താൾ:Ente naadu kadathal.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്തിന്റെ വിശ്വസ്തഭൃത്യനായിത്തീർന്നിരിക്കുന്നതിനാൽ ആ രാജ്യത്തിന്റെ പേരിലുണ്ടായിരിക്കേണ്ട ബഹുമാനത്തെയും മറന്ന്, സാധാരണ മനുഷ്യരിൽ അധമന്മാർകൂടെയും ചെയ്യാൻ അറയ്ക്കുന്ന പ്രവൃത്തികളെ ധാർഷ്ട്യത്തോടുകൂടി ചെയ്യാൻ ഒരുമ്പെട്ടിരിക്കുന്നത് 'മലയാളമനോരമ'യെപ്പോലെയുള്ള വ്യപദേഷ്ടാക്കന്മാരാൽ ആദരിക്കപ്പെടുമായിരിക്കുമെങ്കിലും, തിരുവിതാംകൂറിലെ പൊതുജനങ്ങളുടെയിടയിൽ സത്കരിക്കപ്പെടുന്നതല്ലെന്നു ഞങ്ങൾക്കു വിശ്വാസമുണ്ട്. സർക്കാരുദ്യോഗസ്ഥന്മാരുടെ ഉദ്യോഗസംബന്ധമായ നടപടികളെ ഞങ്ങൾ പലപ്പോഴും കുറെയേറെ പരുഷസ്വരത്തിലാണെന്നുവരികിലും, പറയാറുണ്ടെന്നിരുന്നാലും അവരിൽ ചിലരുടെ ദുർന്നടത്തകളെ ഞങ്ങൾ സൂചിപ്പിക്കാറുണ്ടെന്നല്ലാതെ, ഈ ദുർന്നടത്തകളിൽ, പ്രസ്താവത്തിൽ മർമ്മഭേദകങ്ങളായി തോന്നുന്നവയെ, വെട്ടിത്തുറന്നു പറയുവാൻ ഞങ്ങൾ ഒരുങ്ങീട്ടില്ലാ. മി. ആചാരിയെ സംബന്ധിച്ചും ഇങ്ങനെതന്നെയാണ് ഞങ്ങൾ ആചരിച്ചിട്ടുള്ളതെങ്കിലും, അദ്ദേഹത്തിന്റെ നടത്ത ഞങ്ങളെ ആ അതിരിൽനിന്നും കവിഞ്ഞുപോവാൻ പലപ്പോഴും പ്രേരിപ്പിക്കാറുമുണ്ട്. മി. ആചാരി സർക്കീട്ടുപോകുന്ന സ്ഥലങ്ങളിൽനിന്ന് അദ്ദേഹത്തിന്റെ നടത്തയെക്കുറിച്ച് വളരെ നിന്ദ്യമായ വർത്തമാനങ്ങളാണ് ഇളകിക്കൊണ്ടിരിക്കുന്നതെന്ന് ഈ നാട്ടിലെ പത്രപ്രവർത്തകന്മാർക്കൊക്കെ അറിവുണ്ടായിരിക്കാനിടയുണ്ട്. വിശേഷിച്ചും, അദ്ദേഹത്തിന്റെ വ്യപദേഷ്ടാവായ 'മലയാളമനോരമ'യുടെ ദേശത്തുള്ളവർ മി. ആചാരിയുടെ ഈ ചപലതയെപ്പറ്റി അത്യുച്ചത്തിൽ അപഹസിച്ചു പലേ കഥകൾ ഞങ്ങളോടുതന്നെ പറഞ്ഞിട്ടുണ്ട്. ഈ അപഹസിക്കപ്പെട്ട ചപലത എന്തായിരിക്കും എന്ന് വായനക്കാർ ചിലർ, പക്ഷേ, മി. ആചാരിയുടെ വ്യപദേഷ്ടാവുകൂടെയും ചോദിക്കുമായിരിക്കാം. അത് ഇവിടെ നടപ്പുള്ള കൈക്കൂലി അല്ലാ; അധികാരപ്രമത്തതയുമല്ലാ; സാധുദ്രോഹവുമല്ലാ; ഈ നാട്ടിൽ ചിലർ ബഹുമാനവൃത്തിയായി ആചരിക്കുന്ന വേശ്യാലമ്പടത്വമാകുന്നു. ഞങ്ങളുടെ പ്രസ്താവം മി. ആചാരിയുടെയും അദ്ദേഹത്തിന്റെ സ്തുതിപാഠകന്മാരുടെയും ഹൃദയത്തിൽ അഗ്ന്യസ്ത്രമെറിഞ്ഞതായി