താൾ:Ente naadu kadathal.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ചെവിക്കല്ലിൽ തറയ്ക്കുന്നില്ലയോ? മി. ആചാരിയുടെ വിടവിഭാവരിയിൽ അമർഷം തോന്നിയ ഒരുദ്യോഗസ്ഥൻ, മദ്രാസിലെ പത്രാധിപർക്ക് എഴുത്തെഴുതി മി. ആചാരിക്ക് ബോധം വരുത്തേണ്ടിവന്നില്ലയോ? മറ്റൂ പലേ അപവാദങ്ങൾ ജനങ്ങൾ കേട്ടിട്ടുള്ളതല്ലയോ? ഇതിനെപ്പറ്റി മി. ആചാരിക്ക് നേരിട്ടുതന്നെ ചിലർ അയച്ചിട്ടുള്ള കത്തുകൾ അദ്ദേഹത്തിനു കിട്ടീട്ടില്ലയോ? വടശ്ശേരി അമ്മവീട്ടിൽ കല്യാണത്തിന് മി. ആചാരി ദേവദാസിയുടെ മുമ്പിൽ ചാപല്യങ്ങൾ കാട്ടിയതും ജനങ്ങൾ കണ്ടിരുന്നില്ലയോ? ആ കല്യാണത്തിൽ മേൽവിചാരത്തിനെന്നു പറഞ്ഞ് മാനനീയമായ വിധത്തിൽ ദേഹം മറയ്ക്കാതെ ആ കല്യാണവീട്ടിലെ അന്തഃപുരത്തിൽ കിടന്നുറങ്ങുവാൻ തോന്നിയ മനസ്സിന്റെ നികൃഷ്ടതയും ജനങ്ങൾ ഗ്രഹിച്ചിട്ടില്ലയോ? മി. ആചാരിയെ പ്രസാദിപ്പിക്കാനായി ചില അധമജനങ്ങൾ വേശ്യകളെ സംഭരിക്കുമാറുള്ളതും പ്രസിദ്ധമല്ലയോ? തന്റെ കാമചാരിതയെ അനുകൂലിക്കാൻ മനസ്സില്ലാത്ത പലേ കീഴ്ജീവനക്കാർക്കും ദോഷം സംഭവിച്ചിട്ടുള്ളതും ജനങ്ങൾ അറിഞ്ഞില്ലയോ? അല്ലെങ്കിൽതന്നെ, മി. ആചാരി കച്ചേരി ചെയ്യുന്ന ഹജൂരാഫീസ് മുറിയിൽ നിഷ്കൗപീനനായി ഒരു പാവുമുണ്ടും ബനിയനും ധരിച്ചുകൊണ്ടിരിക്കുമാറുള്ളതുകൊണ്ട് അദ്ദേഹത്തിന്റെ അടുക്കൽ ചെല്ലേണ്ടിവന്ന കീഴുദ്യോഗസ്ഥന്മാരും വക്കീലന്മാരും കക്ഷികളും ലജ്ജിച്ചു മുഖം താഴ്‌ത്തിപ്പോയിട്ടില്ലയോ? എത്രയോ പരിപാവനമായ ദിവാന്റെ ആസ്ഥാനം തുടങ്ങി സ്വകാര്യനിലവരെ, ആഭാസമായ വിധത്തിൽ ആചരിച്ചുവരുന്ന മി. ആചാരി, ഇക്കഴിഞ്ഞ വെള്ളിയാഴ്ചനാളിൽ കോട്ടയ്ക്കകം പെൺപാഠശാലക്കെട്ടിടത്തിന്റെ മുകൾത്തട്ടിൽ അഭിനയിച്ച പേക്കൂത്തുകൾ എന്തായിരുന്നു? അതിനെപ്പറ്റി ചിന്തിക്കുമ്പോൾ തന്നെ ഒരുവന്റെ രക്തപരിവാഹം വെട്ടിത്തിളച്ചുമറിയുന്നതാണ്. ജൂബിലി പ്രമാണിച്ചു മഹാരാജാവുതിരുമനസ്സിലെ തിരുമുമ്പിൽച്ചെന്നു വന്ദിപ്പിനായി വിദ്യാർത്ഥികൾ ആറേഴായിരംപേർ ചേർന്ന ഒരു സംഘം, തെക്കേത്തെരുവുകൊട്ടാരത്തിനു മുമ്പിൽ ഘോഷയാത്രയായി ചെന്നപ്പോൾ, മി. ആചാരി എവിടെയായിരുന്നു