താൾ:Ente naadu kadathal.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാറി. മിസ്റ്റർ ജോർജ്ജ് കടന്നുവന്നപ്പോൾ ഞാൻ എണീറ്റു മുമ്പോട്ട് ചെന്നയുടനെ "മിസ്റ്റർ രാമകൃഷ്ണപിള്ള ആരാണ്. നിങ്ങളാണോ?" - എന്ന് ചോദിച്ചു.

"ഞാൻ തന്നെ" - എന്നു മറുപടി പറഞ്ഞു.

ഞങ്ങളുടെ സംവാദം ഇംഗ്ലീഷിലായിരുന്നു.

"നിങ്ങളുടെ പത്രത്തിന്റെ പ്രതികളെവിടെ?" ഉടൻ എന്റെ മേശപ്പുറത്ത് ഇടതുഭാഗത്ത് അടുക്കിവെച്ചിരുന്ന പല പത്രങ്ങളെയും നോക്കിക്കൊണ്ട്. "ഇവയൊക്കെ എന്താണ്?" എന്ന് മിസ്റ്റർ ജോർജ്ജ് ചോദിച്ചു.

"ഇവയൊക്കെ മാറ്റത്തിനായും മറ്റും വന്നിട്ടുള്ള പത്രങ്ങളാണ്" എന്ന് ഞാൻ പറഞ്ഞു.

മദ്രാസ് സ്റ്റാൻഡേർഡ്, വെസ്റ്റ് കോസ്റ്റ് റിഫാർമർ, മലബാർ ഹിറാൾഡ്, കൊച്ചിൻ ആർഗ്സ്, മലബാർ ഡെയ്‌ലി ന്യൂസ്, വെസ്റ്റേൺ സ്റ്റാർ, മറാട്ടാ, ഇന്ത്യൻ സോഷ്യൽ റിഫാർമർ, ഇന്ത്യൻ റിവ്യൂ മുതലായ പത്രികകളെയും മറ്റും ഇളക്കിനോക്കീട്ട്, "നിങ്ങളുടെ പത്രത്തിന്റെ ചില പ്രതികൾ കാണിക്കാമോ?" എന്ന് മിസ്റ്റർ ജോർജ്ജ് ചോദിച്ചു. "ഇതേ ഇരിക്കുന്നു." എന്ന് ചില പ്രതികൾ കാണിച്ചു കൊടുത്തു. "എനിക്ക് നിങ്ങളുടെ ആഫീസ് ശോധന ചെയ്യണം." എന്ന് സായിപ്പു പറഞ്ഞു.

"ഓഹോ, ആവാം. യാതൊരു തടസ്സുമില്ലാ" എന്ന് ഞാൻ മറുപടി കൊടുത്തു.

"മിസ്റ്റർ ഗോവിന്ദപ്പിള്ളേ! ഈ പത്രങ്ങളിൽ ഗവൺമെന്റിനെ പറ്റി ആക്ഷേപിച്ചിട്ടുള്ള ലേഖനങ്ങളടങ്ങിയത് ചിലത് തെരഞ്ഞെടുക്കുക", എന്ന് 'സ്വദേശാഭിമാനി'യെ കാണിച്ചിട്ട്, സായിപ്പ് ആജ്ഞാപിച്ചു. "ഏതാണ് നിങ്ങൾക്ക് കാണേണ്ടത്? ഇതാ നോക്കുക. ദിവാൻജിയുടെ പ്രജാസഭനിയമനിരൂപണത്തെപ്പറ്റിയുള്ളത്." എന്ന് ഞാൻ പറഞ്ഞു. "അതെന്താണ്?" എന്ന് സായിപ്പ് ചോദിച്ചു. "പ്രജാസഭയുടെ ചട്ടങ്ങളെ ദിവാൻജി പുതുക്കി, അതിനെ ആക്ഷേപിച്ചിട്ടാണ്." എന്ന് മിസ്റ്റർ ഗോവിന്ദപ്പിള്ള വിവരിച്ചു. "പ്രജാസഭ എന്നാലെന്ത്?" എന്ന് മിസ്റ്റർ ജോർജ്ജ് ചോദിച്ചു. "അത് ജനങ്ങളുടെ സങ്കടങ്ങളെ കേൾപ്പാൻ ആണ്ടുതോറും അവരുടെ പ്രതിനിധികളെ വിളിച്ചുകൂട്ടുന്ന സഭയാണ്," എന്ന് മിസ്റ്റർ ഗോവിന്ദപ്പിള്ള പറഞ്ഞു. "അതുപോട്ടെ നിങ്ങൾക്ക് പത്രത്തിന്റെ ഫയൽ ഇല്ലയോ? ഇതേവരെയുള്ളത് തരുക." എന്ന് സായിപ്പ് എന്നോട് ആവശ്യപ്പെട്ടു.

"ഫയൽ ഇക്കൊല്ലത്തേതു കുത്തിക്കെട്ടി വെച്ചിട്ടില്ലാ. ഒറ്റയൊറ്റയായി അടുക്കി. കുറെ ഇവിടെയും കുറെ അവിടെയുമായി കിടക്കുന്നുണ്ടാകും!" എന്ന് ഞാൻ ചിലത് ചൂണ്ടിപ്പറഞ്ഞു. ഉടൻ ഞാൻ ഒരു കടലാസ് മറിച്ചു. 'ഗർഹ്യമായ നടത്ത' എന്ന തലവാചകത്തിൻകീഴിൽ ദിവാൻ മിസ്റ്റർ രാജഗോപാലാചാരിയെപ്പറ്റി എഴുതിയിരുന്ന ലേഖനമടങ്ങിയ പത്രം എടുത്തുകാണിച്ചു. ഇതും ദിവാൻജിയെ കുതിരക്കവുച്ചെടുത്ത് അടിക്കും എന്നും മറ്റും എഴുതീട്ടുള്ളതാണ്. "ഗവർമ്മേണ്ടുദ്യോഗസ്ഥൻമാരെ ആക്ഷേപിക്കുന്ന ലേഖനങ്ങൾ എല്ലാ ലക്കങ്ങളിലും കാണാറുണ്ട്" എന്ന് മിസ്റ്റർ ഗോവിന്ദപ്പിള്ള പറഞ്ഞു.

"നിങ്ങൾക്ക് പത്രം നടത്തിപ്പു ജോലിതന്നെയോ?" എന്ന് സുപ്രേണ്ടു ചോദിച്ചു. "അല്ലാ, ഞാൻ നിയമപരീക്ഷയ്ക്ക് വായിച്ചുകൊണ്ടിരിക്കുന്നുമുണ്ട്," എന്നു ഞാൻ പറഞ്ഞു. "പിന്നെന്താണ് നിങ്ങൾ പഠിച്ചു ജയിച്ചു വക്കീൽ വേലയ്ക്ക് പോകാതെ ഇങ്ങനെ പത്രം നടത്തിക്കൊണ്ടിരിക്കുന്നത്?" എന്ന് മി. ജോർജ്ജ് പുഞ്ചിരിയിട്ടു ചോദിച്ചു. എന്നിട്ട്, മേശയുടെ മുൻഭാഗത്ത് ഒരുവശത്തുള്ള, നിന്നെഴുതുന്ന മേശയുടെ തട്ടുകളിലും, മുകളിലും, മറ്റൊരുവശത്തുള്ള സ്റ്റാൻഡിലും ഇരുന്നിരുന്ന പത്രഫയലു

"https://ml.wikisource.org/w/index.php?title=താൾ:Ente_naadu_kadathal.pdf/40&oldid=159008" എന്ന താളിൽനിന്ന് ശേഖരിച്ചത്