ഏകദേശം ഏഴുമണി സമയമായി, സൂപ്രേണ്ട് അകത്തുവന്നു, ഇൻസ്പെക്ടർ മിസ്റ്റർ ഗോവിന്ദപ്പിള്ളയെ വിളിച്ച് എന്തോ ചെവിയിൽ പറയുന്നതുകണ്ടു. അതുകഴിഞ്ഞു സൂപ്രേണ്ട് പുറമേയിറങ്ങി. മിസ്റ്റർ ഗോവിന്ദപ്പിള്ള എന്റെ അരികിലെത്തിപ്പറഞ്ഞു: "രാത്രിയായി. ഇവിടെ ഇരിക്കേണ്ടാ. സ്റ്റേഷനിൽ പോയിരിക്കാമെന്നു സൂപ്രേണ്ടു പറയുന്നു. "ഓഹോ! പോകാം," എന്നു മറുപടി പറഞ്ഞു. ഞാൻ മുറ്റത്തിറങ്ങി. ആ സമയം ചില സ്നേഹിതൻമാർ അടുത്തുവന്നു പറഞ്ഞു: "നിങ്ങൾ സുഖക്കേടുകരനാകകൊണ്ട്, ഡാക്ടറെ വിളിച്ചു ദേഹപരിശോധന കഴിക്കണം." ഇതിനിടയിൽ, സൂപ്രേണ്ടും അടുത്തുവന്നു. "ഞാൻ സുഖക്കേടുകാരനാണ് ചികിത്സയിലിരിക്കാണ്. അതിനാൽ എനിക്കു രാത്രി സുഖമായി കിടക്കുന്നതിനു മെത്ത മുതലായവ സംഭരിക്കണം. എന്റെ ദേഹം ഡാക്ടറെക്കൊണ്ടു പരിശോധിപ്പിക്കുന്നതും യുക്തമായിരിക്കും," എന്നു ഞാൻ പറഞ്ഞതിന്, "നിങ്ങൾക്കു സുഖമായി കിടപ്പാൻ വേണ്ടപോലെ ഏർപ്പാടു ചെയ്യാം," എന്നു സൂപ്രേണ്ടു മറുപടി പറഞ്ഞു. ഉടൻ മിസ്റ്റർ ഗോവിന്ദപ്പിള്ളയും (ഇൻസ്പെക്ടർ) കൂട്ടരും ഹെയ്! നിങ്ങളെന്തിനാണിങ്ങനെ പറയുന്നത്? ദേഹപരിശോധന എന്തിന്? എന്നു ചോദിച്ചു. "അതല്ലാ, എന്റെ ശരീരസ്ഥിതി അങ്ങനെയാണ്. വല്ല സുഖക്കേടും വന്നാൽ നിങ്ങളെ അപരാധികളാക്കുവാൻ ഇടയാക്കരുതല്ലോ. ആ മുൻകരുതലാണ്," ഇങ്ങനെ പറഞ്ഞിട്ടു റോട്ടിലേക്കെത്തി, മുന്നോട്ടു നോക്കിയപ്പോൾ, ഒരു പത്തായിരത്തിലധികം ജനങ്ങൾ.
