താൾ:Ente naadu kadathal.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നുയുക്തിഭ്രമങ്ങൾ

തിരുവിതാംകൂറിൽ പൊതുജനങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങളെപ്പറ്റി വാദപ്രതിവാദം ചെയ്യുമ്പോൾ, ചില ജനങ്ങൾ, അവരവർ തന്നത്താൻ ശോധന ചെയ്ത് ഉറപ്പുവരുത്താത്തതായ ചില യുക്തികളെ മുറുകെപ്പടിച്ചുതുടങ്ങുന്നതായി കാണുമാറുണ്ട്. ജാതിസ്പർദ്ധ, സ്വജനപക്ഷപാതം, സ്വവർഗ്ഗസ്നേഹം, സ്വാമിപ്രീതി മുതലായവയാണ് ഇങ്ങനെയുള്ള യുക്തിഭ്രമങ്ങൾക്കു മൂലമായിട്ടുള്ളത്. ബഹുജനപ്രതിനിധികളുടെ സ്ഥാനത്തെ ആരോഹണം ചെയ്തുംകൊണ്ടു ചിലർ ചെയ്യുന്ന അഭിഭാഷണങ്ങൾ, ഈ വിധത്തിലുള്ള ഭ്രമമൂലകങ്ങളായ സംഗതികളിന്മേൽ കെട്ടിക്കിളർത്തി, ഇന്ദ്രജാലക്കാരന്റെ പിഞ്ഛികാസഞ്ചയത്തെ ഇളക്കിക്കാണിച്ചു കാണികളെ മയക്കുന്നതുപോലെ, ജനങ്ങളുടെ മനസ്സിനെ മോഹാന്ധതയിലാക്കിക്കളയുന്നതുകൊണ്ട് അവർക്കു ഗുണാഗുണനിരൂപണം ചെയ്യുന്നതിനു സാധിക്കാതെതന്നെ ആ യുക്തിഭ്രമച്ചുഴികളിൽ ചെന്നു ചാടിത്തിരിയേണ്ടിവരുന്നു. മനസ്സിൽ വിവേകം ഉദിക്കുന്നതിലധികം ശീഘ്രമായി ആവേഗം ഉണ്ടാകുന്നതു സാധാരണമാകയാൽ, സാമാന്യജനങ്ങൾ ആവേഗത്തിന് അധീനന്മാരായിത്തീർന്നുപോകുന്നു. ആവേഗം എന്നത് അന്ധമായ ഒരു ശക്തിയാണ്; മനസ്സ് ഇന്ന ഉദ്ദേശ്യത്തോടുകൂടി പ്രവർത്തിക്കുന്നു എന്നുള്ള ബോധമില്ലാതെ വ്യാപരിക്കുകയാണ് ആവേഗത്തിന്റെ ലക്ഷണം. ഒരു കുരുടൻ തന്റെ മുമ്പിലുള്ള വസ്തുവിനെ കാണ്മാൻ കഴിയാതെയും, തനിക്ക് ഇന്ന വസ്തുവിനെ പ്രാപിക്കേണമെന്ന് അറിവില്ലാതെയും നടന്നുപോകുന്നതുപോലെയാണു മനസ്സിന്റെ ആവേഗം, മനുഷ്യരെ അവര് നിനച്ചിരിക്കാത്ത പദങ്ങളിൽ കൊണ്ടുചാടിക്കുന്നത്. വിവേകമോ, ഉപായോപേയങ്ങളുടെ ബോധത്തോടു കൂടിയതാകയാൽ, ഒരുവന്, താൻ ഇന്നടത്തുനിന്നു പുറപ്പെട്ടാൽ ഇന്നടത്തെത്തും എന്നുള്ള നിശ്ചയം ഉണ്ടാകുന്നു. ഈ മനോനിശ്ചയം ശ്രമരഹിതമായിട്ടുള്ളതല്ലാത്തതുകൊണ്ടും, കുരുടനെപ്പോലെ ചെല്ലുന്നിടത്തു ചെല്ലട്ടെ എന്നു വിചാരിച്ചുനടക്കുന്നതു ശ്രമമില്ലാത്തതാകകൊണ്ടുമാണു ജനങ്ങൾ പ്രായേണ ആവേഗങ്ങൾ വഴിപ്പെട്ടുപോകുന്നത്. വിവേകം സത്യത്തെ ആശ്രയിച്ചിരിക്കുന്നു; സത്യംതന്നെ നീതി; നീതിതന്നെ സത്യം. എന്നാൽ, ആവേഗത്തിനു സത്യം ആശ്രയമായിരിക്കേണമെന്നില്ല; പലപ്പോഴും അസത്യം ആശ്രയമായിരിക്കാം. മനസ്സ് വ്യാമോഹിക്കപ്പെടുമ്പോൾ സത്യാസത്യവിചാരത്തിനു ശക്തമല്ലാതെയാവുന്നതുകൊണ്ടാണ്, ഞങ്ങൾ മേൽപറഞ്ഞമാതിരിയിലുള്ള

"https://ml.wikisource.org/w/index.php?title=താൾ:Ente_naadu_kadathal.pdf/31&oldid=158998" എന്ന താളിൽനിന്ന് ശേഖരിച്ചത്