താൾ:Ente naadu kadathal.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


വിചാരങ്ങൾ ഇപ്രകാരമായിരുന്നു: 'സൂപ്രേണ്ട് ഒരു രേഖ മിസ്റ്റർ ഗോവിന്ദപ്പിള്ളയെ ഏല്പിക്കുന്നു. മിസ്റ്റർ പിള്ള വീട്ടിലേക്ക് ആളയച്ച് ഉടുപ്പാൻ മുണ്ടും നേരിയതും ഉറുപ്പികയും ആവശ്യപ്പെടുന്നു. ഇതെന്തിന്? രേഖ എന്താവാം? എന്നെ ബന്തവസ്സിൽ സൂക്ഷിപ്പാൻ മിസ്റ്റർ പിള്ളയെ ചുമതലപ്പെടുത്തിയതാണെങ്കിൽ, മിസ്റ്റർ പിള്ള ഈ രാത്രിയിൽ ഉറുപ്പിക ആവശ്യപ്പെടുന്നതെന്തിന്? അതുമല്ല, പാളയം സ്റ്റേഷൻ ചാർജ് വഹിക്കുന്ന ഇൻസ്പെക്ടർ മിസ്റ്റർ ഗോവിന്ദപ്പിള്ള അല്ലതാനും. അതിനാൽ സൂപ്രേണ്ടു കൊടുത്ത രേഖ മറ്റെന്തോ ഉദ്ദേശ്യത്തോടുകൂടിയതായിരിക്കണം. അതെന്താണ്? എന്റെ ആപ്പീസും അച്ചുകൂടവും പെട്ടെന്നു ശോധനചെയ്യാനാണെന്ന് പറഞ്ഞുവന്നിട്ടു സകല സാധനങ്ങളും പൊലീസ്‌സ്റ്റേഷനിലേക്കു മാറ്റി. ശോധനവാറണ്ട് എന്നെ കാണിച്ചിട്ടില്ല. ആവശ്യപ്പെട്ടതിലും കാണിക്കയില്ലെന്നു സൂപ്രേണ്ടു പറഞ്ഞു. മജിസ്ട്രേട്ടിന്റെ വാറണ്ടല്ലാ എന്നും തിരുവെഴുത്തുവാറണ്ടാണെന്നും പറഞ്ഞു. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ, രാജ്യരക്ഷയെ ഉദ്ദേശിച്ച് ഏർപ്പെടുത്തീട്ടുള്ള നിയമങ്ങളെ നടത്തിപ്പോകുന്നതിനു നിയോഗിച്ചിരിക്കുന്ന ന്യായാധിപതിമാർ മുഖേന ചെയ്യേണ്ടിയിരുന്നതായ നടപടികളെ ഉപേക്ഷിച്ചിട്ടു രാജാവിന്റെ അധികാരമഹിമാവിനെ പ്രയോഗിച്ചിരിക്കുന്ന സ്ഥിതിക്ക്, സൂപ്രേണ്ടിന്റെ രേഖ ആ അധികാരപ്രകടനത്തിന്റെ മറ്റൊരു അംശമായിരിക്കം. ആ രേഖ എന്നെ ഈ നാട്ടിൽനിന്നു പുറമേ അയയ്ക്കണമെന്ന ഉദ്ദേശ്യത്തിലുള്ളതായിരിക്കാം; സംശയമില്ല.' എന്നു ചിന്തിച്ച് മിസ്റ്റർ ഗോവിന്ദപ്പിള്ളയോട് ചോദിച്ചു: 'നമ്മൾക്ക് എപ്പോൾ പുറപ്പെടാം?' എന്നു മാത്രം. ഈ ചോദ്യത്തെ അദ്ദേഹം ആ സമയം പ്രതീക്ഷിച്ചിരുന്നില്ലാ എന്നു തോന്നുന്നു. എന്തെന്നാൽ, അതു കേട്ടിട്ട് അദ്ദേഹം കുറേനേരം ഒന്നും മിണ്ടാതെയിരുന്നു. "വേണ്ട, നിങ്ങൾ ഒളിച്ചുവയ്ക്കേണ്ട ആവശ്യമില്ല. എന്താണു വരാൻപോകുന്നതെന്നു ഞാൻ ഊഹിച്ചുകഴിഞ്ഞു. അതിനാൽ എപ്പോൾ പുറപ്പെടാമെന്നു മാത്രം പറക," എന്നു ഞാൻ വീണ്ടും ചോദിച്ചു. അദ്ദേഹം വീണ്ടും