നാടുകടത്തൽ
1910 സെപ്തംബർ 26ാം തീയതി തിങ്കളാഴ്ച പകൽ മണി 1 കഴിഞ്ഞു. ഞാൻ 'സ്വദേശാഭിമാനി' ആഫീസിൽ. ഉച്ചയ്ക്ക് ഊണും കഴിച്ച്, അന്നത്തെ ലക്കം 'സ്വദേശാബിമാനി' പത്രമിടപെട്ട ജോലി തീർക്കുയായിരുന്നു. ദിവാൻ മിസ്റ്റർ രാജഗോപാലാചാരിയുടെ നടത്തയെ ആക്ഷേപിച്ചിരുന്നത് അവാസ്തവമെങ്കിൽ 'സ്വദേശാബിമാനി' പത്രാധിപരുടെ മേൽ ക്രിമിനൽകേസ്സു കൊടുപ്പാനായി ആഹ്വാനം ചെയ്ത് 'A challenge' എന്ന തലവാചകത്തിൽ കീഴിൽ എഴുതിയിരുന്ന ഇംഗ്ലീഷ് ലേഖനത്തിന്റെ പ്രൂഫ് തിരുത്തിക്കൊടുത്തിട്ട്, അത് സംബന്ധിച്ച തെളിവിലേക്കുള്ള ചില കത്തുകൾ എടുത്തുവയ്ക്കുകയും, ചില സ്വകാര്യകത്തുകൾ നശിപ്പിക്കയും ചെയ്തുകൊണ്ടിരിക്കയായിരുന്നു. കുറെ നാളായിട്ട് തമ്മിൽ കാണാതിുന്ന് അന്ന് എന്നെ കണ്ടേ തീരൂ എന്ന ഉത്കണ്ഠയോടെ, തനിക്ക് സുഖക്കേടാണെങ്കിലും അത് വകവയ്ക്കാതെ വന്നുകണ്ട മുഹമ്മദീയപ്രമാണിയായ ഒരു സ്നേഹിതൻ, പത്രത്തെപ്പറ്റിയും മുഹമ്മദീയരുടെ ഇടയിൽ അപ്പോൾ ആലുവായിൽ സ്ഥാപിക്കാൻ പോകുന്ന മദ്രസ സംബന്ധിച്ചുണ്ടായിക്കൊണ്ടിരിക്കുന്ന തർക്കങ്ങളെപ്പറ്റിയും സംസാരിച്ചുകൊണ്ടിരുന്നു. അപ്പോൾ, പെട്ടെന്ന് ചിലർ തെരുതെരെ നടന്നുവരുന്ന ബൂട്ട്സിന്റെ ഒച്ച കേട്ടു. എന്റെ പിൻഭാഗത്തെ മറയുടെ (സ്ക്രീൻ) മുകളിലൂടെ ?? ചുവന്ന തലപ്പാവുകൾ കണ്ടു. അടുത്തനിമിഷത്തിൽ മറയുടെ ഇടത്തേഭാഗത്തെ വഴിയിലൂടെ, ചുവന്ന തലപ്പാവും കാക്കി ഉടുപ്പുകളും ധരിച്ച ഒരാളും ശുദ്ധ വെള്ള ഉടുപ്പുകളോടും വെള്ള ഹാറ്റോടും കൂടിയ ഒരു വെള്ളക്കാരനും എന്റെ ദൃഷ്ടിപഥത്തിലായി. പിറകെ മറ്റു ചിലരും ഉണ്ടായിരുന്നു. തലപ്പാവും കാക്കി ഉടുപ്പും ധരിച്ച് ആദ്യം വന്നയാൾ എന്റെ ഇഷ്ടന്മാരിലൊരാളും എന്റെ ഗുരുഭൂതൻ രാമക്കുറുപ്പു മുൻഷിസാറിന്റെ മൂത്തപുത്രനും ആയ പൊലീസ് ഇൻസ്പെക്ടർ ആർ.അച്യുതൻപിള്ള ബി.എ അവർകളായിരുന്നു. വെള്ളക്കാരൻ, പുതിയ പൊലീസ് സൂപ്രേണ്ട് മിസ്റ്റർ എഫ്.എസ്.എസ്.ജോർജ്ജ് ആയിരിക്കുമെന്ന് ഞാൻ ഊഹിച്ചതിൻവണ്ണം, അദ്ദേഹം തന്നെയായിരുന്നു. പിറകെ ഉണ്ടായിരുന്ന ചിലർ കോട്ടയ്ക്കകം പൊലീസ് ഇൻസ്പെക്ടർ ബി. ഗോവിന്ദപ്പിള്ള അവർകളും, പുത്തൻചന്ത പൊലീസ് ഇൻസ്പെക്ടർ മിസ്റ്റർ പിച്ചു അയ്യങ്കാരും, പിന്നെ ചില കാൺസ്റ്റബിൾമാരും ആയിരുന്നു. മിസ്റ്റർ ജോർജ്ജിനെ കണ്ടപ്പോൾ ആദ്യമായി ഞാൻ വിചാരിച്ചത്, ഏതാനും നാൾക്കു മുൻപ് മദ്രാസിൽനിന്ന് എനിക്ക് കിട്ടിയിരുന്നതും, മുൻലക്കം 'സ്വദേശാഭിമാനി'യിൽ പ്രസ്താവിച്ചിരുന്നതുമായ വാറോലയായ??തിനെക്കുറിച്ച് അദ്ദേഹത്തിന് ഞാൻ അയച്ചിരുന്ന എഴുത്തിനെപ്പറ്റി എന്നോട് വല്ലതും ചോദിച്ചറിയുന്നതിലേക്കായി അദ്ദേഹം വന്നതായിരിക്കാം എന്നതായിരുന്നു. അടുത്തക്ഷണത്തിൽ ഈ വിചാരം