അവിടം വിട്ടുപോയിരുന്നു. എന്നോട് ഇരിക്കുവാൻ പറഞ്ഞതിൻവണ്ണം അവിടെ മുഖപ്പുവരാന്തയിൽത്തന്നെ ഒരു കസാലയിൽ ഞാൻ ഇരുന്നു. ഹാ! ആ കസാല 'സ്വദേശാഭിമാനി' ആപ്പീസിൽനിന്ന് സർക്കാർ കൈയടക്കിയവയിൽ ഒന്നുതന്നെയായിരുന്നു! ഞാൻ റോഡിൽ നിന്നിരുന്ന ജനങ്ങൾക്ക് അഭിമുഖമായും അവർക്കു കാണ്മാൻ സൗകര്യപ്പെടുമാറും ഇരിക്കയായിരുന്നു. ജനങ്ങൾ കൂട്ടുംവിട്ടുപിരിഞ്ഞുപോയിരുന്നില്ല. അവരുടെയിടയിൽ ചില ആരവങ്ങളും തെരക്കുകളും കേൾക്കാമായിരുന്നു. ഇതു സ്വഭാവേന പൊലീസുകാർക്ക് അല്പം കുണ്ഠിതത്തിനുകാരണമായി എന്നു തോന്നുന്നു. എന്തെന്നാൽ, മിസ്റ്റർ ഗോമസ്സും മിസ്റ്റർ ഗോവിന്ദപ്പിള്ളയും മറ്റും എന്നോട് അകത്തുള്ള കസാലയിൽ ഇരിക്കുന്നതായാൽ ഈ ബഹളം പുറമേ ഉണ്ടാകാതെ കഴിയുമായിരുന്നു എന്നു പറയുകയുണ്ടായി. "അകത്തു കടന്നിരിക്കുമ്പോൾ ആളുകൾക്ക് എന്നെ കാണ്മാൻ കഴിയാതെയാവും; അവരുടെ ആശങ്ക വർദ്ധിക്കും; കുറേക്കൂടെ ബഹളമാകും. പുറമേയിരുന്നാൽ അവർക്ക് എന്നെ കാണ്മാൻ കഴിയുന്നതായാൽ ദുശ്ശങ്കകൾ ഉണ്ടാകയില്ല. ഇതു വിചാരിച്ചിട്ടാണു കുറേനേരം പുറത്തിരിക്കാമെന്നു ഞാൻ പറയുന്നത്," എന്നു ഞാൻ അവരോടു മറുപടി പറഞ്ഞു. ഈ വിധം കുറേനേരം പുറമേയിരുന്നു. മിസ്റ്റർ ഗോമസ്സുമായി ചില വർത്തമാനങ്ങൾ സംസാരിച്ചുകൊണ്ടിരുന്നതിനിടയിൽ, റോട്ടിലെ ജനക്കുട്ടം കുറെശ്ശെ മെലിഞ്ഞു തുടങ്ങിയതായി തോന്നി. വരാന്തയിൽ നെടുനീളെ 'സ്വദേശാഭിമാനി' ആപ്പീസിൽ നിന്ന് എടുത്ത പുസ്തകങ്ങൾ, റിക്കാർട്ടുകൾ മുതലായവയൊക്കെ വാരിവിതറിക്കൂട്ടിയിരിക്കയായിരുന്നു. കുറേനേരം കഴിഞ്ഞാറെ ഞാൻ അകത്തുള്ള കസാലയിൽ ചെന്നിരുന്നു. പൊലീസ് ഇൻസ്പെക്ടർമാരും സ്റ്റേഷൻ ആഫീസറും മറ്റും അവരുടെ ചില ജോലികൾ നോക്കുന്നതിനിടയിൽ, എന്റെ ആ രാത്രിയിലെ താമസത്തിനായിട്ടാണെന്നു തോന്നുന്നു, ഒരു വലിയ മുറി ഒഴിക്കാനും അകം വൃത്തിയാക്കാനും ഉത്സാഹിച്ചു തുടങ്ങി. ഇതിനിടെ സൂപ്രേണ്ടു വരികയും, എന്റെ ആഹാരവും മെത്തയും എപ്പോൾ വന്നുചേരുമെന്നു ചോദിക്കുകയും ചെയ്തിട്ടു പോയി. പിന്നെയും, ഞാൻ മിസ്റ്റർ ഗോവിന്ദപിള്ളയുമായി സംസാരിച്ചുകൊണ്ടിരിക്കയായിരുന്നു. കുറേനേരം കഴിഞ്ഞു സൂപ്രേണ്ടും മിസ്റ്റർ ഗാല്യോവും വന്നു; വരാന്തയിൽ കിടന്നിരുന്ന റിക്കാർട്ടുകളെ കെട്ടി അരക്കു മുദ്ര വച്ച്, എനിക്കായി ഒഴിച്ചിട്ട വലിയ മുറിക്കുള്ളിൽ കൊണ്ടുവെപ്പിച്ച്, അവയ്ക്കു ലിസ്റ്റുകൾ എഴുതി, വീണ്ടും പോയി.