നിന്നിരുന്നത്? മറ്റുദ്യോഗസ്ഥന്മാർ എവിടെ നിന്നിരുന്നു? ആ മറ്റുദ്യോഗസ്ഥന്മാർ തിരുമനസ്സിലെ ബഹുമാനിച്ചും തങ്ങളുടെ രാജ്യത്തിന്റെ കീർത്തിയെ കരുതിയും തിരുമനസ്സിലെ കൊട്ടാരവാതിൽക്കൽ തിരുമനസ്സിലെ കല്പനകളെ ശ്രവിപ്പാനായി നിന്നിരുന്നപ്പോൾ, മി. ആചാരിയോ? മാന്യസ്ത്രീജനങ്ങൾക്കായി പ്രത്യേകം ഒഴിച്ചിട്ടിരുന്നതും, അതനുസരിച്ച് അനേകം ഘോഷാസ്ത്രീകൾ തിങ്ങിനിന്നിരുന്നതുമായ പെൺപാഠശാലയുടെ മുകളിൽ, സ്ത്രീജനങ്ങളുടെ മനോവ്യഥയെ അഗണ്യമാക്കിക്കൊണ്ട് കടന്നുചെന്ന് നില്ക്കയായിരുന്നില്ലയോ? ശ്രീകൃഷ്ണനെപ്പോലെ താനും ഒരു ഗോപാലൻ ആണെന്ന് ഉദാഹരിപ്പാൻ വേണ്ടി ഈ സ്ത്രീകളുടെ സംഘത്തിൽ കടന്നുചെന്ന് അവരുടെ മനസ്സിനെ വ്രണപ്പെടുത്തിയതായിരിക്കുമോ? അതല്ലാ, തന്റെ എതിർവശത്തെ മാളികയിൽ നിന്നിരുന്ന കൊട്ടാരത്തിലെ സ്ത്രികൾക്ക് കീഴെ തെരുവീഥിയിലെ ജനസംഘത്താൽ ദൃഷ്ടിദോഷമുണ്ടാവാതിരിപ്പാൻവേണ്ടി 'വാണിയൻ കെട്ടി' നിന്നതായിരിക്കുമോ? എന്തുതന്നെയായാലും മി. ആചാരിയുടെ നടത്ത തീരെ ഗർഹണീയവും സദാചാരബോധത്തിന് ബീഭത്സവുമായിരുന്നു. ആ പാഠശാലയിൽ നിന്നിരുന്ന സ്ത്രീജനങ്ങൾ മി. ആചാരിയുടെ ആളുകളല്ലായിരുന്ന സ്ഥിതിക്കും, മി. ആചാരിക്ക് അവിടെപ്പോയി നില്ക്കേണ്ട സർക്കാരാവശ്യമോ തത്കാലം ആപത്തിനാലാവശ്യമോ ഇല്ലായിരുന്ന സ്ഥിതിക്കും, തിരുമനസ്സിലെ സമീപത്തുണ്ടായിരിക്കേണ്ട കടമയുണ്ടായിരുന്ന സ്ഥിതിക്കും മി. ആചാരിയുടെ നടത്തയെ ഒരു പ്രകാരത്തിലും സാധൂകരിക്കാൻ വഴികാണുന്നില്ലാ. മഹാരാജാവു തിരുമനസ്സുകൊണ്ട് അവിടത്തെ മന്ത്രിയുടെ ഈ വിധത്തിലുള്ള ആഭാസപ്രവൃത്തികളെ അറിഞ്ഞിട്ടില്ലായിരിക്കുമോ? സ്ത്രീജനങ്ങളെ ബഹുമാനിക്കേണ്ടത് എല്ലാ പരിഷ്കൃതരാജ്യങ്ങളിലെയും സന്മാർഗ്ഗമുറകളിലൊന്നാണ്. ആ മുറ തിരുവിതാംകൂറിൽ ആവശ്യമല്ലെന്ന് ഞങ്ങൾ വിചാരിക്കുന്നില്ലാ. ആ മുറയെ ഒരു മന്ത്രിക്കു നിർബാധമായി ഉല്ലംഘിക്കാമെന്നും ങ്ങൾ വിചാരിക്കുന്നില്ലാ. ആ മുറയെ അനേകായിരം ജനങ്ങൾ കൂടിയിരിക്കുന്ന ഒരു സന്ദർഭത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:Ente_naadu_kadathal.pdf/29&oldid=158995" എന്ന താളിൽനിന്ന് ശേഖരിച്ചത്