Jump to content

താൾ:Ente naadu kadathal.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യി. ഊണു കഴിഞ്ഞു. ഇതിനിടയിൽ, അവിടെ വന്നിരുന്ന ബന്ധുക്കളോടും മറ്റും, ഞാൻ മദ്രാസിലേക്കു പോവുകയാണ്, എന്നു പറയുകയും, ആ വിവരം എന്റെ ഭാര്യ മുതലായവരെ ഗ്രഹിപ്പിക്കാൻ അവരോടാവശ്യപ്പെടുകയും; വഴിയിൽ സഹായത്തിനു രണ്ടാൾ പ്രത്യേകം പോരുവാൻ വ്യവസ്ഥ ചെയ്തയയ്ക്കുകയും ചെയ്തു. പതിനൊന്നുമണി കഴിഞ്ഞപ്പോൾ വണ്ടി തയ്യാറായി, എന്ന് ആൾ വന്നറിയിച്ചു. പിന്നെ, അരമണിക്കൂറിനുള്ളിൽ യാത്ര ഒരുങ്ങി. പതിനൊന്നരയ്ക്കു ഞാനും പൊലീസ് ഇൻസ്പെക്ടർമാർ മിസ്റ്റർ ഗോവിന്ദപ്പിള്ളയും മിസ്റ്റർ പിച്ചു അയ്യങ്കാരും ജഡ്ക്കയിൽ കയറി. രാത്രി നന്നേ ഇരുട്ടായിരുന്നു. യാത്രയും പുറപ്പെട്ടു. 'യാത്രാമുഖേശോഭനം' ആയ ഒരു ദീപം എതിരേവന്നു. 'ഇരുളിൽനിന്നു വെളിച്ചത്തേക്ക്' എന്നു ദൈവം സൂചന തന്നതായിരിക്കുമോ എന്ന് ഒരു വിചാരം മനസ്സിനു ധൈര്യത്തിങ്കൽ സ്ഥൈര്യത്തേയും നല്കി.

പൊലീസ്‌വേഷം (യൂണിഫാറം) ധരിച്ചിരുന്ന ആ രണ്ട് ഇൻസ്പെക്ടർമാർക്കു കൂടെയും ഒന്നായി യാത്ര ചെയ്‌വാൻ തക്ക സൗകര്യം ഇല്ലായിരുന്ന ആ ജഡ്ക്കയ്ക്കുള്ളിൽ, എന്നെക്കൂടാതെ എന്റെ മെത്ത മുതലായ സാധനങ്ങളും ഉണ്ടായിരുന്നതുകൊണ്ട്, അടുത്ത താവളമായ നെയ്യാറ്റിങ്കര എത്തിയതുവരെ, യാത്രയിൽ,

"നേരം പൊയതറിഞ്ഞിടാത്തവിധമായ്
താനേ കഴിഞ്ഞു നിശ."