തോന്നിയേക്കാം. ഇത്തരം സത്യപ്രസ്താവങ്ങൾ മർമ്മഭേദകങ്ങളാകയാൽ, അവയെ തടയുവാൻ മി. ആചാരി ഒരു പ്രസ്സാക്‌ടും കൊണ്ടുവന്നേക്കാം. തന്റെ ദുർന്നടത്തകളെയും ദുർന്നയങ്ങളെയുംകുറിച്ചുള്ള അമർഷത്തെ വെളിപ്പെടുത്തുന്ന പത്രങ്ങളെ ഹനിച്ചേക്കാം. ഈ വക പ്രസ്താവങ്ങളെ തർജ്ജമ ചെയ്തു കേൾപ്പിക്കാൻ പ്രത്യേകം ഏർപ്പാടുചെയ്തിരിക്കാം. തുർക്കിയിലെ സുൽത്താൻ ഹമീദിനെപ്പോലെ സ്വതന്ത്രാഭിപ്രായപ്രകടനമാർഗ്ഗങ്ങളെയൊക്കെ നിരോധിച്ചേക്കാം. പക്ഷേ, അല്ലാ, നിശ്ചയമായും 'സ്വദേശാഭിമാനി'യെയും തന്റെ കോപത്തിന്നിരയാക്കിയേക്കാം. ഈ ഫലങ്ങളെ ഞങ്ങൾ നിശ്ശേഷം വകവയ്ക്കുന്നില്ലാ. ഇവയെ ഞങ്ങൾ സസന്തോഷം സത്കരിക്കുന്നു. ഈ അപകടങ്ങളൊക്കെ ഞങ്ങൾക്കു വന്നേക്കുമെന്നു ഭയപ്പെട്ടിട്ടോ, മി. ആചാരിയുടെ സേവയ്ക്കു നിന്നാൽ, കുറെ സ്വകാര്യങ്ങൾ നേടാമെന്നു കരുതീട്ടോ, മി. ആചാരിയുടെ മന്ത്രിസ്ഥാനവ്യഭിചാരത്തെപ്പറ്റി ജനതതിയുടെ രോഷത്തെ പ്രസ്താവിക്കാതെ, മൗനം ഭജിക്കുവാൻ ഞങ്ങൾ വിചാരിക്കുന്നില്ലാ. ഈശ്വരവിരോധിയായ സേറ്റാനോട് അടിമപ്പെട്ടു നില്ക്കുന്നതിനേക്കാൾ, അധർമ്മചാരിയായ അവന്റെ അധർമ്മങ്ങളെ എതിർത്തു നില്ക്കുന്നതിൽ, ക്ഷതിയുണ്ടാവുന്നതാണ് ഉത്തമം. ഇത്തരം ഒരു ക്ഷതിയെ ധൈര്യത്തോടെ അനുഭവിക്കുവാൻ ഞങ്ങൾ തയ്യാറാണ്. പൊതുജനസമുദായത്തിൽ അസന്മാർഗ്ഗബീജങ്ങളെ വ്യാപിപ്പിക്കുന്ന ഒരു മന്ത്രിയുടെ കുചേഷ്ടിതങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്കുള്ള നീരസത്തെ പറവാനല്ലെങ്കിൽ പൊതുജനപ്രതിനിധിസ്ഥാനത്തിൽ ഒരു വർത്തമാനപ്പത്രം ജീവിച്ചിട്ട് യാതൊരു കാര്യവുമില്ലാ. മി. ആചാരിയുടെ സൻമാർഗ്ഗ വ്യഭിചാരപാദങ്ങളെ ലേഖനം ചെയ്യുവാൻ തക്കവണ്ണം മനോനീചന്മാരായവർ അങ്ങനെ ചെയ്തുകൊള്ളട്ടെ. ഞങ്ങൾക്കു മി. ആചാരിയുടെ നടത്തയെപ്പറ്റി അമർഷമുണ്ടെങ്കിൽ, ആ അമർഷം ബഹുജനങ്ങളുടേതും ന്യായവും മാത്രമാകുന്നു. മി. ആചാരിയുടെ നടത്തയെപ്പറ്റി അനേകം അപവാദങ്ങൾ ഈ നഗരത്തിൽതന്നെ അടിക്കടി

"https://ml.wikisource.org/w/index.php?title=താൾ:Ente_naadu_kadathal.pdf/28&oldid=158994" എന്ന താളിൽനിന്ന് ശേഖരിച്ചത്