- "തെരുതെരെ മണൽവാരിത്തെള്ളി മേല്പോട്ടെറിഞ്ഞാ-
- ലൊരുതരി മണൽപോലും താഴെ വീഴാതെവണ്ണം"
റോട്ടിൽ നിരന്നിട്ടുണ്ട്. റോട്ടിന്റെ ഇരുഭാഗങ്ങളിലുമുള്ള ഷാപ്പുകളിലും 'വെസ്റ്റേൺ സ്റ്റാർ' ആഫീസ് മുഖപ്പുവരാന്തയിലും മറ്റും കാഴ്ചക്കാർ കൂടിട്ടുണ്ട്. ആ ആൾക്കൂട്ടത്തിന്റെ ഇടയിൽ കുറെ ശ്രമപ്പെട്ടായിരുന്നു വഴിതെളിച്ചത്. പൊലീസ് സൂപ്രേണ്ടും മിസ്റ്റർ ഗാല്യോവും വഴി വിലക്കി. എന്റെ ഇടം വലമായി മിസ്റ്റർ ഗോവിന്ദപ്പിള്ള, മിസ്റ്റർ പിച്ചു അയ്യങ്കാർ മുതലായവരും നടന്നിരുന്നു. മെയിൻറോട്ടുവിട്ട് സ്റ്റേഷനിലേക്കുള്ള വഴിയിൽ തിരിയാറായപ്പോൾ, പിറകിൽനിന്നും, റോട്ടിന്റെ ഇരുഭാഗങ്ങളിൽ നിന്നും, വലത്തുനിന്നും, 'തള്ളിത്തിങ്ങിക്കലങ്ങിപ്പെരുകി വരു'ന്നുണ്ടായിരുന്ന ജനപ്രവാഹങ്ങൾ എല്ലാം കൂടി, 'വെള്ളത്തിൽ വേഗമേറും ഗതി മണലണയെത്തട്ടി നീക്കുന്നവണ്ണം,' പൊലീസുകാരുടെ തടസ്ഥത്തെ വകവയ്ക്കാതെ, 'തള്ളിത്തള്ളി' സ്റ്റേഷനിലോട്ടു വലിഞ്ഞുതുടങ്ങി. ഒരഞ്ചുമിനിട്ട് ഇങ്ങനെ കഴിഞ്ഞപ്പോൾ ഞങ്ങൾ പൊലീസ്‌സ്റ്റേഷൻ വാതില്ക്കൽ എത്തി. എന്നാൽ, ഈ ജനപ്രവാഹത്തിനൊക്കെ ആ പതനപ്രദേശത്തേക്കു കടക്കുന്നതിനു മാർഗമില്ലാത്ത വിധത്തിൽ അവിടം പ്രതിബന്ധിക്കപ്പെട്ടിരുന്നു. പൊലീസുകാരും, 'പ്രേക്ഷക പ്രേക്ഷിതനായ' ഞാനും ഒഴികെ. മറ്റെല്ലാവരും പുറത്തു നില്ക്കേണ്ടിവന്നു. വാതിൽ കടന്ന് അകത്തുവരാൻ ഭാവിച്ച ചില സ്നേഹിതന്മാരെ പൊലീസ് സൂപ്രേണ്ട് അസഹനനായി പുറത്തേക്കു തള്ളി. എന്നാൽ പുറമേ നില്ക്കേണ്ടിവന്ന ആളുകളിൽ ചില സൂപ്രേണ്ടിന്റെ ഈ ആവേശപ്രകടനങ്ങളെക്കണ്ട് അപഹാസസൂചകമായി കൂകിവിളിച്ചുകൊണ്ട് സ്റ്റേഷൻ അതിർത്തിമതില്ക്കുപുറമേ, റോഡിൽ ദിദൃക്ഷുക്കളായിത്തന്നെ നിന്നു.
പൊലീസ്‌സ്റ്റേഷന്റെ ഗേറ്റുകടന്നു മുറ്റത്തിറങ്ങിയപ്പോൾ ആദ്യമായി കണ്ടത് അച്ചുകൂടം വക കേസ്, സ്റ്റാന്റുകൾ തുടങ്ങിയ പലേ സാമാനങ്ങൾ മുറ്റത്തുകൊണ്ട് തള്ളിയിരുന്നതായിരുന്നു. അവയെ കടന്നു സ്റ്റേഷൻ മുഖപ്പിലുള്ള വരാന്തയിൽ കയറി. അവിടെ റിസർവ് പൊലീസ് ഇൻസ്പെക്ടർ മി. ഗോമസ് വാളൂരിപ്പിടിച്ചുകൊണ്ട് ലാത്തുന്നുണ്ടായിരുന്നു. പൊലീസ് സൂപ്രേണ്ട് ഈ സമയത്തിനിടയ്ക്ക്