നെയ്യാറ്റിങ്കര എത്തിയപ്പോൾ, നേരം ഏകദേശം രണ്ടരമണി കഴിഞ്ഞിരിക്കുന്നു. പൊലീസ്‌സ്റ്റേഷനിൽ വിളക്കു നിന്നെരിയുന്നുണ്ട്. പാറാക്കാർ ഉണർന്നിരിക്കുന്നുണ്ട്. ഉടൻ, അവിടുത്തെ ഇൻസ്പെക്ടർക്ക് ആളയച്ചു. മിസ്റ്റർ ഗോപാലസ്വാമിപ്പിള്ള-അതാണ് ഇൻസ്പെക്ടറുടെ പേര്-വന്നു ചേർന്നു. കാര്യം ചോദിച്ചറിയുകയും, തനിക്ക് ഇങ്ങനെയൊരു സന്താപകരമായ കൃത്യം കൈയേല്ക്കേണ്ടിവന്നല്ലോ എന്നു വ്യസനിക്കയും ചെയ്തു. ഞങ്ങൾ തമ്മിൽ പറഞ്ഞു തീർച്ചപ്പെടുത്തിയതിന്മണ്ണം ജഡ്ക്കാവണ്ടിക്കു പകരം, വില്ലുവെച്ച (തിരുനെൽവേലി) കാളവണ്ടി ഏർപ്പാട് ചെയ്ത്, ഉദ്ദേശം നാലുമണിസമയം, യാത്ര തുടർന്നു. ആ സ്റ്റേഷനിൽ നിന്ന് ഇൻസ്പെക്ടർക്കുപുറമേ ഒരു സ്റ്റേഷനാഫീസറും പോരുന്നതിനു സൂപ്രേണ്ടിന്റെ ആജ്ഞ ഉണ്ടായിരുന്നു എന്നും വെളിപ്പെട്ടു. എന്നെ പിരിയുന്ന സമയം മിസ്റ്റർ ഗോവിന്ദപ്പിള്ളയും മിസ്റ്റർ പിച്ചു അയ്യങ്കാരും തങ്ങളുടെ സഹതാപത്തെ പ്രസ്താവിക്കയും എനിക്കു സകല ശ്രേയസ്സുകളെയും ആശംസിക്കുകയും ചെയ്തു. "വന്ദനം! ഈ സംഭവംകൊണ്ടു താൻ ഖിന്നനായിട്ടില്ലാ എന്നും, നല്ലവണ്ണം മനഃപ്രസാദം എനിക്കുണ്ടെന്നും എന്നെപ്പറ്റി ചോദിക്കുന്നവരോടു പറവാൻ അപേക്ഷ." എന്നു പറഞ്ഞു ഞാനും പിരിഞ്ഞു.

സൂര്യോദയമാകുന്നതിനു മുമ്പ് നെയ്യാറ്റിങ്കര കടന്നിരിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. നെയ്യാറ്റിങ്കര എന്റെ തറവാട്ടുവീടും സ്വജനങ്ങളുമുള്ള ദേശമാകയാൽ ഇവർ ഇക്കഥ അറിഞ്ഞു വന്നുചേരുവാനും ശോകരസപൂരിതമായ രംഗം വല്ലതും ഉണ്ടാവാനും ഇടവരാതെ കഴിക്കേണമെന്നായിരുന്നു ഉദ്ദേശ്യം. അതിനാലായിരുന്നു തിരുവനന്തപുരത്തുനിന്നുതന്നെയും നേരത്തെ പുറപ്പെട്ടത്.

മിസ്റ്റർ ഗോപാലസ്വാമിപ്പിള്ളയും ഞാനും മാത്രം വണ്ടിക്കകത്തായിരുന്നതിനാൽ, സുഖമായിരിപ്പാനും കിടപ്പാനും സൗകര്യമുണ്ടായിരുന്നു. അദ്ദേഹം തന്റെ ചങ്ങാതികളോടു ചോദിച്ചറിഞ്ഞ വർത്തമാനങ്ങൾകൊണ്ട് തൃപ്തിപ്പെടാഞ്ഞ്, എന്നോടു കഥകൾ ചോദിച്ചറികയും "എനിക്ക് വാസ്തവമായിട്ടും മനസ്സ് തപിക്കുന്നു. നിങ്ങളെങ്ങനെയാണ്, ഈ വിധം, കുലുക്കം ഇല്ലാതെയിരിക്കുന്നത്?" എന്നു ചോദിക്കയും ചെയ്തതിന്, "ഇതിലെന്താണ് വ്യാകുലപ്പെടാൻ?" എന്നു മറുചോദ്യംകൊണ്ട് സമാധാനപ്പെടു-

"https://ml.wikisource.org/w/index.php?title=താൾ:Ente_naadu_kadathal.pdf/51&oldid=159020" എന്ന താളിൽനിന്ന് ശേഖരിച്ചത്