താൾ:Ente naadu kadathal.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭ്രമങ്ങൾക്കു സാമാന്യജനങ്ങൾ വശപ്പെട്ടുപോകുന്നത്. ഈ ഭ്രമങ്ങൾ ജാതിസ്പർദ്ധ മുതലായവയാൽ ഉണ്ടാകുന്നവയാണെന്നു ഞങ്ങൾ പറഞ്ഞുവല്ലോ. ഒരു നായരുടെ കാര്യത്തെപ്പറ്റി ദോഷമായി വല്ലതും പറയുമ്പോൾ, അത് ഒരു നായർക്കു രുചിക്കുന്നില്ലാ എന്നുവരും; ബ്രാഹ്മണന്റെ കാര്യമാണെങ്കിൽ ബ്രാഹ്മണനും; ഇങ്ങനെ മറ്റു ജാതിക്കാർക്കും; ഇതു സ്വജാതിസ്നേഹത്താലുണ്ടാകുന്നതാണ്. എന്നാൽ ഒരു ബ്രാഹ്മണനെപ്പറ്റി ദോഷം പറയുന്നത് ഒരു നായർക്കും; നായരെപ്പറ്റിയാണെങ്കിൽ മറ്റുള്ളവർക്കും രുചിക്കുന്നു; ഇതു ജാതിസ്പർദ്ധയുടെ ഫലമാണ്. ഇനിയും ഒരുവന് ഉപകാരം ചെയ്തിട്ടുള്ള ഒരാളെപ്പറ്റി മറ്റൊരുവൻ ദോഷം പറയുന്നത് അസഹ്യമായിരിക്കും. അഥവാ തന്റെ സ്വന്തം ആളെപ്പറ്റി ദൂഷ്യം പറഞ്ഞുകേൾക്കുന്നത് തനിക്കു രസിക്കയില്ല; ഇവ സ്വാമി പ്രീതിയുടെയും സ്വജനസ്നേഹത്തിന്റെയും ഫലങ്ങളാണ്. ഇപ്രകാരമാണു ലോകത്തിൽ പ്രായേണ നടക്കുന്നത്. എന്നാൽ തനിക്കു രുചിക്കാത്തതിനുള്ള കാരണം, ആ ദോഷപ്രസ്താവത്തിന്റെ അവാസ്തവത്വമാണെങ്കിൽ, ആ വെറുപ്പ് യുക്തംതന്നെയാണ്. ദോഷപ്രസ്താവം വാസ്തവത്തിനൊത്തതായിരിക്കുമ്പോൾ അതിനോടു വെറുപ്പുതോന്നുന്നതാണു യുക്തിഭ്രമം എന്നു ഞങ്ങൾ പറയുന്നത്. ഇത്തരം ഭ്രമങ്ങൾ ഈ നാട്ടിൽ പലേടത്തും പലപ്പോഴും ധാരാളം കാണുമാറുണ്ട്. അവ പൊതുജനകാര്യങ്ങളെപ്പറ്റി വർത്തമാനപത്രങ്ങൾ ചെയ്യുന്ന പ്രസംഗങ്ങളെ ഗ്രഹിക്കുമ്പോഴാണ് അധികം ഇളകാറുള്ളത്. അടുത്തുകഴിഞ്ഞ ചില ഉദാഹരണങ്ങൾ ഞങ്ങൾ പറയാം. ദിവാൻ മിസ്റ്റർ രാജഗോപാലാചാരിയുടെ നടത്തയെപ്പറ്റി ഞങ്ങൾ ഇതിനിടെ ആക്ഷേപം ചെയ്തതിനെക്കുറിച്ചു ജനങ്ങളുടെയിടയിൽ വാദപ്രതിവാദങ്ങൾ ഇനിയും ഒതുങ്ങീട്ടില്ല. മി. ആചാരി ദിവാൻജിയല്ലയോ? അദ്ദേഹത്തിന്റെ നടത്തയെപ്പറ്റി ദോഷം പറയുന്നതു യുക്തമാണോ? എന്നാണു ചിലരുടെ ചോദ്യം. ഈ വാദത്തിന്റെ അധിഷ്ഠാനം ദിവാൻജിമാരുടെ നടത്തയെപ്പറ്റി ദോഷം പറഞ്ഞു കൂടുന്നതല്ലാ എന്നൊരു ധാരണയാണ്. ഇങ്ങനെ ഒരു നിയമമുണ്ടെങ്കിൽ ഈ ചോദ്യം യുക്തംതന്നെയാണ്. എന്നാൽ എന്നാൽ ഈ ചോദ്യം ചെയ്യുന്നവർ ഇങ്ങനെ ഒരു നിയമത്തെ സംഭാവന ചെയ്യുന്നതല്ലാതെ, വാസ്തവത്തിൽ നിയമമില്ലല്ലോ. പിന്നെ മറ്റൊരുവിധം വാദമുണ്ട്: "ദിവാൻജിയുടെ പബ്ലിക് നടത്തകളിൽ ഗുണദോഷനിരൂപണം ചെയ്യാം. എന്നാൽ പ്രൈവറ്റു നടത്തയെപ്പറ്റി നിരൂപണം ചെയ്യുന്നതു യുക്തമല്ല" എന്നാണ്. ഈ വാദത്തിൽ സംഭാവനം ചെയ്യുന്നത്, ദിവാൻജി മറ്റുള്ള ജനങ്ങളെപ്പോലെ രഹസ്യമായും പരസ്യമായും രണ്ടുവിധം ജീവിതത്തെ നയിക്കാവുന്ന ആളാണെന്നാണ്. ഈ ഭ്രമം ദിവാൻജിയുടെയും അന്യന്മാരുടെയും സ്ഥാനങ്ങൾ തമ്മിലുള്ള ഭേദത്തെ ഗണിക്കായ്‌കയാൽ ഉണ്ടാകുന്നതാകുന്നു. ദിവാൻജി എന്ന ഉദ്യോഗസ്ഥൻ ഒരു രാജ്യഭരണകർമ്മത്തിന്റെ ചുമതലക്കാരനും, തന്നിമിത്തം കീഴിലുള്ള ഉദ്യോഗസ്ഥന്മാർക്കു മാത്രമല്ലാ, ഭരണീയർക്കും, മാതൃകാ ജീവിതവൃത്തിയോടുകൂടിയിരിക്കേണ്ടവനുമാണ്. ആ ഉദ്യോഗസ്ഥൻ തന്റെ സ്ഥാനവലിപ്പത്തെ തരമാക്കിക്കൊണ്ട് അധർമ്മങ്ങൾ പ്രവർത്തിച്ചാൽ മറ്റുള്ളവർക്കും അതേപ്രകാരം പ്രവർത്തിക്കുന്നതിനു മനസ്സുറപ്പുണ്ടാകുന്നു. ഇനിയൊരു വാദമുണ്ട്: ദിവാൻജി അങ്ങനെ നടന്നുവെങ്കിൽ ആക്ഷേപമെന്തിന്? നടത്തയിൽ ന്യൂനതയില്ലാത്തവരാരുണ്ട് ലോകത്തിൽ? എന്നാണു ചോദ്യം. ലോകത്തിൽ ദുർന്നടത്തക്കാരല്ലാത്തവരില്ലായ്‌കകൊണ്ടു ദുർന്നടത്ത സാധുവാണെന്നാണ് ഈ വാദക്കാർ സംഭാവനം ചെയ്യുന്നത്. എന്നാൽ ദുർന്നടത്ത സാധുവോ അസാധുവോ എന്ന ചോദ്യമാണ് ഇവിടെ പര്യാലോചനാവിഷയം. ഒരു ചോദ്യത്തിന്റെ ഉത്തരത്തിന് ആ ചോദ്യത്തെ സിദ്ധവത്കരിച്ചാൽ മതിയാകുമെന്നു വിചാരിക്കുന്നതു വക്രയുക്തിയാണെന്ന് അവർ ഗ്രഹിക്കുന്നില്ലാ. ദുർന്നടത്ത നല്ലതാണെങ്കിൽ നല്ലനടത്ത അതിനു നേരെ വിപരീതവുമാണല്ലോ. അപ്പോൾ നടത്ത ഏതായാലും നല്ലതാണെന്നു സമ്മതിക്കണം. നല്ലതും ചീത്തയും എന്ന ഭേദം ഇല്ലാ എന്നു വരുന്നു. ഇതിലധികം കൗതുകകരമാണു മറ്റൊരു വാദമുള്ളത്. "നമ്മുടെ നാട് അത്രമേൽ പരിഷ്കാരപ്പെട്ടിട്ടില്ലാ. കേവലം പരിശുദ്ധമായ നടത്ത സാദ്ധ്യമല്ലാത്ത സ്ഥിതിക്ക്,

"https://ml.wikisource.org/w/index.php?title=താൾ:Ente_naadu_kadathal.pdf/32&oldid=158999" എന്ന താളിൽനിന്ന് ശേഖരിച്ചത്