വർക്കാർക്കും ഇക്കാലത്ത് ഇവിടത്തെ മന്ത്രിയായിരിപ്പാൻ സാധിക്കാതെയായത്, സമസൃഷ്ടങ്ങളായ ഇതരജാതിക്കാരുടെ പേരിൽ കൂറും, ദയയും ഇല്ലാഞ്ഞതിനാലാണെന്നും മേല്പടി വാക്യത്തിലെ ഉത്തരാർദ്ധത്തിൽ സൂചിപ്പിച്ചിരിക്കുന്നു. ഈ ഒടുവിൽ പറഞ്ഞ സൂചന, മി. ആചാരിയുടെ പ്രസംഗത്തിലെ രണ്ടാമത്തെ ഉപദേശത്തിൽ വിശദമാക്കിക്കാണിക്കുന്നുണ്ട്. തിരുവിതാംകൂരിന് ഇക്കഴിഞ്ഞ ഇരുപത്തഞ്ചു കൊല്ലക്കാലത്തിൽ വളരെ ക്ഷേമാഭിവൃദ്ധി ഉണ്ടായിട്ടുണ്ടെന്നിരുന്നാലും, തിരുമനസ്സിലെ രാജ്യത്തിനുള്ളിൽ പാർക്കുന്ന വിവിധ ജാതി പ്രജകളൊക്കെയും അവരുടെ ഹിതങ്ങളുടെ ഐക്യത്തെ വേണ്ടവണ്ണം അറിഞ്ഞു പ്രവർത്തിച്ചിരുന്നുവെങ്കിൽ, ഈ ക്ഷേമാഭിവൃദ്ധി എത്രയോ അധികം ആകുമായിരുന്നു എന്ന് ഇവിടത്തെ സ്ഥിതികളെപ്പറ്റി അല്പമെങ്കിലും കണ്ടറിഞ്ഞിട്ടുള്ള എന്നെപ്പോലെ വിദേശീയനായ ഒരുവന്, വ്യസനിക്കാതെയിരിപ്പാൻ നിർവാഹമില്ലാ- എന്നു മി. ആചാരി പ്രസ്താവിച്ചതിൽ, തിരുവിതാംകൂറിലെ ജനങ്ങളുടെ സ്വഭാവത്തെ സംക്ഷേപിച്ചിട്ടുണ്ടെന്നു സമ്മതിച്ചേ കഴിയൂ. തിരുവിതാംകൂറിന്റെ അവസ്ഥ ഇപ്രകാരംതന്നെയാണെന്നു സമ്മതിക്കാൻ ഞങ്ങൾ തയാറല്ലാ. ഈ രാജ്യത്തെ ഭരിപ്പാനായി തിരുവിതാംകൂറുകാരെത്തന്നെ മന്ത്രിപദത്തിൽ പ്രതിഷ്ഠിച്ചിരുന്ന കാലമുണ്ടായിരുന്നു. അക്കാലങ്ങളിൽ തിരുവിതാംകൂറിനുള്ളിൽ പ്രജാസമൂഹത്തിലെ വിവിധ ജാതികൾ തമ്മിൽ ഛിദ്രിച്ച് രാജ്യഭരണത്തെ ക്ലേശിപ്പിച്ചിരുന്നുവെന്ന് ഞങ്ങൾ വിചാരിക്കുന്നില്ല. പടവെട്ടി നാടുപിടിച്ചടക്കിയിരുന്ന പണ്ടേക്കാലത്തെ കഥ പോകട്ടെ; ആധുനികകാലഘട്ടത്തിൽ ഈ നാട്ടിലെ മന്ത്രിപദത്തെ അലങ്കരിച്ചിരുന്ന സ്വദേശീയർ ഗവണ്മെന്റിനെ അലങ്കോലപ്പെടുത്തിയിരുന്നില്ല. വിദേശീയന്മാർ മന്ത്രിമാരായി