Jump to content

താൾ:Ente naadu kadathal.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി

കളെ നോക്കിക്കൊണ്ട്, "ഇവ എന്താണ്?" എന്ന് എന്നോട് ചോദിക്കുകയും, അവ ഹിന്ദു, ടൈംസ് ആഫ് ഇന്ത്യാ, ഇല്ലസ്ട്രേറ്റഡ് വിക്കിലി മുതലായ പത്രങ്ങളും മറ്റുമാണ് എന്ന് ഞാൻ മറുപടി പറഞ്ഞതുകേട്ടിട്ട്, ശോധനയ്ക്കായി പ്രസ്സ് മുറിയിലേക്ക് കടന്നുപോവുകയും ചെയ്തു.

എന്തെങ്കിലും ശോധന ചെയ്തുകൊള്ളട്ടെ എന്ന് പറഞ്ഞു ഞാൻ സ്നേഹിതനുമായി സംഭാഷണം തുടർന്നുകൊണ്ടിരുന്നു.

മിസ്റ്റർ ഗോവിന്ദപ്പിള്ള 'സ്വദേശാഭിമാനി'യുടെ ചില ലക്കങ്ങൾ മറിച്ചുനോക്കി കുറിച്ചുകൊണ്ടിരുന്നു. സുപ്രേണ്ടും മറ്റു സിൽബന്ധികളും പ്രസ്സ് മുറിയിൽ ചെന്ന്, അച്ചറി തീർന്ന ഫാറങ്ങൾ നോക്കി; കമ്പോസിറ്ററൻമാർ അച്ചുനിരത്തിക്കൊണ്ടിരുന്ന കൈയെഴുത്തുപകർപ്പുകൾ നോക്കി; അവയുടെ പ്രൂഫ് എടുത്തടത്തോളം വാങ്ങി നോക്കി; അവയൊക്കെ അന്നത്തെ ലക്കത്തിലേക്ക് ഉള്ളവയാണെന്ന് ഇടയ്ക്ക് എന്നോട് വന്നു ചോദിച്ചറിഞ്ഞതിൻവണ്ണം അവയെല്ലാം പെറുക്കി എടുത്ത് ലിസ്റ്റ് തയ്യാറാക്കാൻ പറഞ്ഞു. ടൈപ്പുകേസുകൾ മുതലായ സാമാനങ്ങളുടെ പേരുകൾ കമ്പോസിറ്ററർമാരോട് ചോദിച്ചറിഞ്ഞ് എഴുതി. ഇങ്ങനെ പലതും ബഹളമായി നടത്തിക്കൊണ്ടിരുന്നു. ഇതിനിടെ മിസ്റ്റർ അച്യുതൻപിള്ള എന്റെ സമീപത്ത് വരികയും, സർക്കീട്ടിലായിരുന്ന സായിപ്പ് പെട്ടെന്ന് വന്നതാണെന്നും അന്നുച്ചയ്ക്ക് മുമ്പു നിനച്ചിരിക്കാതെ തന്നെ വഴിയിൽ വച്ച് പിടിച്ചുകൊണ്ട്, എന്നെ അറിയുമോ എന്നു ചോദിച്ചു എന്നും, എന്റെ പാർപ്പിടം കാണിച്ചുകൊടുക്കാനാവശ്യപ്പെട്ടു എന്നും, അതിൻവണ്ണം പുത്തൻചന്ത സ്റ്റേഷൻ സമീപമുള്ള എന്റെ വാസസ്ഥലത്തു ചെന്ന് നോക്കിയതിൽ എന്നെ കാണാഞ്ഞ് അവിടെ എന്റെ കുട്ടികളെയും വാല്യക്കാരനെയും കണ്ടിട്ട് ഞാൻ എവിടെയാണെന്ന് ചോദിച്ചറിഞ്ഞു എന്നും, വീട്ടിൽ ഏതാനും കാൺസ്റ്റബിൾമാരെ ബന്തവസ്സിന് നിറുത്തിയിട്ട് പോന്നിരിക്കുകയാണെന്നും, കഥ എന്തെന്നറിവില്ലെന്നും പറയുകയും ചെയ്തു. മിസ്റ്റർ ഗോവിന്ദപ്പിള്ളയും തനിക്കിതെന്തന്നറിവില്ലെന്നു പറഞ്ഞു. ഞാൻ വീണ്ടും എന്റെ സ്നേഹിതനുമായി സംസാരിച്ചുകൊണ്ടിരുന്നു. ഇതിനിടെ എന്റെ വാല്യക്കാരൻ ഓടി എരച്ചുവന്ന്, "വീട്ടിൽ കാൺസ്റ്റബിൾമാർ വന്ന് പുരമുറിക്കൊക്കെ മുദ്രവച്ചിരിക്കുന്നു. കുട്ടികളും വാല്യക്കാരിയും ഞാനും മാത്രമേ ഉള്ളു." എന്ന് പറഞ്ഞു. "തരക്കേടില്ല-ഭയപ്പെടേണ്ടാ-അവർ മുദ്രവയ്ക്കയോ; എന്തോ ചെയ്തോട്ടെ. കുട്ടികളെ സൂക്ഷിച്ചുകൊള്ളു." എന്ന് അവനെ പറഞ്ഞയച്ചു. കുട്ടികൾ എന്ന് പറഞ്ഞത്, നാലു വയസ്സായ പുത്രിയെയും ഉദ്ദേശം മൂന്നു വയസ്സായ പുത്രനെയും ഉദ്ദേശിച്ചായിരുന്നു. വാല്യക്കാരി ഈ കുട്ടികളോടൊന്നിച്ച് കളിപ്പാനായി നിറുത്തിയിരുന്ന ഒരു പെൺകുട്ടിയുമായിരുന്നു. അവർ മാത്രമേ ഉള്ളു എന്ന് പറഞ്ഞത്, എന്റെ ഭാര്യ വീട്ടിൽ ഇല്ലാത്തതിനെ ഉദ്ദേശിച്ചായിരുന്നു. ഗവൺമെന്റു വക ഇംഗ്ലിഷ് ബാലികാമഹാപാഠശാലയിൽ ഉപാദ്ധ്യായിനിയായ എന്റെ ഭാര്യ ആ സമയം പാഠശാലയിൽ ആയിരുന്നു.