മണി ഏകദേശം ഒമ്പതാകുമെന്നു തോന്നുന്നു. എനിക്ക് ആഹാരവും മെത്തയും കൊണ്ടുവരാനായി നിയോഗിക്കപ്പെട്ടിരുന്ന പൊലീസ് ഇൻസ്പെക്ടർ മിസ്റ്റർ അച്യുതൻപിള്ളയും എന്റെ വാല്യക്കാരും മടങ്ങിവന്നിട്ടില്ല. പുറമേ റോട്ടിലുണ്ടായിരുന്ന ആളുകളും മിക്കവാറും പോയിക്കഴിഞ്ഞു. സൂപ്രേണ്ടു വീണ്ടും വരുകയും ആഹാരാദികാര്യങ്ങളെപ്പറ്റി അന്വേഷണം ചെയ്കയും ചെയ്തു. അനന്തരം സൂപ്രേണ്ട് എന്നിൽനിന്നു കുറെ അകലെ ഇരുന്ന് ഒരു കടലാസു മേടിച്ച് എന്തോ എഴുതി. ആ ഫുൾസ്കേപ്പു കടലാസ്സിന്റെ എഴുതിയ പകുതി ചീന്തിയെടുത്തു മടക്കി, ഇൻസ്പെക്ടർ മിസ്റ്റർ ഗോവിന്ദപ്പിള്ളയെ ഏല്പിച്ച്, എന്റെ ആഹാരാദികാര്യങ്ങളെപ്പറ്റി വീണ്ടും അന്വേഷണം ചെയ്തിട്ടുപോയി. മിസ്റ്റർ ഗോവിന്ദപ്പിള്ളയും കുറേ അനുഗമിച്ചിട്ടു മടങ്ങിവന്നു. തന്റെ കയ്യിൽ കിട്ടിയ രേഖയെ നോക്കി കാര്യം ഗ്രഹിച്ചശേഷം, മടക്കി കീശയിലാക്കി. കുറേ കഴിഞ്ഞാറേ, താൻ രാവിലെ വീട്ടിൽനിന്ന് ഇറങ്ങിയതാണെന്നും, ഉച്ചയ്ക്ക് ആഹാരം കഴിഞ്ഞിട്ടില്ലെന്നും മറ്റും തന്റെ കൂട്ടുകാരോടു പറകയും, ഒരു കാൺസ്റ്റബിളിനെ വിളിച്ച് വീട്ടിൽ പോയി ഉടുപ്പാൻ മുണ്ടും, നേരിയതും, അഞ്ചുറുപ്പികയും വാങ്ങിക്കൊണ്ടു വരാൻ, ഒരു കുറിമാനം കൊടുത്തയയ്ക്കുകയും ചെയ്തു. അതേവരെ എന്നെ എന്തുചെയ്യാനാണു പോകുന്നതെന്നു നിശ്ചയമറിഞ്ഞിരുന്നില്ലെങ്കിലും, പക്ഷേ, പിറ്റേന്നാൾ എന്റെമേൽ മുറയ്ക്കുവല്ല കുറ്റവും ആരോപിച്ചു കേസ് തുടങ്ങാമെന്നു പലരും സംശയിച്ചിരുന്നതിന്മണ്ണം ആശങ്കിച്ചിരുന്ന എനിക്ക് ആ ആശങ്ക അസംഗതമെന്ന് ഉടൻ തോന്നി. എന്റെ മനസ്സിൽ അപ്പോൾ ഉദിച്ചുപൊങ്ങിയ,