും ഇങ്ങനെ രണ്ടു നയങ്ങൾ വെവ്വേറെ ഇല്ലായ്‌കകൊണ്ടും, ഒരു നീതിതത്ത്വം യാതൊരാളാൽ ലംഘിക്കപ്പെട്ടതായാലും ഭേദമില്ലാത്തതാകകൊണ്ടും, തിരുവിതംകൂർ ഗവണ്മെന്റിന്റെ ഈ പ്രവൃത്തിയെ ഞങ്ങൾ നിന്ദിക്കുന്നു.
'ഭംഗി'യായ നടപടി!
(എമ്പയർ, കൽക്കത്ത)
നാട്ടുരാജ്യങ്ങളിൽ കാര്യങ്ങൾ എത്ര ഭംഗിയായിട്ടാണു നടത്തുമാറുള്ളതെന്ന് ഏതാനും ആളുകൾ തീരെ മുഷിവില്ലാതെ പറയുന്നുണ്ട്; അവർ പറയുന്നതു ശരിയാണെന്നു വിശ്വസിച്ചു തുടങ്ങേണ്ടി വന്നിരിക്കുന്നു. തിരുവിതാംകൂർ മഹാരാജാവ് ഇതിനിടെ നടത്തിയതെന്തെന്നു നോക്കുക. ഒരു വർത്തമാനപത്രത്തെ ഒതുക്കി. അച്ചുക്കൂടത്തെ പിടിച്ചെടുത്ത്, പത്രാധിപരെ ബന്ധിച്ചു നാടുകടത്തി; ബ്രിട്ടീഷിന്ത്യയിൽ ക്ഷോഭം മുഴുത്തിരിക്കുമ്പോൾ ഇപ്രകാരമൊക്കെ ചെയ്യാൻ കഴിയും എന്നു പറയുമായിരിക്കാം. എന്നാൽ, മഹാരാജാവ് എന്തു കൽപ്പിച്ചിരിക്കുന്നു എന്നു കേൾക്കുക: ``നമ്മുടെ ആജ്ഞകളെ അനുസരിച്ചോ, ആസ്പദമാക്കിയോ അപ്രകാരമെന്നു ഗണിച്ചോ ചെയ്യപ്പെടുന്ന യാതൊരു പ്രവൃത്തി