രാജകീയ വിളംബരം
ശ്രീ പത്മനാഭദാസ വഞ്ചിപാല സർ രാമവർമ കുലശേഖര കിരീടപതിമന്നെ സുൽത്താൻ മഹാരാജ രാജരാമരാജബഹദൂർ ഷംഷർജംഗ്, നൈറ്റ് ഗ്രാണ്ട് കമാണ്ഡർ ഓഫ് ദി മോസ്റ്റ് എക്സാൾറ്റെഡ് ആഡർ ഓഫ് ദി സ്റ്റാർ ഓഫ് ഇന്ത്യാ, നൈറ്റ് ഗ്രാണ്ട് കമാണ്ഡർ ഓഫ് ദി മോസ്റ്റ് എമിനന്റ് ഓർഡർ ഓർഡർ ഓഫ് ദി ഇന്ത്യൻ എംപയർ, എഫ്.എം.യു., എം.ആർ.ഏ.എസ്സ്. ആഫീസർ ദി ലാ ഇൻസ്ട്രക്ഷൻ പബ്ലിക് മഹാരാജ അവർകൾ സകലമാനപേർക്കും പ്രസിദ്ധപ്പെടുത്തുന്ന
തിരുവനന്തപുരത്തുനിന്നും പ്രസിദ്ധം ചെയ്യുന്ന സ്വദേശാഭിമാനി എന്ന വർത്തമാന പത്രത്തെ അമർച്ച ചെയ്യുന്നതും ആ പത്രത്തിന്റെ മാനേജിംഗ് പ്രൊപ്രൈറ്ററും എഡിറ്ററുമായ കെ. രാമകൃഷ്ണപിള്ളയെ നമ്മുടെ നാട്ടിൽനിന്നും നീക്കം ചെയ്യുന്നതും പൊതുജനക്ഷേമത്തിന് ആവശ്യമെന്ന് നമുക്കു ബോദ്ധ്യപ്പെട്ടിരിക്കുന്നതിനാൽ മേൽപറഞ്ഞ കെ. രാമകൃഷ്ണപിള്ളയെ ഉടനെ അറസ്റ്റ് ചെയ്തു നമ്മുടെ സംസ്ഥാനത്തിന്റെ അതിർത്തിക്കുപുറത്താക്കുകയും നാം വേറേവിധം ആജ്ഞാപിക്കുന്നതുവരെയ്ക്കും മേൽപറഞ്ഞ കെ. രാമകൃഷ്ണപിള്ള നമ്മുടെ സംസ്ഥാനത്തിൽ തിരിയെ വരികയോ പ്രവേശിക്കുകയോ ചെയ്യുന്നതിനെ വിരോധിക്കയും ചെയ്യണമെന്ന് നാം ഇതിനാൽ ആജ്ഞാപിക്കുന്നു. യാതൊരു കാലത്തും കാണപ്പെടുന്ന 'സ്വദേശാഭിമാനി' എന്ന വർത്തമാനപത്രത്തിന്റെ എല്ലാ പ്രതികളും മേൽപറഞ്ഞ 'സ്വദേശാഭിമാനി' എന്ന വർത്തമാനപത്രം അച്ചടിച്ചുവരുന്ന അച്ചടിയന്ത്രവും അതിന്റെ അനുസാരികളും അതിനെ സംബന്ധിച്ചു മറ്റു വസ്തുക്കളും നമ്മുടെ ഗവർമെന്റിലേക്കു കണ്ടുകെട്ടി എടുക്കപ്പെടണമെന്നും നാം ആജ്ഞാപിക്കുന്നു. മേൽ അടങ്ങിയ നമ്മുടെ ആജ്ഞകളെ അനുസരിച്ചോ ആസ്പദമാക്കിയോ അപ്രകാരമെന്നു ഗണിച്ചോ ചെയ്യപ്പെടുന്ന യാതൊരു പ്രവൃത്തിയേയും സംബന്ധിച്ചു നമ്മുടെ ഗവർമെന്റിന്റേയോ നമ്മുടെ ഗവർമെന്റിലെ യാതൊരു ഉദ്യോഗസ്ഥന്റേയോ പേരിൽ സിവിലായോ ക്രിമിനലായോ യാതൊരു വ്യവഹാരത്തിനും ഇടയില്ലാത്തതാകുന്നു എന്നും കൂടി നാം ആജ്ഞാപിക്കുന്നു.
1910-ാം വർഷം സെപ്തംബർ മാസം 26-ാം തീയതി 1086-ാമാണ്ട് കന്നിമാസം 10-ാം തീയതി.