'സ്വദേശാഭിമാനി' ആഫീസിനെ പൊലീസുകാർ വളഞ്ഞിരിക്കുന്നു എന്ന വർത്തമാനം ഇതിനുള്ളിൽ മുഴങ്ങിക്കേട്ടിട്ട്, എന്റെ ചങ്ങാതികളായും പത്രത്തിന്റെ പേരിലും എന്റെ പേരിലും താൽപര്യമുള്ളവരായും ആളുകൾ തുരുതുരെ ആഫീസിലേക്ക് വന്നുകയറിത്തുടങ്ങി. ഞാൻ മുന്നോട്ട് ചെന്ന് ചിലരുടെയൊക്കെ പരിഭ്രമത്തെ ശമിപ്പിച്ചു. "എങ്കിലും ശോധന എന്തിനാണ്? നിങ്ങളെ വാറണ്ടു കാണിച്ചുവോ?" എന്ന് അവരിൽ ഒരാൾ എന്നോട് ചോദിച്ചു.

"ഇല്ലാ-ഞാൻ ആവശ്യപ്പെട്ടുമില്ലാ."

"എന്നാലും വാറണ്ടുകൂടാതെ ഇങ്ങനെ ചെയ്യാമോ?"

"പാടില്ലാ- വാറണ്ടുണ്ടായിരിക്കാം."

"https://ml.wikisource.org/w/index.php?title=താൾ:Ente_naadu_kadathal.pdf/41&oldid=159009" എന്ന താളിൽനിന്ന് ശേഖരിച്ചത്