വന്നതിന്റെ ശേഷമാണ് ജാതിസ്പർദ്ധ ഈ നാട്ടിൽ പ്രകടമായി പ്രകാശിച്ചിട്ടുള്ളത്. ഈ നാട്ടുകാരുടെ വിവിധ ഹിതങ്ങളെ അറിയാതെയും, അവയൊക്കെ യോജിപ്പിച്ചുകൊണ്ടുപോകാൻ സാമർത്ഥ്യമില്ലാതെയും, ഏതെങ്കിലുമൊരു കക്ഷിയുടെ ആശ്രയത്തെ അവലംബിച്ചുകൊണ്ട് രാജ്യം ഭരിക്കുവാൻ ഒരുങ്ങിയിരുന്ന വിദേശീയമന്ത്രിമാരുടെ കാലങ്ങളിൽ ജാതിസ്പർദ്ധ തഴച്ചുവളർന്നു എന്ന് കീഴ്‌കഴിഞ്ഞിട്ടുള്ള ചരിത്രത്താൽ തെളിയുന്നു. എന്നാൽ നാനാജാതികളെയും കൂട്ടിയിണക്കി നടത്തുവാൻ കഴിഞ്ഞിട്ടുള്ള വിദേശീയമന്ത്രിമാർ ദുർല്ലഭം ചിലർ ഉണ്ടായിരുന്നു എന്നു സമ്മതിക്കാമെങ്കിലും, ഭൂരിപക്ഷവും ഞങ്ങൾ മുൻപറഞ്ഞ വിധത്തിലുള്ളവരായിരുന്നു. വിദേശീയമന്ത്രികളുടെ ഭരണനയദൂഷ്യത്താൽ ഉണ്ടായി വളർന്ന ജാതിസ്പർദ്ധ പലേ അവസ്ഥകളിൽ-കയറിയുമിറങ്ങിയും, മങ്ങിയും മയങ്ങിയും- ഇരുന്നിട്ടുള്ളതല്ലാതെ ഇതേവരെ നാമാവശേഷമായിട്ടില്ലാ. മി. രാജഗോപാലാചോരിയുടെ ഭരണകാലത്തും ഈ സ്പർദ്ധാനലനെ ഊതിജ്വലിപ്പിക്കുന്ന അപനയങ്ങൾ ആയിരുന്നു പ്രയോഗിക്കപ്പെട്ടിട്ടുള്ളതെന്നു ഞങ്ങൾ പലപ്രാവശ്യം പറഞ്ഞിട്ടുള്ളതാണല്ലോ. മി. ആചാരി തന്റെ അചിരകാലപരിചയത്താൽ, ഈ വഴക്കിനെ വർധിപ്പിക്കുമാറുള്ള നയങ്ങൾ സ്വീകാര്യങ്ങളല്ലെന്നു ഗ്രഹിച്ചതും തന്റെ അനുഭവത്തെ സൂചിപ്പിച്ചിരിക്കുന്നതും ഉചിതംതന്നെയാണ്. ഈ സ്ഥിതിക്ക് ഇത്തരം വിദേശീയരെ ഇവിടത്തെ മന്ത്രിസ്ഥാനത്തു നിയോഗിക്കാതിരിക്കുന്നതിനു ജനങ്ങൾ മേല്ക്കോയ്മയോടു പ്രാർഥിക്കേണ്ടിയ കാലം വൈകിഎന്നു ഗ്രഹിക്കാവുന്നതാണല്ലോ. തിരുവിതാംകൂറുകാരനെത്തന്നെ മന്ത്രിയായി കിട്ടുവാൻ മി. ആചാരി ആശംസിക്കുന്നതായ ഭാവികാലത്തെ പ്രതീക്ഷിച്ചിരിക്കേണമോ? അതിനുമുമ്പുതന്നെ പാടില്ലെന്നുണ്ടോ? ⚫