മന്ദഹസിച്ചു. എന്തായാലും, എപ്പോഴെങ്കിലും പറയേണ്ടതായി വരുമല്ലോ എന്നു സമാധാനപ്പെട്ടിട്ടായിരിക്കാം. അദ്ദേഹം അനുശോചനസ്വരത്തിൽ, "പന്ത്രണ്ടു മണിക്കു പുറപ്പെടാം." എന്നു മറുപടി പറഞ്ഞു. "രാത്രിയോ പകലോ?" എന്ന എന്റെ ചോദ്യത്തിന്, "ഇപ്പോൾ തന്നെ; രാത്രിയിൽ," എന്ന് ഉത്തരം പറഞ്ഞു. "അതാണുത്തമം- കഴിയുന്ന വേഗത്തിൽ ഇവിടം വിടണം, ബഹളമുണ്ടാവാൻ സംഗതി വരരുതല്ലോ. പക്ഷേ, ഈ കഥ വളരെ മുമ്പുതന്നെ സൂപ്രേണ്ടിന് എന്നെ അറിയിക്കാമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കിൽ, വീട്ടിൽവേണ്ട വ്യവസ്ഥകൾക്ക് അറിവുകൊടുക്കാമായിരുന്നു. പോട്ടെ, സാരമില്ല. മിസ്റ്റർ അച്യുതൻപിള്ളയും വാല്യക്കാരും വന്നുചേർന്നെങ്കിൽ ഊണുകഴിച്ചു നേരത്തേ യാത്രയാകാമായിരുന്നു." എന്നു ഞാൻ മിസ്റ്റർ ഗോവിന്ദപ്പിള്ളയോടു പറഞ്ഞു. ഈ സംഭാഷണസമയം സമീപത്തു മറ്റാരും ഉണ്ടായിരുന്നില്ല. അദ്ദേഹം സമാശ്വസിപ്പിക്കുന്നതിനായി ചിലതു സംസാരിച്ചു. "ഹേയ്! അതൊന്നും കൂടാതെ തന്നെ എനിക്കു സമാധാനം ഉണ്ട്. എനിക്ക് ഏതു നാട്ടിലോ, കാട്ടിലോ ജീവിച്ചാലെന്ത്? ഞാൻ ഇവിടെ പാർക്കരുത് എന്നാണു മഹാരാജാവിന് അഭിമതമെങ്കിൽ എനിക്ക് ഇവിടെ പാർക്കുവാൻ ആഗ്രഹവുമില്ല. ആകട്ടെ, ഏതു വഴിക്കാണു യാത്ര?" എന്നു ഞാൻ ചോദിച്ചു. "തെക്കൻ വഴി" എന്നു മിസ്റ്റർ ഗോവിന്ദപ്പിള്ള മറുപടി പറഞ്ഞു. "കൊല്ലം വഴിയായിരുന്നെങ്കിൽ നിങ്ങൾക്കു ബുദ്ധിമുട്ടുകൂടാതെ കഴിയുമായിരുന്നു." "എന്താ ചെയ്ക? പൊലീസുഡിപ്പാർട്ടുമെന്റിലെ കഷ്ടപ്പാടുകൾ ഇങ്ങനെയൊക്കെയാണ്. തെക്കൻവഴി പണ്ടത്തേ ഏർപ്പാടാണ്." "ഓഹോ! തോവാളക്കോട്ട കടത്തുക എന്നാണല്ലോ." "നിങ്ങൾക്കു ഗുണമാണെന്നു സമാധനപ്പെടുക; അധികം സ്വാതന്ത്ര്യമുള്ള ദിക്കിൽ പാർക്കാം."

ഇപ്രകാരം സംഭാഷണം കുറെ കഴിഞ്ഞപ്പോൾ, മിസ്റ്റർ അച്യുതൻപിള്ളയും വാല്യക്കാരും വന്നുചേർന്നു. കുറെക്കഴിഞ്ഞ് മിസ്റ്റർ ഗാല്യോവിന്റെ ആൾ ഒരു കത്തു കൊണ്ടുവന്ന് ഇൻസ്പെക്ടർ മിസ്റ്റർ ഗോവിന്ദപ്പിള്ളയെ ഏല്പിച്ചു. അവർ അതു വായിച്ചു നോക്കിയശേഷം. ഞങ്ങൾ ഊണിന് ഒരുക്കമാ

"https://ml.wikisource.org/w/index.php?title=താൾ:Ente_naadu_kadathal.pdf/50&oldid=159019" എന്ന താളിൽനിന്ന് ശേഖരിച്ചത്