കയല്ലാതെ, മറ്റൊരു മറുപടിയും എനിക്കു തോന്നിയില്ല. ഇപ്രകാരം, പലതും സംസാരിച്ചു. രാവിലെ കുഴിത്തുറെയെത്തി.
കുഴിത്തുറെ പോലീസ് സ്റ്റേഷനിലെത്തിയ സമയം മണി ആറരയായി എന്നു തോന്നുന്നു. പോലീസ് സൂപ്രേണ്ട് മിസ്റ്റർ ഹുഗ്വർഫ് അന്ന് അവിടെ പരിശോധനയ്ക്കായി വരുന്നുണ്ടായിരുന്നതിനാൽ, ഇൻസ്പെക്ടർ തുടങ്ങിയവരൊക്കെ സ്റ്റേഷനിൽ രാവിലെ ഹാജരായിരുന്നു. 'സ്വദേശാഭിമാനി' പ്രസ്സ് പോലീസുകാർ കയറി കൈയടക്കം ചെയ്തിരിക്കുന്നതായി കമ്പിവഴി വർത്തമാനം കിട്ടുക ഹേതുവായിട്ട്, എന്നെ അന്വേഷിച്ച് നെയ്യാറ്റിങ്കര നിന്നു തിരുവനന്തപുരത്തു പോയിരുന്ന ചിലബന്ധുക്കൾ അവിടെ എത്തിയ സമയം ഞാൻ യാത്ര പുറപ്പെട്ടതായി അറികയാൽ, മടങ്ങി, എന്നെ കാണ്മാനായി പിൻതുടർന്നു, രാവിലെ കുഴിത്തുറെ എത്തി. ഈ നേരംകൊണ്ട് വർത്തമാനം പരന്നുതുടങ്ങിയിരുന്നു; എന്തെന്നാൽ, ആളുകൾ പലർ സ്റ്റേഷനിലേക്കു വന്നു കൂടിത്തുടങ്ങി. മിസ്റ്റർ ഹുഗ്വർഫും എത്തിയിരുന്നു; അദ്ദേഹം പരിശോധന പൂർത്തിയാക്കാൻ കഴിയാതെ മടങ്ങി. രാവിലെ ആഹാരം കഴിഞ്ഞ് ഏകദേശം എട്ടുമണി സമയം, ഞങ്ങൾ യാത്ര തുടർന്നു. നെയ്യാറ്റിങ്കരെനിന്നു വന്നിരുന്ന പൊലീസ് ഇൻസ്പെക്ടറും സ്റ്റേഷനാഫീസറും അവരുടെ അതിർത്തി കഴികയാൽ മുറയ്ക്ക് കുഴിത്തുറെ പോലീസ് ഇൻസ്പെക്ടറെയും സ്റ്റേഷനാഫീസറെയും ചുമതലയേല്പിച്ചിട്ട് എനിക്കു മംഗളാശംസകൾ ചെയ്തു മടങ്ങി.
കുഴിത്തുറെ പോലീസ് ഇൻസ്പെക്ടർ മിസ്റ്റർ ഓവെൽ ജോസഫ് (ബി.എ) തക്കലവരെ പോന്നു. വഴിനീളെ ഞങ്ങളുടെ സംഭാഷണവിഷയം 'സ്വദേശാഭിമാനി'യെപ്പറ്റിയായിരുന്നു. ഞങ്ങൾ തക്കല എത്തിയപ്പോൾ, ഉദ്ദേശം (പകൽ) പതിനൊന്നു മണിയായി. 'സ്വദേശാഭിമാനി' പത്രമുടക്കത്തെക്കുറിച്ചുള്ള വർത്തമാനം മാത്രം അല്പം ചിലർ അറിഞ്ഞിരുന്നു. ഞങ്ങൾ പോലീസ് ഇൻസ്പെക്ടറുടെ പാർപ്പിടത്തിലാണു ചെന്നിറങ്ങിയത്. ഏതാനും നിമിഷനേരത്തിനുള്ളിൽ, വർത്തമാനം കാട്ടുതീപോലെ പരന്നു. ഇൻസ്പെക്ടർ മിസ്റ്റർ. പി.പി. തര്യന്റെ പാർപ്പിടത്തിലും പുറമേ റോട്ടിലുമായി ഒട്ടേറെ ആൾ തിക്കിക്കൂടി. മിസ്റ്റർ ജോസഫ് മിസ്റ്റർ തര്യനെ ചുമതലയേൽപ്പിച്ചിട്ട്, എനിക്ക് വിജയാശംസ ചെയ്തു പിരിഞ്ഞുപോയി. പിന്നെ, ഉച്ചയ്ക്ക് ഊണുകഴിവോളവും അനന്തരം വിശ്രമാവസരത്തിലും, അവിടെ കാണ്മാൻ വന്നുകൂടിയിരുന്നവരോടു തലേനാൾ നടന്ന സംഭവങ്ങളെപ്പറ്റി ഞാൻ സംസാരിച്ചുകൊണ്ടിരുന്നു. ഈ അവസരത്തിൽ, എന്തോ ആവശ്യത്തിനായി എന്റ കുപ്പായക്കീശയിൽ ഉണ്ടായിരുന്ന 'ഫൗണ്ടൻപെൻ' എടുക്കുവാൻ അതിന്റെ കൂടു തുറന്നപ്പോഴാണ്, ഞാൻ തലേന്നാൾ അതിനുള്ളിൽ കണ്ടിരുന്നതായ എന്റെ വക ചെറിയ പേനാക്കത്തി അതിൽനിന്ന് എങ്ങനെയോ പൊയ്പ്പോയതായി അറിഞ്ഞത്. ഞാൻ ആ വിവരം പറഞ്ഞ സമയം മിസ്റ്റർ തര്യൻ, "പേനാക്കത്തി ഞാൻ തരാം," എന്നു പറഞ്ഞ് അതേ കത്തി എന്നെ കാട്ടി. അത് എങ്ങനെ അദ്ദേഹത്തിന്റെ കൈയ്യിൽ കിട്ടിയെന്നു ചോദിച്ചതിന്, തലേരാത്രിയിൽ പാളയം പോലീസ്‌സ്റ്റേഷനിൽ എന്റെ കുപ്പായം തൂക്കിയിരുന്നതിൽ നിന്ന് ഇൻസ്പെക്ടർ മിസ്റ്റർ ഗോവിന്ദപ്പിള്ള, ഞാനറിയാതെ അതെടുത്തുവെന്നും, ആ കത്തി ഞാൻ തിരുവിതാംകൂർ അതിർത്തി കടന്നാലുടൻ എന്നെ ഏല്പിക്കുമെന്നും, മിസ്റ്റർ തര്യൻ മറുപടി പറഞ്ഞു.
ഉച്ചതിരിഞ്ഞ്, നേരം മണി രണ്ടു കഴിഞ്ഞിരിക്കുന്നു. അവിടെ തിങ്ങിക്കൂടിയിരുന്ന ആളുകൾ പിരിഞ്ഞു പോയിട്ടില്ലാ. വർത്തമാനം അധികം പരന്നു തുടങ്ങിയതിന്റെ ഫലമായി, അകലെനിന്നും ആളുകൾ വന്നു കൂടിത്തുടങ്ങിയിരിക്കുന്നു. ഇവരെയൊക്കെ എങ്ങനെയാണ് റോട്ടിൽനിന്ന് അകറ്റി നിർത്തുന്നത് എന്നു ചിന്തപൂണ്ടു നില്‌ക്കവേ, ഞങ്ങൾക്കു പോവാനുള്ള വണ്ടി തയാറായി വരുകയും യാത്ര തുടരാൻ ഒരുങ്ങുകയും ചെയ്തു. റോട്ടിലേക്കിറങ്ങിയപ്പോൾ കണ്ടതായ കാഴ്ച, സത്യമായും മനസ്സിനു പാരവശ്യത്തെ ഉണ്ടാക്കുന്നതായിരുന്നു. അവിടെ സാശ്രുക്കളായി നിന്നിരുന്ന സ്നേഹിതൻമാരോടും, ജ്യേഷ്ഠസഹോദരനോടും യാത്ര പറഞ്ഞു പിരിഞ്ഞിട്ട് വണ്ടിയിൽ കയറിയ സമയം ഉത്ക